ടെഹ്‌റാന്‍: ഇറാന്‍ ഇടച്ച ചരക്ക് ഗതാഗതത്തിന്റെ സിരാ കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് സൈനിക നീക്കത്തിലൂടെ തുറക്കുമെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ആദ്യഘട്ട നീക്കമെന്ന നിലയില്‍ ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി.
ഏകദേശം 2,268 കിലോ ഗ്രാം ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചു കയറാന്‍ ശേഷിയുള്ള 'ഡീപ് പെനട്രേറ്റര്‍' ബോംബുകളാണ് ഇറാന്റെ തീരപ്രദേശങ്ങളിലെ മിസൈല്‍ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് പ്രയോഗിച്ചത്.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നു പോകുന്ന ഈ നിര്‍ണായക പാതയിലെ ഉപരോധം ആഗോള തലത്തില്‍ എണ്ണ, വാതക വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസപ്പെടാനും കാരണമായിരുന്നു.
ഈ സാഹചര്യത്തിലാണ് കടലിടുക്കിലെ തടസങ്ങള്‍ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സൈനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തിയത്.
'ബങ്കര്‍ ബസ്റ്ററുകള്‍' എന്ന് വിളിക്കപ്പെടുന്ന ഈ അത്യാധുനിക ബോംബുകള്‍ കഠിനമായ പാറക്കെട്ടുകള്‍ക്കും കോണ്‍ക്രീറ്റ് പാളികള്‍ക്കും അടിയില്‍ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെ തകര്‍ക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇറാന്റെ ആണവ കേന്ദ്രങ്ങളെ തകര്‍ക്കാന്‍ അമേരിക്ക ഉപയോഗിച്ച 30,000 പൗണ്ട് ബോംബുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് പ്രഹരശേഷി കുറവാണെങ്കിലും മിസൈല്‍ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഇവ പര്യാപ്തമാണ്.
അതേസമയം ഹോര്‍മുസിലെ സൈനിക നീക്കത്തില്‍ സഹകരിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം നാറ്റോ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ തള്ളിക്കളഞ്ഞിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാത്തതില്‍ അതൃപ്തിയുണ്ടെങ്കിലും യുദ്ധത്തിന്റെ ഉത്തരവാദിത്തം താന്‍ ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് തനിക്കുള്ള ഒരു തോന്നലിന്റെ അടിസ്ഥാനത്തിലാണ് ഈ യുദ്ധപാത തിരഞ്ഞെടുത്തതെന്നും തന്റെ മനസ് പറയുന്നത് അനുസരിച്ച് മാത്രമേ ഇത് അവസാനിക്കുകയുള്ളൂ എന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.