'ബ്രെഡ് ആന്‍ഡ് റോസസ്' സമര സ്മരണ വീണ്ടും; മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനാചരണം

'ബ്രെഡ് ആന്‍ഡ് റോസസ്' സമര സ്മരണ വീണ്ടും; മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനാചരണം

ന്യൂയോര്‍ക്ക്: കൊറോണാ വൈറസിനു പിന്നാലെ റഷ്യയുടെ രാഷ്ട്രീയ അഹന്തയും ലോകത്തെയാകെ ഉലയ്ക്കുമ്പോള്‍ രൂക്ഷമാകുന്ന മാനുഷിക പ്രശ്‌നങ്ങള്‍ക്കിടെ ഐക്യരാഷ്ട്രസഭയൂടെ ആഹ്വാന പ്രകാരമുള്ള അന്താരാഷ്ട്ര വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന്. യു.എസില്‍, സ്ത്രീകളുടെ ചരിത്ര മാസമാണ് (Women's History Month) മാര്‍ച്ച്; അമേരിക്കന്‍ സ്ത്രീകളുടെ നേട്ടങ്ങളെ പ്രത്യേകമായി ആദരിക്കുന്ന വേള.2021-ല്‍ കമലാ ഹാരിസ് ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റത് യു.എസിലെ ആഘോഷത്തിന് അധിക ആവേശം പകരുന്നു.

യന്ത്ര നെയ്ത്തു മില്ലുകളുടെ കേന്ദ്രമായിരുന്ന അമേരിക്കയിലെ ലോറന്‍സില്‍ അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനം വേരു പിടിച്ചു വളരാന്‍ ഇടയാക്കിയ 'ബ്രെഡ് ആന്‍ഡ് റോസസ്' സമരത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് ഐക്യരാഷ്ട്രസഭ അംഗീകരിച്ച വാര്‍ഷിക പരിപാടിയായി രൂപാന്തരം വന്നതാണ് മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനാചരണം. 1908-ല്‍ 15,000 സ്ത്രീകള്‍ ന്യൂയോര്‍ക്കിലൂടെ നടത്തിയ മാര്‍ച്ച് കുറഞ്ഞ ജോലി സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ടായിരുന്നു. ഒരു വര്‍ഷത്തിനുശേഷം, സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് അമേരിക്ക ആദ്യത്തെ ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു.

ഈ വര്‍ഷം, കൊറോണ വൈറസ് കാരണം ആഘോഷങ്ങള്‍ വ്യത്യസ്തമായിരിക്കും. യു.എന്‍ ഉദ്ദേശിക്കുന്നതും ലോകമെമ്പാടും വെര്‍ച്വല്‍ ചടങ്ങുകളാണ്.'സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗസമത്വം' എന്നതാണ് 2022-ലെ പ്രമേയമായി യുഎന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനത്തോട് ലോകമെമ്പാടുമുള്ള സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെപ്പറ്റിയുള്ള ആശയ വിനിമയവും നിര്‍ദ്ദേശിക്കപ്പെടുന്നു. അന്താരാഷ്ട്ര വനിതാ ദിന വെബ്‌സൈറ്റ് #BreakTheBias എന്ന തീം തിരഞ്ഞെടുത്തിട്ടുണ്ട്. 'പക്ഷപാതവും മാമൂല്‍ കുരുക്കുകളും വിവേചനങ്ങളും ഇല്ലാത്ത ഒരു ലോകം' ആണ് അര്‍ത്ഥമാക്കുന്നത്.

