തിരുസഭയുടെ ആകാശത്ത് ഇരുള്‍മൂടിയിരുന്ന അശാന്തിയുടെയും അനൈക്യത്തിന്റെയും കാര്‍മേഘങ്ങള്‍ക്കിടയിലൂടെ ശാന്തിയുടെ വെള്ളി-വെളിച്ചവുമായി കടന്നുവന്ന മാര്‍പ്പാപ്പയായിരുന്നു ഏ.ഡി. 514 ജൂലൈ 20-ാം തീയതി തിരഞ്ഞെടുക്കപ്പെട്ട വി. ഹോര്‍മിസ്ദസ് മാര്‍പ്പാപ്പ. തന്റെ പുരോഹിതാഭിഷേകത്തിനു മുമ്പുതന്നെ വിവാഹിതനായിരുന്ന ഹോര്‍മിസ്ദസ് മാര്‍പ്പാപ്പയുടെ മകനായിരുന്നു പില്‍ക്കാലത്ത് മാര്‍പ്പാപ്പയായി അഭിഷിക്തനായ സില്‍വേരിയസ് മാര്‍പ്പാപ്പ.
സമ്പന്നമായ കുലീനകുടുംബത്തില്‍ ജനിച്ച ഹോര്‍മിസ്ദസ് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ തിരുസഭയില്‍ സമാധാനം സംജാതമാക്കുവാനുള്ള പ്രവര്‍ത്തികളില്‍ ഏല്‍പ്പെട്ടു. ഏതൊരു പ്രവര്‍ത്തിയും സ്വന്തം വീട്ടില്‍നിന്നു ആരംഭിക്കണമെന്ന തത്വത്തെ അനുസ്മരിപ്പിക്കുമാറ് മാര്‍പ്പാപ്പ സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ആരംഭമെന്നോണം എതിര്‍ മാര്‍പ്പാപ്പയായിരുന്ന ലോറന്‍സിന്റെ അനുയായികളുമായി പുനരൈക്യപ്പെട്ടു. പിന്നീട് തിരുസഭയെ മുഴുവന്‍ പിടിച്ചുലച്ച അക്കാസിയന്‍ ശീശ്മയ്ക്ക് അറുതി വരുത്തുന്നതിന് അദ്ദേഹം തീഷ്ണമായി പരിശ്രമിച്ചു.
അക്കാസിയന്‍ ശീശ്മയ്ക്കു കാരണമായ ദൈവശാസ്ത്രപരമായ വിവാദങ്ങള്‍ പരിഹരിക്കുവാനായി താര്‍സിലെ ഹെരാക്ലിയയില്‍ വിളിച്ചു ചേര്‍ക്കുന്ന കൗണ്‍സിലിന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കുവാന്‍ ക്ഷണിച്ചുകൊണ്ട് ബൈസന്റിയന്‍ ചക്രവര്‍ത്തിയായ അനസ്താസിയസ് ഒന്നാമന്‍ സിമാക്കസ് മാര്‍പ്പാപ്പയ്ക്ക് അയച്ച കത്ത് (കത്ത് തന്റെ പക്കലെത്തുന്നതിനുമുമ്പേ സിമാക്കസ് മാര്‍പ്പാപ്പ കാലം ചെയ്തിരുന്നു എന്നു കഴിഞ്ഞ ഭാഗത്തിൽ പരമർശിച്ചിരുന്നല്ലോ.) ഹോര്‍മിസ്ദസ് മാര്‍പ്പാപ്പയ്ക്കു ലഭിച്ചപ്പോള്‍ അദ്ദേഹം ഇറ്റലിയുടെ രാജാവായ തെയോഡോറിക്കുമായി കൂടിയാലോചിച്ചതിനുശേഷം രണ്ടു തവണയായി തന്റെ പ്രതിനിധികളെ പുനരൈക്യത്തിനായുള്ള നിബന്ധനകളുമായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു.
