അമ്പത്തിമൂന്നാം മാർപാപ്പ വി. ജോണ്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-54)

അമ്പത്തിമൂന്നാം മാർപാപ്പ വി. ജോണ്‍ ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-54)

ബൈസന്റിയം സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റിന്‍ ചക്രവര്‍ത്തി ഏ.ഡി. ആഗസ്റ്റ് 13-ാം തീയതി ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തിരുസഭയുടെ അമ്പപത്തി മൂന്നാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ആര്യനിസം എന്ന പാഷണ്ഡതയ്‌ക്കെതിരെയും ആര്യന്‍ പാഷണ്ഡികള്‍ക്കെതിരായും പുറപ്പെടുവിച്ച പല നിയമങ്ങളും പുനരുദ്ധരിച്ചു. അതോടൊപ്പം തന്നെ ആര്യന്‍ പക്ഷക്കാരുടെ ദേവാലയങ്ങള്‍ പിടിച്ചെടുക്കുകയും പൊതു ഉദ്യോഗങ്ങളില്‍നിന്ന് അവരെ പുറത്താക്കുകയും ചെയ്തു. തങ്ങളുടെ ഉദ്യോഗങ്ങളില്‍ തുടരുവാനും അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥാനങ്ങളും പദവികളും നിലനിര്‍ത്തുവാനുമായി തങ്ങളുടെ ആര്യന്‍ പാഷണ്ഡതയിലുള്ള വിശ്വാസത്തെ തള്ളിപറഞ്ഞുകൊണ്ട് കത്തോലിക്ക വിശ്വാസം സ്വീകരക്കണമെന്നും ചക്രവര്‍ത്തി നിഷ്‌കര്‍ഷിച്ചു.

ആര്യന്‍ പാഷണ്ഡതയില്‍ വിശ്വസിച്ചിരുന്നവരില്‍ ഭൂരിഭാഗം ആളുകളും ഗോഥിക് ഗോത്രവംശജരായിരുന്നു. അതിനാല്‍ ആര്യന്‍ പാഷണ്ഡികള്‍ക്കെതിരായ ജെസ്റ്റിന്‍ ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനങ്ങള്‍ ഇറ്റലിയുടെ രാജാവും ഗോഥിക് ഗോത്രവംശജനും ആര്യന്‍ വിശ്വാസിയുമായിരുന്ന തെയോഡോറിക്കിനെ പ്രകോപിപ്പിച്ചു. പ്രകോപിതനായ തെയോഡോറിക് രാജാവ് ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ റവേന്നയിലെ തന്റെ വസതിയിലേക്ക് വിളിപ്പിക്കുകയും കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മെത്രാന്മാരുടെയും റോമന്‍ സെനറ്റര്‍മാരുടെയും പ്രതിനിധികളോടൊപ്പം തന്റെ ദൗത്യവുമായി പോകുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ആര്യനിസത്തില്‍ വിശ്വസിച്ചരുന്നവര്‍ക്ക് എതിരായി ജെസ്റ്റിന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ച രാജശാസനങ്ങളും ആര്യന്‍ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസം ത്യജിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കണമെന്നുമുള്ള ആജ്ഞയും പിന്‍വലിക്കണമെന്നുള്ള ഉപാധികള്‍ ചക്രവര്‍ത്തിയുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു മാര്‍പ്പാപ്പയ്ക്ക് നല്‍കപ്പെട്ട ദൗത്യം. മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട വേളയില്‍തന്നെ വയോധികനും രോഗബാധിതനുമായിരുന്ന ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പ തെയോഡോറിക്ക് രാജാവിന്റെ സമ്മര്‍ദ്ധമൂലം കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് പുറപ്പെട്ടു. അങ്ങനെ ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പ പൗരസ്ത്യദേശം (കോണ്‍സ്റ്റാന്റനോപ്പിള്‍) സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പ്പാപ്പയായി ചരിത്രത്തില്‍ ഇടം നേടി.

കോണ്‍സ്റ്റാന്റിനോപ്പിളിലെ ജോണ്‍ മാര്‍പ്പാപ്പയുടെ ദൗത്യം ലജ്ജാകരമായിരുന്നുവെങ്കിലും അസമാന്യവും ഊഷ്മളമായ സ്വീകരിണമായിരുന്നു ഏ.ഡി. 525 ആം വർഷം ഒക്ടോബറിലോ നവംബറിലോ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ലഭിച്ചത്. വി. പത്രോസ് നേരിട്ട് തന്റെ രാജസദസ്സില്‍ വന്നെന്നതുപ്പോലെ ജെസ്റ്റിന്‍ ചക്രവര്‍ത്തി ജോണ്‍ മാര്‍പ്പാപ്പയുടെ മുമ്പില്‍ സാഷ്ടാഗം പ്രണമിച്ചു. ഏതാനും മാസങ്ങള്‍ക്കുശേഷം ഹാഗിയ സോഫിയ കത്തീഡ്രലില്‍വെച്ച് (ഇന്ന് ഈ ചരിത്ര ബസിലിക്ക തുർക്കിയിലാണ് എന്നത് ഓർക്കുമല്ലോ) ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ പാത്രിയാര്‍ക്കീസിന്റെ സിംഹാസനത്തിനെക്കാള്‍ ഉയര്‍ന്ന സിംഹാസനം നല്‍കുകയും ചെയ്തു. അദ്ദേഹം ഈസ്റ്റര്‍ ദിനത്തില്‍ ലത്തീന്‍ റീത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സാധാരണയായി കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസ് ഈസ്റ്റര്‍ ദിനത്തില്‍ ചക്രിവര്‍ത്തിയെ ധരിപ്പിക്കുന്ന കിരീടം അന്നേ ദിനത്തില്‍ മാര്‍പ്പാപ്പ ചക്രവര്‍ത്തിയെ ധരിപ്പിച്ചു.

