മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില 110 ഡോളറും കടന്നു കുതിക്കുന്നു;ഈ മാസം തന്നെ 125 വരെ എത്തിയാലും അത്ഭുതം വേണ്ടെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.റഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയുമെന്ന ആശങ്കയില്‍, എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം ഗള്‍ഫ് മേഖലയില്‍നിന്ന് ഏപ്രിലില്‍ കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാജ്യാന്തര തലത്തിലുണ്ടായ വിലവര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 8 രൂപയുടെ അന്തരം ഉള്ളതായി ആഭ്യന്തര റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ റിപ്പോര്‍ട്ട് പറയുന്നു. നവംബറില്‍ കുറച്ച എക്‌സൈസ് നികുതിയുടെ അത്രയും തന്നെ വ്യത്യാസം ഇപ്പോള്‍ ഇന്ധന വിലയില്‍ വന്നിരിക്കുന്നു. നവംബര്‍ നാലിന് പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് നികുതി ഇനത്തില്‍ കുറച്ചത്.
ഇന്ത്യയില്‍ 121 ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. ഇത്രയും നാള്‍ സര്‍ക്കാര്‍ ഇന്ധനവിലയില്‍ കൈവയ്ക്കാതിരിക്കാന്‍ പ്രധാന കാരണം തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രാധാന്യം കൊടുക്കുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍പ്രദേശും പഞ്ചാബും. ഇതിനു പുറമെ, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ജനങ്ങളുടെ മേലുള്ള നികുതി ഭാരം കുറച്ച് വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുമോ എന്നാണ് അറിയാനുള്ളത്. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. ഇതാണ് പിന്നീട് 32.90 രൂപയും 31.80 രൂപയുമായി ഉയര്‍ന്നത്. പെട്രോള്‍ വില 110 രൂപ കടന്നപ്പോള്‍ രാജ്യത്ത് പ്രതിഷേധം ശക്തമായപ്പോഴാണ് കഴിഞ്ഞ നവംബറില്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചത്.
എങ്കിലും 2014ലെ വിലയുമായുള്ള താരതമ്യത്തില്‍ നികുതി മൂന്നിരട്ടിയോളമാണ്. നികുതി കുറച്ച ശേഷവും കേന്ദ്രസര്‍ക്കാരിന് ഏകദേശം 28 രൂപയും സംസ്ഥാന സര്‍ക്കാരിന് ഏകദേശം 25 രൂപയും ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്നുണ്ട്. ഡീസലിന് കേന്ദ്ര നികുതി ഏകദേശം 22 രൂപയും സംസ്ഥാന നികുതി 18 രൂപയുമാണ്.
നിര്‍ദ്ദയം ഒപെക് പ്ലസ്
കഴിഞ്ഞ ദിവസം ഒപെക് പ്ലസ് യോഗത്തില്‍ ക്രൂഡ് ഉല്‍പാദനം നിലവില്‍ കൂട്ടേണ്ടതില്ലെന്ന തീരുമാനം വന്നതോടെയാണ് ക്രൂഡ് വില 119 ഡോളറിലേക്കു കുതിച്ചു കയറിയത്. ഒപെക് പ്ലസ് അംഗങ്ങളായ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന ക്രൂഡ് വിലയില്‍നിന്നു പരമാവധി വരുമാനം നേടാനുള്ള ശ്രമത്തിലാണ്.
ഒന്‍പതു വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം. ഉക്രെയ്ന്‍ പ്രതിസന്ധി തുടരുന്ന പക്ഷം, ക്രൂഡ് വില വൈകാതെ 150 ഡോളറില്‍ എത്തുമെന്ന നിരീക്ഷണവുമുണ്ട്. ഇത് റെക്കോര്‍ഡാവും. റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം കുറയുന്നതോടെ ഏഷ്യയ്ക്കു നല്‍കുന്ന ക്രൂഡ് വില ഏപ്രില്‍ മാസത്തില്‍ കൂട്ടാനുള്ള പദ്ധതികള്‍ ഉല്‍പാദക രാജ്യമായ സൗദി അറേബ്യ ആരംഭിച്ചു കഴിഞ്ഞു. ഈ ആശങ്കകളും വില കുത്തനെ കൂടാന്‍ കാരണമായി. റിഫൈനിങ് സാങ്കേതികവിദ്യയുടെ കയറ്റുമതി അമേരിക്ക നിര്‍ത്തിവച്ചതും റഷ്യയുടെ ക്രൂഡ് വിതരണത്തെ ബാധിച്ചേക്കും.
റഷ്യന്‍ ബാങ്കുകള്‍ക്കു മേല്‍ ഉപരോധം കടുപ്പിച്ചതോടെ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കകളാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്കു കാരണം.റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതിക്ക് രാജ്യാന്തര ഊര്‍ജ ഏജന്‍സി ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും യുഎസ് വ്യാപാരികളും മറ്റും റഷ്യന്‍ ക്രൂഡ് ഒഴിവാക്കിത്തുടങ്ങി. ഉല്‍പാദനം കൂട്ടില്ലെന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കടുംപിടിത്തവും ബ്രെന്റ് ക്രൂഡ് വില ഉയരാനിടയാക്കി. ലോകത്ത് ഉപയോഗിക്കുന്നതില്‍ പകുതിയും ബ്രെന്റ് ക്രൂഡ് ആണ്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 ന് 103 ഡോളറായിരുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയാണ് ഇപ്പോള്‍ 110 നു മുകളിലേക്കു പായുന്നത്.
