ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യം തുല്ല്യ അവകാശങ്ങളാണ് പ്രദാനം ചെയ്യുന്നതെങ്കിലും ക്രൈസ്തവ സമൂഹത്തിന്റെ ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് CBCI എക്യൂമിനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും, ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ്പുമായ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
വിവേചനങ്ങള്‍ ആരോടും കാണിക്കരുതെന്ന ഭരണഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പോലും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ലംഘിക്കപ്പെടുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ പല തട്ടുകളായി മാറി നിന്നുകൊണ്ട് വാദിക്കുമ്പോള്‍ ശക്തി കുറയുകയാണ്. ക്രൈസ്തവര്‍ നേരിടുന്ന ആനുകാലിക ദേശീയ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും വിവിധ സഭകളിലെ അല്‍മായ പ്രതിനിധികളെ സംഘടിപ്പിച്ചു കൊണ്ട്, ക്രിസ്ത്യന്‍ ലേറ്റി കൗണ്‍സില്‍ (CLC) നടത്തിയ വെബ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത.
മൃദുസമീപനങ്ങളിലൂടെ ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കുക ശ്രമകരമായിരിക്കുമെന്നും ക്രൈസ്തവ സഭകള്‍ ഒന്നിച്ചു നിന്നുകൊണ്ട് ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി വാദിക്കണമെന്നും ചെയര്‍മാന്‍ തങ്കച്ചന്‍ പൊന്‍മാങ്കല്‍ പ്രസ്താവിച്ചു. സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ അവകാശങ്ങള്‍ ചില സമുദായങ്ങള്‍ക്ക് മാത്രമായി നല്‍കപ്പെടുന്ന സാഹചര്യമുണ്ട്. ഇത് തിരുത്തി എഴുതപ്പെടണം. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം എങ്ങനെ സാധ്യമാകും എന്നത് കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കണം.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി പുതിയ ഉദ്യമങ്ങള്‍ക്കു തുടക്കം കുറിച്ച ചങ്ങനാശ്ശേരി അതിരൂപതയുടെ മാതൃക അഭിനന്ദനീയമാണ് - തങ്കച്ചന്‍ പൊന്‍മാങ്കല്‍ പറഞ്ഞു.
യോഗത്തില്‍ ഷെവലിയാര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുസ്ലീം ക്ഷേമവകുപ്പായി മാറിയിരിക്കുകയാണെന്ന് വിസി സെബാസ്റ്റ്യന്‍ആരോപിച്ചു
സിബിസിഐ എക്യൂമെനിക്കല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോബി കറുകപ്പറമ്പില്‍, സോമന്‍ ബേബി (ബഹ്‌റിന്‍), സുനില്‍ പി ആന്റണി (കുവൈറ്റ്), ഡോ ജോസഫ് ലൂക്കോസ് (ദുബായ്) ജോ കാവാലം, മാത്യു നെല്ലുവേലി (സൗദി), ജോയ് ആന്റണി (ഖത്തര്‍), ഡോ. തോമസ് തരകന്‍ (ബാംഗളൂര്‍), സണ്ണി തൊണ്ടക്കരോട്ട് (മലങ്കര കാത്തലിക്), അഡ്വ. പ്രകാശ് (മാര്‍ത്തോമ), തോമസ് ഫിലിപ്പ് (മലങ്കര ഓര്‍ത്തഡോക്‌സ്), പ്രൊഫ. എബ്രഹാം (സി.എസ്.ഐ), ഹെന്റി വിന്‍സെന്റ് (ലത്തീന്‍), ജോജി തയ്യില്‍ (ക്നാനായ), ജോര്‍ജ് എബ്രഹാം (സിറിയന്‍ യാക്കോബായ) എന്നിവര്‍ പ്രസംഗിച്ചു.
ഷെവലിയര്‍ സിബി ജോസഫ് വാണിയപ്പുരയ്ക്കല്‍ മോഡറേറ്ററായിരുന്നു. ടോമിച്ചന്‍ മേപ്പുറത്ത് പ്രാര്‍ത്ഥനയും നടത്തി. അഡ്വ. സോനു ആലഞ്ചേരി സ്വാഗതവും തോമസ് കുഴിമണ്ണില്‍ നന്ദിയും പറഞ്ഞു.
ജോ കാവാലം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.