എക്‌സിറ്റ്‌പോള്‍: യുപിയിലും മണിപ്പൂരിലും തുടര്‍ഭരണം, പഞ്ചാബ് ആംആദ്മിക്ക്; ഗോവയില്‍ കോണ്‍ഗ്രസ്, ഉത്തരാഖണ്ഡില്‍ സസ്‌പെന്‍സ്

എക്‌സിറ്റ്‌പോള്‍: യുപിയിലും മണിപ്പൂരിലും തുടര്‍ഭരണം, പഞ്ചാബ് ആംആദ്മിക്ക്; ഗോവയില്‍ കോണ്‍ഗ്രസ്, ഉത്തരാഖണ്ഡില്‍ സസ്‌പെന്‍സ്

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ദേശീയ വാര്‍ത്ത ചാനലുകള്‍ നടത്തിയ എക്‌സിറ്റ് പോളുകള്‍ പുറത്തു വന്നു. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ വന്‍ കുതിപ്പാണ് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് രണ്ടാമൂഴമെന്ന് എല്ലാ എക്‌സിറ്റ് പോളുകള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമായി രംഗത്തുണ്ടായിട്ടും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ആറോളം എക്‌സിറ്റ് പോളുകള്‍ വിരല്‍ചൂണ്ടുന്നത്. വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ പ്രവചനം:

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് രണ്ടാം ഊഴം?

എക്‌സിറ്റ് പോളുകളില്‍ ഏറ്റവും കൂടുതല്‍ കൃത്യതയുള്ള ഇന്ത്യന്‍ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേ യുപിയില്‍ ബിജെപി പ്രവചിച്ചിരിക്കുന്നത് 288 മുതല്‍ 326 സീറ്റുകളാണ്. വലിയ വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതിയ സമാജ് വാദി പാര്‍ട്ടിയുടെ നേട്ടം കേവലം 70-101 സീറ്റില്‍ ഒതുങ്ങുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് മൂന്നു സീറ്റുമായി ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തുമ്പോള്‍ മായാവതിയുടെ ബിഎസ്പിക്കും കാര്യമായൊന്നും ചെയ്യാനില്ലെന്ന് എക്‌സിറ്റ് പോള്‍ പറയുന്നു. ടൈംസ് നൗ അടക്കമുള്ള എല്ലാ എക്‌സിറ്റ് പോളുകളും യുപിയില്‍ യോഗി ആദിത്യനാഥിന്റെ രണ്ടാംവരവാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വേകളെല്ലാം 403 അംഗ സഭയില്‍ ബിജപി 200-235 ഇടയില്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു.

പഞ്ചാബില്‍ എഎപിക്ക് സാധ്യത

ഏവരും ആകാംക്ഷയോടെ കാത്തിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടിയാണ് മിക്ക സര്‍വേകളും പ്രവചിക്കുന്നത്. എഎപി വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ അഭിപ്രായ സര്‍വേ ഫലം പറയുന്നു. ആകെയുള്ള 117 സീറ്റുകളില്‍ എഎപി 76 മുതല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് അഭിപ്രായ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. അധികാരത്തിലുള്ള കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങും. ഒരുകാലത്ത് പഞ്ചാബ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന അകാലിദള്‍ ഏഴു മുതല്‍ 11 സീറ്റുകള്‍ നേടി മൂന്നാമതാകും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു. ടൈംസ് നൗ പഞ്ചാബില്‍ എഎപിക്ക് പ്രവചിച്ചിരിക്കുന്നത് 70 സീറ്റാണ്. കോണ്‍ഗ്രസ് 22ല്‍ ഒതുങ്ങും. ഒരൊറ്റ സര്‍വേ പോലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പറയുന്നില്ല. ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും എക്‌സിറ്റ് പോളിലേതുപോലെ പഞ്ചാബില്‍ സംഭവിച്ചാല്‍ നടക്കുക. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഎപി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചുവടുറപ്പിക്കുന്നുവെന്ന ചിത്രവും പഞ്ചാബ് മുന്നോട്ടുവയ്ക്കുന്നു.

ഗോവയില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നേക്കും

കോണ്‍ഗ്രസിന് ആശ്വാസം പകരുന്ന സൂചനകളാണ് ഗോവ നല്‍കുന്നത്. ഗോവയില്‍ ബിജെപി 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 13 മുതല്‍ 17 വരെ സീറ്റുകള്‍ നേടി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവയ്ക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റമാകും ഇവിടെ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം നേടുന്നതില്‍ നിന്ന് തടയുകയെന്ന് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നു. തൃണമൂണലിന് ആറു സീറ്റ് വരെ കിട്ടാമെന്ന് ആറോളം ഏജന്‍സികള്‍ പ്രവചിക്കുന്നു. വളരെ പ്രതീക്ഷയോടെയെത്തിയ ആം ആദ്മി പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല. രണ്ടു മുതല്‍ ആറു സീറ്റ് വരെ എഎപി നേടിയേക്കുമെന്നും സര്‍വേ പറയുന്നു.

ഉത്തരാഖണ്ഡില്‍ സസ്‌പെന്‍സ്

ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്ന് സീ ന്യൂസ് പറയുന്നു. ആകെയുള്ള 70ല്‍ കോണ്‍ഗ്രസിന് 35-40 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ബിജെപിക്ക് 26-30 സീറ്റില്‍ ഒതുങ്ങേണ്ടിവരുമെന്ന് സീന്യൂസ് പ്രവചിക്കുന്നു. ജന്‍കി ബാത്തിന്റെ ഫലങ്ങള്‍ കടുത്ത മത്സരമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് 27-35, ബിജെപി 32-41 ആണ് അവരുടെ പ്രവചനം. ടൈംസ് നൗ ബിജെപിക്ക് 37 നല്കുമ്പോള്‍ കോണ്‍ഗ്രസിന് 31 ലഭിക്കുമെന്ന് പ്രവചിക്കുന്നു. എബിപി സീവോട്ടര്‍ തൂക്കുസഭയാകും ഉത്തരാഖണ്ഡില്‍ വരുകയെന്ന് പ്രവചിക്കുന്നു.

മണിപ്പൂരില്‍ ബിജെപി തുടരുമെന്ന് പ്രവചനം

മണിപ്പൂരില്‍ എല്ലാ സര്‍വേകളും തന്നെ ബിജെപി സര്‍ക്കാര്‍ തുടരുമെന്നാണ് വിലയിരുത്തുന്നത്. എന്‍. ബീരേന്‍ സിംഗ് സര്‍ക്കാരിന് 60 സഭയില്‍ 40 സീറ്റുവരെ ഇന്ത്യ ടുഡേ പ്രവചിക്കുന്നു. ടൈംസ് നൗ ഉള്‍പ്പെടെ മറ്റ് സര്‍വേകളിലും ബിജെപിക്ക് തന്നെയാണ് ആധിപത്യം പ്രവചിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനമുണ്ടാക്കുന്നതാകും മാര്‍ച്ച് പത്തിലെ തെരഞ്ഞെടുപ്പ് ഫലം. അനുകൂല ഫലങ്ങള്‍ വന്നില്ലെങ്കില്‍ കോണ്‍ഗ്രസിനൊപ്പം കൂട്ടുകൂടാന്‍ പ്രാദേശിക പാര്‍ട്ടികള്‍ മടിക്കും. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അമരത്തേക്കുള്ള തിരിച്ചുവരവും ഒരുപക്ഷേ വൈകിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.