'ബ്രെഡ് ആന്‍ഡ് റോസസ്' സമരം

'ബ്രെഡ് ആന്‍ഡ് റോസസ്' സമരം എന്ന പേരില്‍ ആണ് ലോറന്‍സിലെ സമരം പ്രഖ്യാതമായത്. 'ഞങ്ങള്‍ക്ക് ബ്രെഡും റോസാപ്പൂക്കളും വേണം' എന്ന ബാനര്‍ വഹിച്ചുകൊണ്ട് ലോറന്‍സിലെ വനിതാ പ്രക്ഷോഭകര്‍ ജാഥ നടത്തിയതോടെയാണ് ഈ പേരു വന്നത്. 'ബ്രെഡ് ആന്‍ഡ് റോസസ്' എന്ന കവിതയ്ക്ക് പ്രചോദനമായത് ഈ സമരമാണെന്ന് അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് ഓപ്പണ്‍ഹൈം ചൂണ്ടിക്കാട്ടിയിരുന്നു. ഈ കവിതയ്ക്ക് കരോലിന്‍ കോല്‍സാറ്റും പിന്നീട് മിമി ഫരീനയും സംഗീതം നല്‍കി.തുടര്‍ന്നാണ് ഈ പാട്ടും മുദ്രാവാക്യവും ലോകമെമ്പാടുമുള്ള തൊഴിലാളി പ്രസ്ഥാനത്തിന്റെയും സ്ത്രീ പ്രസ്ഥാനത്തിന്റെയും ഭാഗമായത്.


ടെക്‌സ്‌റ്റൈല്‍ മില്ലുകളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും പ്രതിവാര ജോലി സമയം അമ്പത്തിനാല് മണിക്കൂറായി കുറച്ചതിനൊപ്പം വേതനവും വെട്ടിക്കുറച്ചതിനെതിരായി 1912-ല്‍ മസാച്യുസെറ്റ്സിലെ ലോറന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പണിമുടക്കാണ് ലോറന്‍സ് സമരം എന്ന പേരില്‍ ചരിത്രത്തിന്റെ ഭാഗമായത്. സംസ്ഥാന നിയമത്തിന് മറുപടിയായാണ് മില്ലുടമകള്‍ വേതനം താഴ്ത്തിയത്. പണിമുടക്ക് ജനുവരി 11 മുതല്‍ മാര്‍ച്ച് 14 വരെ നീണ്ടുനിന്നു.

അപ്രഖ്യാപിതമായി ശമ്പളം വെട്ടിക്കുറച്ചതായി കണ്ടെത്തിയ ഉടന്‍ തന്നെ ഒരു കൂട്ടം പോളിഷ് സ്ത്രീകള്‍ ജോലി നിര്‍ത്തി ഇറങ്ങിപ്പോയി. തുടര്‍ന്ന് 10,000-ത്തിലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് നടത്തിയ പ്രാരംഭ പണിമുടക്ക് ഏറെക്കുറെ സമാധാനപരമായിരുന്നു. തൊഴിലാളികള്‍ അവരുടെ മുന്‍കാല ശമ്പള നില പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

പ്രധാനമായും ഓസ്ട്രിയ, ബെല്‍ജിയം, ക്യൂബ, കാനഡ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മ്മനി, ഗ്രീസ്, അയര്‍ലന്‍ഡ്, ഇറ്റലി, ലിത്വാനിയ, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റഷ്യ, സ്‌കോട്ട്ലന്‍ഡ്, സ്‌പെയിന്‍, സിറിയ, തുര്‍ക്കി തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ പൊതു പ്രതിഷേധമായി മാറിയ ലോറന്‍സ് ടെക്‌സ്‌റ്റൈല്‍ സമരം നഗരത്തിലുടനീളം മില്ലുകളില്‍ നിന്ന് മില്ലുകളിലേക്ക് വേഗത്തില്‍ വ്യാപിച്ചു.കുടിയേറ്റ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെ എതിര്‍ത്തുപോന്ന യാഥാസ്ഥിതിക ട്രേഡ് യൂണിയനുകളുടെ നീക്കുപോക്കു നിര്‍ദ്ദേശങ്ങള്‍ സമരക്കാര്‍ ധിക്കരിച്ചു.

ആഗോള വ്യവസായ തൊഴിലാളികളുടെ കൂട്ടായ്മയായി ഇതിനിടെ ഉയര്‍ന്നുവന്ന ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സ് ഓഫ് ദ വേള്‍ഡ് എന്ന സംഘടന പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സമരം രൂക്ഷമായി.പണിമുടക്കിന് മുമ്പ് ലോറന്‍സിലെ 30,000 ടെക്സ്റ്റൈല്‍ തൊഴിലാളികളില്‍ ഏകദേശം 1 ശതമാനം മാത്രമേ ഈ സംഘടനയില്‍ അംഗങ്ങളായിരുന്നുള്ളൂ, എന്നാല്‍ സമരം വന്നതോടെ ആയിരക്കണക്കിന് പേര്‍ ചേര്‍ന്നു. പ്രത്യേകിച്ചും പണിമുടക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രസ്ഥാനത്തിന്റെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്തു നിന്ന് സംഘാടകരായ ജോസഫ് എറ്റോര്‍, അര്‍തുറോ ജിയോവാനിറ്റി എന്നിവര്‍ എത്തിയശേഷം.

