കീവ്: റഷ്യന്‍ അനുകൂല വിമതരുടെ കേന്ദ്രമായ ഡൊണെറ്റ്‌സ്‌ക് മേഖലയില്‍ ഉക്രെയ്ന്‍ സൈന്യത്തിന്റെ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ ഉപയോഗിച്ചാണ് പ്രദേശത്ത് ഉക്രെയ്ന്‍ ആക്രമണം നടത്തിയത്.
ഉക്രെയ്‌ന്റെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബസ് സ്റ്റോപ്പിലും സമീപത്തെ എ.ടി.എം കൗണ്ടറിനും സമീപമുണ്ടായിരുന്നവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ശക്തമായ സ്‌ഫോടനത്തില്‍ കാറുകള്‍ കത്തിനശിച്ചു. 2014 മുതല്‍ റഷ്യന്‍ അനുകൂല വിമതര്‍ നിയന്ത്രിക്കുന്ന പ്രദേശമാണ് ഡൊണെറ്റ്‌സ്‌ക്.
മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലാണെന്ന് പ്രദേശത്ത് നിന്നും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള നാലാംഘട്ട ചര്‍ച്ച ചേരാനിരിക്കെയാണ് ആക്രമണമുണ്ടായത്. ഉക്രെയ്ന്‍ ആക്രമണം അവസാനിപ്പിച്ചാല്‍ മാത്രമേ യുദ്ധത്തില്‍ നിന്നും പിന്മാറൂ എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.
റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഉക്രെയ്‌നില്‍ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. റഷ്യന്‍ ആക്രമണം ആരംഭിച്ച ഫെബ്രുവരി 24 മുതല്‍ ഇതുവരെ ഉക്രെനില്‍ ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ പലയാനം ചെയ്തു. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോള്‍ഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്കാണ് അഭയാര്‍ഥികള്‍ കൂട്ടമായി എത്തുന്നത്. ഏറ്റവുമധികം ആളുകള്‍ എത്തിയത് പോളണ്ടിലേക്കാണ്. അതേസമയം, ഇതുവരെ 12,000ത്തിലധികം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.