പാഷണ്ഡതയായ മോണോഫിസിറ്റിസത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ചാല്‍സിഡണ്‍ കൗണ്‍സിലിന്റെ പഠനങ്ങളെയും ദൈവപുത്രനായ ക്രിസ്തുവില്‍ രണ്ടു സ്വഭാവങ്ങള്‍ അതായത് ദൈവസ്വഭാവവും മനുഷ്യസ്വഭാവവും സത്താപരമായി ഒരുപോലെ സമ്മേളിച്ചിരിക്കുന്നവെന്ന ലിയോ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ പഠനമടങ്ങിയ ‘തോമൂസ്ആദ് ഫ്‌ളാവിയാനും’ എന്ന രേഖയെയും അക്കാസിയസ് പാത്രിയാര്‍ക്കീസിനെയും മോണോഫിസിറ്റിക്ക് പാഷണ്ഡതയോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന മെത്രാന്മാരെയും സഭാഭ്രഷ്ട് കല്പ്പിച്ച നടപടിയെയും പരസ്യമായി അംഗീകരിക്കണമെന്നും സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്യപ്പെട്ട മെത്രാമാര്‍ പരിശുദ്ധസിംഹാസനത്താല്‍ പുനര്‍വിചാരണ നേരിടണമെന്നും അപ്രകാരം പൗരസ്ത്യസഭയുടെ അധികാരപരിധിയിലുള്ള മാര്‍പ്പാപ്പയുടെ പ്രാമുഖ്യത്തെ അംഗീകരികണമെന്നുമുള്ള നിബന്ധനകള്‍ ഹോര്‍മിസ്ദസ് മാര്‍പ്പാപ്പ ചക്രവര്‍ത്തിയുടെ മുന്നില്‍ വെച്ചു.
എന്നാല്‍, മാര്‍പ്പാപ്പയെ കൗണ്‍സിലിന് അദ്ധ്യക്ഷം വഹിക്കുവാന്‍ ക്ഷണിച്ച സാഹചര്യങ്ങളെക്കാള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ രാഷ്ട്രിയ സാഹചര്യങ്ങള്‍ ശക്തമായിരുന്നതിനാല്‍ ചക്രവര്‍ത്തി മാര്‍പ്പാപ്പയുടെ നിബന്ധനകള്‍ അംഗീകരിക്കുവാന്‍ തയ്യാറായില്ല. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ അനസ്താസിയസ് ഒന്നാമന്‍ ചക്രവര്‍ത്തി മരണമടയുകയും ജെസ്റ്റിന്‍ ഒന്നാമന്‍ ചക്രവര്‍ത്തി ബൈസന്റിയത്തിന്റെ ഭരണാധികാരിയായി സാരഥ്യം ഏറ്റെടുത്തു. ഉറച്ച കത്തോലിക്ക വിശ്വാസിയായിരുന്ന അദ്ദേഹം ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയും ബൈസന്റയിന്‍ സാമ്രാജ്യത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കുകയും ചെയ്തു.
ജെസ്റ്റിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ വീണ്ടും ക്ഷണിച്ചതനുസരിച്ച് വീണ്ടും ഒരിക്കല്‍ക്കൂടി അനസ്താസിയസ് ചക്രവര്‍ത്തിക്കു മുമ്പില്‍ അവതരിപ്പിച്ച നിബന്ധനകളുമായി ഹോര്‍മിസ്ദസ് മാര്‍പ്പാപ്പ തന്റെ പ്രതിനിധികളെ കോണ്‍സ്റ്റാന്റിനൊപ്പിളിലേക്ക് അയച്ചു. ഏ.ഡി. 519 മാര്‍ച്ച് 28-ാം തീയതി കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കിസായിരുന്ന ജോണ്‍ രണ്ടാമനും പൗരസ്ത്യസഭയിലെ ഇരുന്നൂറ്റമ്പതോളം വരുന്ന മെത്രാന്മാരും മോണ്‍സ്റ്ററികളുടെ തലവന്മാരും മനസ്സില്ലാമനസ്സോടെയാണെങ്കിലും രാജസദസ്സില്‍ വെച്ച് ഹോര്‍മിസ്ദസിന്റെ സംജഞയെന്നറിയപ്പെടുന്ന (ഫോർമുല ഓഫ് ഹോർമിസ്ദസ്) രേഖയില്‍ ഒപ്പുവെച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും വെള്ളി വെളിച്ചവുമായി കടന്നുവന്ന ഹോര്‍മിസ്ദസ് മാര്‍പ്പാപ്പ ഏ.ഡി. 524 ആഗസ്റ്റ് 6-ാം തീയതി കാലം ചെയുകയും വി. പത്രേിസിന്റെ ബസിലിക്കയുടെ പോര്‍ട്ടിക്കോയില്‍ തന്നെ സംസ്‌കരിക്കപ്പെടുകയും ചെയ്തു.
St. Hormisdas succeeded Symmachus on July 20, 514. Hormisdas had been married before ordination and his son, Silverius, later became pope, but not immediately after his death. He ended the schism in Rome by extending communion to the supporters of Laurentius. Anastasius I invited Symmachus to preside over a general council in Heraclea, but Symmachus died before the letter arrived in Rome. Hormisdas replied with a number of stipulations but Anastasius refused. Anastasius I died shortly afterward and was succeeded by Justin I, who accepted the Council of Chalcedon—which declared that Christ has two natures: human and divine—and made it the official position of the empire. On March 28, 519, patriarch John II and nearly 250 bishops and abbots signed the Formula of Hormisdas thus ending the Acacian Schism. Hormisdas died on August 6, 523.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.