ജാതിയുടെയും മതത്തിന്റെയും പേരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു: ഗുലാം നബി ആസാദ്

ജാതിയുടെയും മതത്തിന്റെയും പേരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നു: ഗുലാം നബി ആസാദ്

ജമ്മു: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചനയും അദേഹം നല്‍കി. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിര്‍ബന്ധമില്ലെന്നും എപ്പോള്‍ വേണമെങ്കിലും തന്റെ വിരമിക്കല്‍ വാര്‍ത്ത കേള്‍ക്കാമെന്നും ആസാദ് പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഭിന്നത സൃഷ്ടിച്ചേക്കാം. എന്റേതുള്‍പ്പെടെ ഒരു പാര്‍ട്ടിയോടും ഇക്കാര്യത്തില്‍ പൊറുക്കാനാകില്ല. പൗരസമൂഹം ഒരുമിച്ച് നില്‍ക്കണം. ജാതിയും മതവും നോക്കാതെ എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് കശ്മീരില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തങ്ങളില്‍ പാക്കിസ്താനെ കുറ്റപ്പെടുത്തുകയും ചെയ്തു.

കാഷ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമായ പരാമര്‍ശമാണ് ആസാദില്‍ നിന്നുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 ന്റെ പ്രധാന നേതാക്കളിലൊരാളാണ് ആസാദ്. അടുത്തിടെ ജി-23 ഗ്രൂപ്പ് രണ്ടു തവണ യോഗം ചേര്‍ന്ന് നേതൃമാറ്റം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ദയനീയമായി തോറ്റതോടെ കോണ്‍ഗ്രസില്‍ വിമത ഗ്രൂപ്പ് ശക്തി പ്രാപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.