കമ്പനി ഉടമകള്‍ ചര്‍ച്ചയ്ക്കു വിസമ്മതിക്കുകയും തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് ജഡ്ജിമാരെയും രാഷ്ട്രീയക്കാരെയും പോലീസിനെയും കൂട്ടുപിടിച്ച് സമരം തകര്‍ക്കാന്‍ ഒരുമിക്കുകയും ചെയ്തു. ആദ്യ ആഴ്ചയുടെ അവസാനത്തോടെ, ഏകദേശം 15,000 സമരക്കാര്‍ക്കെതിരെ രംഗത്തിറങ്ങിയത് പന്ത്രണ്ട് കമ്പനി സൈനികര്‍ക്കു പുറമേ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസും ലോറന്‍സ് പോലീസും നൂറു കണക്കിന് കമ്പനി ഗാര്‍ഡുകളുമാണ്. ഇതിനിടെ പോലീസ് കണ്ടെത്തിയ ഡൈനാമിറ്റ് തൊഴിലാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മില്ലുടമകള്‍ സ്ഥാപിച്ചതാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു.

ചൂഷകര്‍ കൈകോര്‍ത്തു

അക്രമ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജനുവരി 29 ന് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇറ്റാലിയന്‍ വംശജയായ അന്ന ലോ പിസോ വെടിയേറ്റ് മരിച്ചു.ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സ് ഓഫ് ദ വേള്‍ഡ് നേതാക്കളായ ജോസഫ് എറ്റോര്‍, അര്‍തുറോ ജിയോവാനിറ്റി എന്നിവര്‍ക്കു മേല്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടു. ലോ പിസോ കൊല്ലപ്പെടുമ്പോള്‍ അവര്‍ മറ്റൊരിടത്തായിരുന്നുവെന്ന് തൊഴിലാളികള്‍ തെളിയിച്ചിട്ടും അധികൃതര്‍ ഇരു നേതാക്കളെയും കുരുക്കിലാക്കി.

പണിമുടക്കു വന്ന ശേഷം പട്ടിണിയിലായ കുടുംബങ്ങളുടെ ബുദ്ധിമുട്ടു ലഘൂകരിക്കാന്‍ നിരവധി തൊഴിലാളികള്‍ തങ്ങളുടെ കുട്ടികളെ മറ്റ് സംസ്ഥാനങ്ങളിലെ ബന്ധുക്കളുടെയും പിന്തുണക്കാരുടെയും അടുത്തേക്ക് അയയ്ക്കാന്‍ തുടങ്ങിയത് കുട്ടികളെക്കൊണ്ട് അമിതമായി ജോലിയെടുപ്പിച്ചിരുന്ന കമ്പനി ഉടമകള്‍ക്കു സഹിച്ചില്ല. ആദ്യത്തെ 119 കുട്ടികളുടെ സംഘം ഫെബ്രുവരി 10 ന് ട്രെയിന്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടു. തുടര്‍ന്ന് ഫെബ്രുവരി 17 ന് 138 കുട്ടികള്‍ കൂടി പോയതോടെ തിരിച്ചടിക്കാന്‍ കമ്പനികള്‍ അവരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചു.

സമരക്കാരുടെ കുട്ടികള്‍ ലോറന്‍സ് വിട്ടുപോകുന്നത് തടയാനുള്ള ഉത്തരവോടെ ഫെബ്രുവരി 24-ന് സിറ്റി പോലീസ് റെയില്‍വേ സ്റ്റേഷന്‍ പിടിച്ചെടുത്തു. തുടര്‍ന്ന് 40 കുട്ടികളോടൊപ്പമെത്തിയ മുതിര്‍ന്നവര്‍ സമാധാനപരമായി യാത്ര ചെയ്യാനുള്ള തങ്ങളുടെ അവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. മുതിര്‍ന്നവരെയും കുട്ടികളെയും ലാത്തി കൊണ്ടടിച്ച് പോലീസ് പ്രതികരിച്ചു. ഈ ക്രൂരത ദേശ വ്യാപകമായ ജനരോഷത്തിന് ഇടയാക്കി.

