ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം. ഡ്രോണ്‍ മിസൈല്‍ ആക്രമണങ്ങളുമായി ഇസ്രയേലും ഇറാനും നടപടികള്‍ കടുപ്പിക്കുമ്പോള്‍ മരണ സംഖ്യയും ഉയരുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 78 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ നല്‍കുന്ന പ്രതികരണം. മുന്നൂറില്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്റെ തിരിച്ചടികളില്‍ ഇസ്രയേലില്‍ നാല് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനയാണ് ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ പ്രതികരണങ്ങള്‍ നല്‍കുന്ന സൂചന. ജറുസലേമിന് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളോട് പ്രതികരിച്ച ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റ്സിന്റെ വാക്കുകള്‍ ഇതിന്റെ സൂചന നല്‍കുന്നു. ഇറാന്‍ ആക്രമണം തുടര്‍ന്നാണ് ടെഹ്റാന്‍ അഗ്‌നിക്കിരയാക്കും എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയുടെ താക്കീത്. എന്നാല്‍ ഇസ്രയേലിനെ സഹായിക്കുന്ന എല്ലാവരെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. വേണ്ടിവന്നാല്‍ പശ്ചിമേഷ്യന്‍ മേഖലയിലെ യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗോളതലത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ടാണ് പ്രശ്ന പരിഹാരത്തിന് നീക്കം നടത്തുന്നത്. ഇയു വിദേശകാര്യ നയ മേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശ കാര്യ മന്ത്രിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ടെല്‍ അവീവ്, ജറുസലേം, മേഖലകളില്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെഹറാനില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രണം നടത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്ഫഹാനിലെ ഒരു ആണവ കേന്ദ്രം ഉള്‍പ്പെടെ 150 ലധികം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് നല്‍കുന്ന വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.