ജോണ്‍ മാര്‍പ്പാപ്പയുടെ ചക്രവര്‍ത്തിയുമായുള്ള തുടര്‍ന്നുള്ള ചര്‍ച്ചകളില്‍, ജെസ്റ്റിന്‍ ചക്രവര്‍ത്തി തെയോഡൊറിക്ക് രാജാവിന്റെ രണ്ടു ഉപാധികള്‍ സമ്മതിച്ചു. എന്നാല്‍, ആര്യന്‍ പാഷണ്ഡികള്‍ തങ്ങളുടെ ആര്യന്‍ വിശ്വാസം ഉപേഷിക്കണ്ടതിന്റെ ആവശ്യമില്ലയെന്ന തെയോഡൊറിക്കിന്റെ ഉപാധി അംഗീകരിക്കുവാന്‍ ചക്രവര്‍ത്തി വിസ്സമ്മതിച്ചു. തങ്ങള്‍ക്ക് ചക്രവര്‍ത്തിയുടെ പക്കല്‍നിന്ന് ഇതില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീഷിക്കേണ്ടതില്ലയെന്ന് മനസ്സിലാക്കിയ മാര്‍പ്പാപ്പയും മറ്റു മെത്രാന്മാരും റെവേന്നയിലേക്ക് മടങ്ങി.

എന്നാല്‍ റവേന്നയില്‍ മടങ്ങിയെത്തിയ അദ്ദേഹത്തിന് തെയോഡൊറിക്കിന്റെ ഉഗ്രകോപം അഭിമുഖീകരിക്കേണ്ടിവന്നു. ആര്യന്‍ പാഷണ്ഡികള്‍ തങ്ങളുടെ വിശ്വാസം ഉപേഷിക്കേണ്ടതില്ലയെന്ന തന്റെ ഉപാധി അംഗീകരിക്കുവാന്‍ ചക്രവര്‍ത്തി തയ്യാറാകാതിരുന്നതിനാല്‍ തെയോഡൊറിക്ക് രാജാവ് ചക്രവര്‍ത്തിയോടുള്ള ഉഗ്രകോപത്താല്‍ ജ്വലിക്കുകയും ജോണ്‍ മാര്‍പ്പാപ്പയ്ക്ക് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ലഭിച്ച ഊഷ്മള സ്വകരിണത്തെ അംഗീകരിക്കുവാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തു.

തന്നോടുള്ള കൂറില്‍ സംശയം തോന്നിയ രാജാവ് ജോണ്‍ മാര്‍പ്പാപ്പയോട് റവേന്നയില്‍തന്നെ താന്‍ പറയുന്നതുവരെ താമസിക്കുവാന്‍ നിര്‍ബന്ധിച്ചു. കഠിനവും സൂദീര്‍ഘവുമായ യാത്രയാലും വാര്‍ദ്ധക്യത്താലും ക്ഷീണിതനായിരുന്ന ജോണ്‍ മാര്‍പ്പാപ്പ തെയോഡോറിക്ക് രാജാവിനാല്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയനാക്കപ്പെടുമെന്ന് മനസ്സിലാക്കിയപ്പോള്‍ കുഴഞ്ഞു വീഴുകയും അപ്പോള്‍ തന്നെ ഇഹലോകവാസം വെടിയുകയും ചെയ്തു.

അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് ഏ.ഡി. 526 മെയ് 18-ാം തീയതിയാണ്. ക്രൂരവും നിര്‍ദാക്ഷണ്യപരവുമായ പെരുമാറ്റവും പട്ടിണിയുമാണ് ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ആകസ്മിക മരണത്തിന് കാരണമെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. മാര്‍പ്പാപ്പയുടെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ മെത്രാന്മാരും വിശ്വാസികളും അദ്ദേഹത്തിന്റെ ഭൗതീകശരീരം റോമിലേക്ക് തിരികെ കൊണ്ടുവരികയും വി. പത്രോസിന്റെ ബസിലിക്കയുടെ മധ്യഭാഗത്ത് സംസ്‌കരിച്ചു. അധികം വൈകാതെ ജോണ്‍ ഒന്നാമന്‍ മാര്‍പ്പാപ്പയെ സഭയില്‍ രക്തസാക്ഷിയായി വണങ്ങുവാന്‍ ആരംഭിച്ചു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ക്രിസ്തുവിന്റെ ബലിയാട് എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.


മുൻ ലക്കം വായിക്കുവാൻ ഇവിടെ അമർത്തുക 

എല്ലാ മാർപാപ്പമാരെയും പറ്റിയുള്ള ലക്കങ്ങൾ കാണുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26