പോലീസ് അതിക്രമം സംബന്ധിച്ച മസാച്ചുസെറ്റ്‌സ് നിയമസഭയും കോണ്‍ഗ്രസും അന്വേഷണം ആരംഭിച്ചു.അതോടെ രാഷ്ട്രീയ സഖ്യകക്ഷികള്‍ മില്ലുടമകളെ കൈവിട്ടു.മില്ലുകളിലെ തൊഴിലാളി വിരുദ്ധ നടപടികള്‍ അന്വേഷണത്തില്‍ പുറത്തുവന്നു.അപര്യാപ്തമായ വേതനത്തിനു പുറമേ ആരോഗ്യത്തിനു ഹാനികരമായ സാഹചര്യങ്ങളും അനാവൃതമായി. ഒടുവില്‍ ചര്‍ച്ചകള്‍ക്കു മില്ലുടമകള്‍ വഴങ്ങി. മാര്‍ച്ച് 12 ആയപ്പോഴേക്കും ഉടമകള്‍ വേതനത്തില്‍ കാര്യമായ പുരോഗതി വാഗ്ദാനം ചെയ്തു. ഓവര്‍ടൈം വേതനത്തിനും സമ്മതിച്ചു. സമരക്കാര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും അറിയിച്ചു. മാര്‍ച്ച് 14 ന് നടന്ന ബഹുജന യോഗത്തില്‍ തൊഴിലാളികള്‍ ഈ ഓഫര്‍ അംഗീകരിക്കുകയും അടുത്ത ദിവസം ജോലിയിലേക്ക് മടങ്ങുകയും ചെയ്തു.

ലോറന്‍സ് സമരത്തിന്റെ വിജയം പല രാജ്യങ്ങളിലും മില്ലുകളിലെ തൊഴിലാളികളുടെ വേതന വര്‍ദ്ധനവിന് സഹായിച്ചു. എന്നിട്ടും സമരാഗ്നി അണഞ്ഞില്ല. കാരണം ജോസഫ് എറ്റോറും അര്‍തുറോ ജിയോവാനിറ്റിയും അപ്പോഴും കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായിരുന്നു. സെപ്തംബര്‍ 30-ന് കേസിന്റെ വിചാരണ ആരംഭിച്ചപ്പോള്‍, 15,000 ലോറന്‍സ് തൊഴിലാളികള്‍ ഏകദിന പണിമുടക്ക് നടത്തി. ഒക്ടോബര്‍ 14 മുതല്‍ മസാച്യുസെറ്റ്സിലെ സേലത്തില്‍ അമ്പത്തിയെട്ട് ദിവസം വിചാരണ നടന്നു. തെറ്റായ തെളിവുകളും സംശയാസ്പദമായ സാക്ഷി മൊഴികളും മൂലം പ്രതികള്‍ കുറ്റക്കാരല്ലെന്ന് നവംബര്‍ 26 ന് ജൂറി വിധിച്ചു. പത്ത് മാസത്തിലധികം നീണ്ട ജയില്‍വാസത്തിന് ശേഷം, എറ്റോറും ജിയോവാനിറ്റിയും മോചിതരായതോടെ ലോറന്‍സ് സമരത്തിനു പൂര്‍ണ്ണ വിരാമമായി.

ക്ലാര സെറ്റ്കിന്‍

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിച്ചുപോന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തക ക്ലാര സെറ്റ്കിന്‍ ആണ് സ്ത്രീകളുടെ അന്താരാഷ്ട്ര ദിനത്തിനായി ആദ്യം നിര്‍ദ്ദേശിച്ചത്. 1910-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് വര്‍ക്കിംഗ് വിമന്‍സില്‍ അവര്‍ തന്റെ ആശയം അവതരിപ്പിച്ചു. 17 രാജ്യങ്ങളില്‍ നിന്നുള്ള 100 സ്ത്രീകള്‍ അത് ഏകകണ്ഠമായി അംഗീകരിച്ചു.1911-ല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാദിനം ആചരിച്ചത്. 2011-ല്‍ ശതാബ്ദി ആഘോഷിച്ചു. ഈ വര്‍ഷം സാങ്കേതികമായി 111-ാമത് ആഘോഷമാണ്.


