വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയയെ സംബന്ധിച്ച അപ്പോസ്‌തോലിക ഭരണഘടന ഫ്രാന്‍സിസ് പാപ്പാ പരസ്യപ്പെടുത്തിയതിന്റെ അനുബന്ധമായി പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ കാര്യാലത്തില്‍ അവതരിപ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്കായുള്ള സഭയുടെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ മര്‍ചെല്ലോ സെമറാരോ, കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് മാര്‍ക്കോ മെല്ലിനോ, പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്‌സിറ്റിയിലെ പൊഫസര്‍ എമിരിറ്റസും കാനന്‍ നിയമ വിദഗ്ദ്ധനുമായ ഫാ. ജാന്‍ഫ്രാങ്കോ ഗിര്‍ലാണ്ടാ എന്നിവര്‍ ചേര്‍ന്നാണ് 'പ്രെദിക്കാത്തെ എവങ്കേലിയൂം ' (Predicate Evangelium) അവതരിപ്പിച്ചത്.
സുവിശേഷവല്‍ക്കരണ പ്രവര്‍ത്തനത്തില്‍ പ്രാദേശിക സഭകള്‍ക്കു കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് റോമന്‍ കൂരിയയുടെ പ്രേഷിതഘടന പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ അപ്പോസ്‌തോലിക ഭരണഘടന. 'പ്രെദിക്കാത്തെ എവങ്കേലിയൂം ' അടുത്ത ജൂണ്‍ 5 ന് പെന്തക്കുസ്ത തിരുനാള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. 2013 ലെ കോണ്‍ക്ലേവിന് മുമ്പായി ആരംഭിച്ച പൊതുസമ്മേളനം മുതല്‍ തുടങ്ങിയ നീണ്ട ശ്രവണ പ്രക്രിയകളുടെ പരിണതഫലമാണ് ഈ രേഖ.ലോകം മുഴുവനുള്ള പ്രാദേശിക സഭകളില്‍ നിന്നുള്ള അഭിപ്രായം ഇതിനായി ശേഖരിച്ചിരുന്നു. 1988 ജൂണ്‍ 28ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പരസ്യപ്പെടുത്തുകയും 1989 മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലായിരുന്നതുമായ 'പാസ്റ്റോര്‍ ബോനൂസ് ' എന്ന ഭരണഘടനയ്ക്ക് പകരമാണ് പുതിയ ഭരണഘടന.
വിശുദ്ധീകരണ നടപടികള്‍ക്കായുള്ള സഭയുടെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ മര്‍ചെല്ലോ സെമറാരോയും കര്‍ദ്ദിനാള്‍മാരുടെ കൗണ്‍സില്‍ സെക്രട്ടറി ബിഷപ്പ് മാര്‍ക്കോ മെല്ലിനോ, പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്‌സിറ്റിയിലെ പൊഫസര്‍ എമിരിറ്റസും കാനന്‍നിയമ വിദഗ്ദ്ധനുമായ ഫാ. ജാന്‍ഫ്രാങ്കോ ഗിര്‍ലാണ്ടാ എന്നിവര്‍ ചേര്‍ന്ന് ഇന്ന് മാര്‍ച്ച് 21 ആം തിയതി 11.30 പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമകാര്യാലത്തില്‍ 'പ്രെദിക്കാത്തെ എവങ്കേലിയും ' അവതരിപ്പിച്ചു.
രാജ്യത്തിന്റെ കേന്ദ്ര കാര്യാലയവും, നിയമപരമായി ഏറ്റക്കുറച്ചിലില്ലാത്ത ഡിക്കാസ്ടറികളും കാര്യാലയങ്ങളും ചേര്‍ന്നതാണ് റോമന്‍ കൂരിയ എന്ന് ഭരണഘടന ഊന്നിപ്പറയുന്നു. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള തിരുസംഘത്തെയും നവ സുവിശേവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനേയും സുവിശേഷവല്‍കരണത്തിനായുള്ള ഏക ഡിക്കാസ്ട്രിയുടെ കീഴില്‍ ഏകീകരിച്ചിട്ടുണ്ട്.
അദ്ധ്യക്ഷ സ്ഥാനം (Prefeture) പാപ്പായ്ക്ക് സംവരണം ചെയ്തിട്ടുള്ള ഈ ഡിക്കാസ്ട്രിക്കു കീഴെ രണ്ടു കാര്യാലയങ്ങളുടേയും തലവന്മാര്‍ പ്രോ- പ്രീഫെക്ട്മാരായിരിക്കും. 'സുവിശേഷവല്‍ക്കരണത്തിനായുള്ള സിക്കാസ്ട്രിക്ക് റോമ പാപ്പാ നേരിട്ട് അദ്ധ്യക്ഷത വഹിക്കും' എന്ന് ഭരണ ഘടനയില്‍ പറയുന്നു.
ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കൃത
സമൂഹത്തിനുമായുള്ള ഉപവി
പാപ്പായുടെ ഉപവി പ്രവര്‍ത്തനത്തിനായുള്ള കാര്യാലയം പ്രതിനിധീകരിക്കുന്ന ഉപവി സേവന ഡിക്കാസ്ട്രിക്ക് റോമന്‍ കൂരിയയില്‍ സുപ്രധാന പങ്ക് നല്‍കിയിരിക്കുന്നു. അപ്പോസ്‌തോലിക ഭരണഘടനയിലെ ക്രമം ഇപ്രകാരമാണ്: സുവിശേഷവല്‍ക്കരണത്തിനായ ഡിക്കാസ്ട്രി, വിശ്വാസ പ്രബോധനത്തിനായുള്ള ഡിക്കാസ്ട്രി, ഉപവി സേവനത്തിനായുള്ള ഡിക്കാസ്ട്രി. പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള കമ്മീഷന്‍ വിശ്വാസ പ്രബോധനത്തിനായുള്ള ഡിക്കാസ്ട്രിയുടെ ഭാഗമായിരിക്കും ഇനി. എന്നാല്‍ ആ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റേതായ മാനദണ്ഡങ്ങളും സ്വന്തം അദ്ധ്യക്ഷനും സെക്രട്ടറിയും ഉള്ളത് തുടരും.
പ്രമാണത്തിന്റെ അടിസ്ഥാന ഭാഗം പൊതുവായ തത്ത്വങ്ങളെ പരിഗണിക്കുന്നതാണ്. ഓരോ ക്രൈസ്തവനും ഒരു മിഷനറി ശിഷ്യനാണെന്ന് ആമുഖം അനുസ്മരിക്കുന്നു. 'ഓരോ ക്രൈസ്തവനും, മാമോദീസയുടെ കൃപയാല്‍, ദൈവത്തിന്റെ സ്‌നേഹം യേശുക്രിസ്തുവില്‍ കണ്ടുമുട്ടിയിടത്തോളം ഒരു പ്രേഷിത ശിഷ്യനാണ്. ' അതിനാല്‍ കൂരിയയുടെ നവീകരണത്തില്‍ അതിന്റെ ഭരണത്തിലും ഉത്തരവാദിത്വത്തിലും അല്‍മായരേയും സ്ത്രീകളേയും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കാതിരിക്കാന്‍ കഴിയില്ല എന്നും എഴുതിയിട്ടുണ്ട്.
റോമായുടെ മെത്രാന്റെയും അതിനാല്‍ സാര്‍വ്വത്രിക സഭയുടേയും എപ്പിസ്‌ക്കോപ്പേറ്റുകളുടേയും പ്രാദേശിക സഭകളുടേയും സേവനത്തിനുള്ള ഉപകരണമാണ് കൂരിയ എന്ന് ഭരണഘടന അടിവരയിടുന്നു. മറ്റൊരു പുതുമ കൂരിയയുടെ ആത്മീയതയെ സംബന്ധിച്ചാണ്: റോമന്‍ കൂരിയായിലെ അംഗങ്ങളും മിഷനറി ശിഷ്യരാണ് എന്ന് പ്രത്യേകം ഊന്നല്‍ നല്‍കുന്നു. സിനഡാലിറ്റിക്കും പ്രത്യേക പ്രാധാന്യം നല്‍കിക്കൊണ്ട് റോമന്‍ കൂരിയയുടെ പ്രവര്‍ത്തന രീതിയുടെ സാധാരണ രീതി അതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അത് ഇനിയും കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും പരാമര്‍ശിച്ചിട്ടുണ്ട്.
വത്തിക്കാന്‍ രാജ്യത്തിന്റെ കേന്ദ്ര കാര്യാലയത്തിന്റെ നിര്‍വ്വചനത്തില്‍ 'പാപ്പായുടെ കാര്യാലയം' എന്ന ഊന്നല്‍ നല്‍കിയിരിക്കുന്നതാണ് പ്രമാണത്തിലെ മറ്റൊരു പ്രത്യേകത. റോമന്‍ കൂരിയയില്‍ സേവനം ചെയ്യുന്ന വൈദികരുടേയും സന്യസ്തരുടേയും സാധാരണ കാലാവധി 5 വര്‍ഷമാണ്. അത് വീണ്ടും അഞ്ചു വര്‍ഷത്തേക്ക് കൂടി പുതുക്കാമെന്നും അതിനു ശേഷം അവര്‍ അവരുടെ രൂപതകളിലേക്കും സ്വന്തം സമൂഹത്തിലേക്കും തിരിച്ചു പോകണമെന്നും ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26