അടിയന്തരാവശ്യത്തിനുള്ള കരുതല്‍ ശേഖരത്തില്‍ നിന്ന് 600 ലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കാന്‍ രാജ്യാന്തര ഊര്‍ജ ഏജന്‍സിയായ ഐഇഎ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ യു.എസ് ഉള്‍പ്പെടെയുള്ള 31 രാജ്യങ്ങളുടെ കരുതല്‍ നിക്ഷേപം കൊണ്ടും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലുകളാണുള്ളത്. റഷ്യ കയറ്റുമതി ചെയ്യുന്ന ക്രൂഡ് അളവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ ശേഖരം 12 ദിവസത്തേക്കുള്ളതു മാത്രമേ ആകുന്നുള്ളൂ. മാത്രമല്ല ഇതിനു മുന്‍പ് നവംബറില്‍ ക്രൂഡ് വില കൂടിയപ്പോള്‍ ഇന്ത്യ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരം പുറത്തിറക്കിയെങ്കിലും വിപണിയില്‍ അതു വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല.
ഇന്ത്യ അവസാനമായി ഇന്ധനവിലയില്‍ മാറ്റം വരുത്തിയ നവംബറിലെ ശരാശരി ക്രൂഡ് വില ബാരലിന് 81 ഡോളറായിരുന്നു. മാര്‍ച്ചിലെ കണക്കെടുത്താല്‍ 102 ഡോളറും. ആകെ 20 ഡോളറിനടുത്ത് വിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില ഇന്ത്യയില്‍ റെക്കോര്‍ഡ് നിരക്കില്‍ എത്തിയ 2021 ഒക്ടോബര്‍ 26ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 86 ഡോളര്‍ ആയിരുന്നു.
നികുതി കുറച്ചാലും വില അമിതമാകും
ലിറ്ററിന് ഏകദേശം 5.70 രൂപയുടെ നഷ്ടമാണ് ഇന്ധന വില വര്‍ധിപ്പിക്കാത്തതുമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്നതെന്ന് നിരീക്ഷകര്‍ കണക്കുക്കൂട്ടുന്നു. ഇതു നികത്താന്‍ റീട്ടെയില്‍ വിലയില്‍ 9 രൂപയെങ്കിലും എണ്ണ കമ്പനികള്‍ വര്‍ധിപ്പിക്കാനാണു സാധ്യത. എക്‌സൈസ് നികുതി ലിറ്ററിന് ഒരു രൂപയോ മൂന്നു രൂപയോ കുറച്ച്, ഇന്ധന വില കുത്തനെ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു. ഇന്ധനവില കൂടുന്നതോടെയുണ്ടാകുന്ന പണപ്പെരുപ്പം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നതിനാല്‍ ഒറ്റയടിക്ക് വലിയ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ മുതിരില്ലെന്നും അഭിപ്രായമുണ്ട്.
ഇന്ധനവില ദിവസേന പുതുക്കാന്‍ തുടങ്ങിയ 2017 ജൂണ്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി രാജ്യാന്തര തലത്തില്‍ ക്രൂഡ് വില കൂടുമ്പോഴെല്ലാം ഇന്ധന വിലയിലും മാറ്റം വന്നിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി വില മാറ്റമില്ലാതെ നിലനിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് തിരഞ്ഞെടുപ്പാണ്. 2018 മേയില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ക്രൂഡ് വില കൂടിയപ്പോഴും ഇന്ധന വില 19 ദിവസം വര്‍ധിപ്പിക്കാതെ സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ തുടര്‍ച്ചയായ 16 ദിവസവും വില കൂട്ടി നഷ്ടം എണ്ണക്കമ്പനികള്‍ നികത്തി. പെട്രോളിനും ഡീസലിനും വില ലീറ്ററിന് 3 രൂപയാണ് ആ സമയത്ത് വര്‍ധിച്ചത്.
2017 ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് 14 ദിവസമാണ് ഇന്ധന വില മാറ്റമില്ലാതെ തുടര്‍ന്നത്. 2017 ജനുവരി 16 മുതല്‍ ഏപ്രില്‍ 1 വരെ 5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സമയത്തും ഇന്ധനവില മാറ്റമില്ലാതെ നിര്‍ത്തി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്തും മാറ്റമില്ലാതെ നിന്ന ഇന്ധനവില തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഘട്ടംഘട്ടമായി ഉയരുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടന്ന 2020 മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 6 വരെ തുടര്‍ച്ചയായി 82 ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടര്‍ന്നതാണ് ഇതിനു മുന്‍പത്തെ ഏറ്റവും വലിയ കാലദൈര്‍ഘ്യം. ഈ 82 ദിവസത്തെ ആശ്വാസത്തിനു ശേഷം എക്‌സൈസ് നികുതി കൂട്ടിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ജനത്തെ 'സ്‌നേഹിച്ചത്'. ക്രൂഡ് വില ലീറ്ററിനു 15 രൂപയിലും കുറവായിരുന്ന സമയത്ത് കോവിഡ് നഷ്ടത്തിന്റെ കണക്കു പറഞ്ഞ്, വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു നല്‍കാതെ നികുതി കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. 2020 മാര്‍ച്ച് 14നും മേയ് അഞ്ചിനുമായി പെട്രോളിന് 13.32 രൂപയും ഡീസലിന് 15.97 രൂപയും കേന്ദ്ര സര്‍ക്കാര്‍ നികുതിയിനത്തില്‍ വര്‍ധന വരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.