ഐക്യരാഷ്ട്രസഭ 1975ല്‍ അന്താരാഷ്ട്ര വനിതാദിനം ദിനം ആചരിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ ഔദ്യോഗികമായത്. 1996 ല്‍ ആണ് 'തീം' സ്വീകരിച്ചുതുടങ്ങിയത്.'ഭൂതകാലത്തെ ആഘോഷിക്കുക, ഭാവി ആസൂത്രണം ചെയ്യുക' എന്നതായിരുന്നു ആദ്യത്തെ തീം. പ്രത്യേകമായി രാഷ്ട്രീയത്തിലും സാമ്പദ് വ്യവസ്ഥയിലും സ്ത്രീകള്‍ എത്രത്തോളം മുന്നേറി എന്ന് വിലയിരുത്താനുള്ള ദിനമായി മാറിയിരിക്കുന്നു അന്താരാഷ്ട്ര വനിതാ ദിനം; അസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും.

അന്താരാഷ്ട്ര വനിതാ ദിനത്തിനായി ക്ലാര സെറ്റ്കിന്‍ മുന്നോട്ടുവച്ച ആശയത്തിന് ഒരു നിശ്ചിത തീയതി ഉണ്ടായിരുന്നില്ല. 1917-ല്‍ റഷ്യന്‍ സ്ത്രീകള്‍ 'അപ്പവും സമാധാനവും' ആവശ്യപ്പെടുന്ന യുദ്ധകാല പണിമുടക്ക് നടത്തിയ ശേഷമാണ് തീയതി ഔപചാരികമായത്. പണിമുടക്കു തുടങ്ങി നാല് ദിവസത്തിന് ശേഷം, ചക്രവര്‍ത്തി സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായ്, താല്‍ക്കാലിക സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുകയും ചെയ്തു. അതേത്തുടര്‍ന്നാണ് മാര്‍ച്ച് 8 ന് ആരംഭിച്ച സമരത്തിന്റെ സ്മരണയില്‍ അന്താരാഷ്ട്ര വനിതാ ദിനം അന്നായത്.

മാര്‍ച്ച് 8 ന് മുമ്പും പിമ്പുമായി കുറച്ചു ദിവസങ്ങളില്‍ പൂക്കളുടെ വില്‍പ്പന ഇരട്ടിയാകുന്ന റഷ്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും അന്താരാഷ്ട്ര വനിതാ ദിനം ദേശീയ അവധിയാണ്. ചൈനയില്‍, സ്റ്റേറ്റ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ച പ്രകാരം മാര്‍ച്ച് 8 ന് സ്ത്രീകള്‍ക്ക് പകുതി ദിവസത്തെ വേതന അവധി നല്‍കി വരുന്നു. ഇറ്റലിയില്‍, 'ലാ ഫെസ്റ്റ ഡെല്ല ഡോണ' എന്ന അന്താരാഷ്ട്ര വനിതാ ദിനം മിമോസ പൂക്കള്‍ പരസ്പരം നല്‍കി ആഘോഷിക്കുന്നു. ഈ പാരമ്പര്യത്തിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം റോമില്‍ ഇത് ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നു.

നിര്‍വീര്യമല്ല 'മീ - ടൂ'

കഴിഞ്ഞ ഒരു വര്‍ഷമായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള ആഗോള പോരാട്ടത്തില്‍ നിര്‍ണ്ണായകമാകേണ്ട സുപ്രധാന സംഭവങ്ങള്‍ തങ്ങള്‍ കണ്ടതായി വനിതാ പ്രസ്ഥാന നേതാക്കള്‍ പറയുന്നു. ഓഗസ്റ്റിലെ താലിബാന്റെ പുനരുജ്ജീവനം ദശലക്ഷക്കണക്കിന് അഫ്ഗാന്‍ സ്ത്രീകളുടെ ജീവിതത്തെ മാറ്റിമറിച്ചു.പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം ലഭിക്കുന്നത് നിരോധിച്ചു, രാജ്യത്തെ വനിതാകാര്യ മന്ത്രാലയം പിരിച്ചുവിട്ടു, നിരവധി സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി.


വനിതാ ആക്ടിവിസ്റ്റായിരുന്ന സാറാ എവറാര്‍ഡിനെ യു.കെയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊലപ്പെടുത്തിയത് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തി.കൊറോണ വൈറസ് വ്യാപനം സ്ത്രീകളുടെ അവകാശങ്ങളിലും സ്വാധീനം ചെലുത്തുന്നതായി 13 രാജ്യങ്ങളെ അടിസ്ഥാനമാക്കി യുഎന്‍ വിമന്‍ നടത്തിയ 2021 ലെ ഒരു പഠനം വ്യക്തമാക്കുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2021 അനുസരിച്ച്, ആഗോള ലിംഗ വ്യത്യാസം നികത്താന്‍ ആവശ്യമായ സമയം 99.5 വര്‍ഷത്തില്‍ നിന്ന് 135.6 വര്‍ഷമായി വര്‍ദ്ധിച്ചു.അതേസമയം, 2020-ല്‍ സുഡാന്‍ സ്ത്രീ ജനനേന്ദ്രിയ ഛേദം ക്രിമിനല്‍ കുറ്റമാക്കി.ഗര്‍ഭം അലസല്‍, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് (അവരുടെ പങ്കാളികള്‍ക്കും) ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു ന്യൂസിലാന്‍ഡ്.

ഇതിനിടെയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്ത്രീകളുടെ നേതൃത്വ അവരോഹണ രംഗത്ത് പുരോഗതി ദൃശ്യം. കമലാ ഹാരിസ് 2021-ല്‍ യുഎസ് വൈസ് പ്രസിഡന്റുമായത് നിര്‍ണ്ണായകമായി.അതേ വര്‍ഷം തന്നെ, ടാന്‍സാനിയയുടെ ആദ്യ വനിതാ പ്രസിഡന്റായി സാമിയ സുലുഹു ഹസ്സന്‍ സത്യപ്രതിജ്ഞ ചെയ്തു. എസ്റ്റോണിയ, സ്വീഡന്‍, സമോവ, ടുണീഷ്യ എന്നിവയ്ക്ക് ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രധാനമന്ത്രിമാരെ ലഭിച്ചു. 2022 ജനുവരിയില്‍, ഹോണ്ടുറാസിന്റെ ആദ്യ വനിതാ പ്രസിഡന്റായി സിയോമാര കാസ്‌ട്രോ സത്യപ്രതിജ്ഞ ചെയ്തു.

പീഡനത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും അനുഭവങ്ങള്‍ക്കെതിരെ തുടക്കമിട്ട #MeToo പ്രചാരണത്തിന്റെ ആഘാതം ശ്രദ്ധേയമായി. ഇത് 2017 ല്‍ ആരംഭിച്ചെങ്കിലും ഇപ്പോള്‍ ഒരു ആഗോള പ്രതിഭാസമാണ്. 2022 ജനുവരിയില്‍, മൊറോക്കോയിലെ ഒരു യൂണിവേഴ്‌സിറ്റി ലക്ചറര്‍ക്ക് മോശം പെരുമാറ്റം, ലൈംഗിക പീഡനം, അക്രമം എന്നിവയ്ക്ക് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. നല്ല ഗ്രേഡുകള്‍ നല്‍കാന്‍ ലൈംഗിക ആനുകൂല്യങ്ങള്‍ക്കായി അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മൗനം വെടിഞ്ഞു. അത്തരം അഴിമതികളുടെ ഒരു നിര തന്നെ സമീപ വര്‍ഷങ്ങളില്‍ മൊറോക്കന്‍ സര്‍വ്വകലാശാലകളുടെ പ്രശസ്തിക്ക് കളങ്കം വരുത്തി.

കഴിഞ്ഞ വര്‍ഷം പല രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്ര നിയമവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ കണ്ടു. 2022 ഫെബ്രുവരിയില്‍, കൊളംബിയ ഗര്‍ഭത്തിന്റെ ആദ്യ 24 ആഴ്ചകള്‍ക്കുള്ളിലെ ഗര്‍ഭഛിദ്രവും കുറ്റകരമല്ലാതാക്കിയപ്പോള്‍ യു.എസിലെ ചില സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ പരിമിതപ്പെടുത്തി.ആറാഴ്ച മുതല്‍ ഈ നടപടി നിരോധിച്ചു ടെക്‌സസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.