വെല്ലിങ്ടൺ: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ന്യൂസിലൻഡിൽ ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയ്‌ക്കിടെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതായി ആരോപിച്ച് ഗൾ പെട്രോൾ പമ്പുകളെ വിമർശിച്ച് ഊർജ സഹമന്ത്രി ഷെയ്ൻ ജോൺസ്. രാജ്യത്ത് 50 ദിവസത്തേക്കുള്ള പെട്രോളും ഡീസലും മാത്രമാണ് സ്റ്റോക്കുള്ളതെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.
വിലക്കിഴിവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗൾ പമ്പുകളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തിയതോടെ രാജ്യത്തെ പല പമ്പുകളിലും ഇന്ധനം തീർന്ന അവസ്ഥയാണ്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലാണ് ഗൾ കമ്പനിയുടെ നടപടികളെന്ന് മന്ത്രി ഷെയ്ൻ ജോൺസ് കുറ്റപ്പെടുത്തി.
എന്നാൽ കുറഞ്ഞ വിലയിൽ ഇന്ധനം നൽകുന്നതിനാലാണ് ഉപഭോക്താക്കൾ തങ്ങളുടെ പമ്പുകളിലേക്ക് എത്തുന്നതെന്ന് ഗൾ കമ്പനി അധികൃതർ പ്രതികരിച്ചു. പെട്ടെന്നുണ്ടായ ഈ തിരക്ക് കാരണം ഇന്ധനത്തിന്റെ ഡിമാൻഡ് 15 ശതമാനത്തിലധികം വർദ്ധിച്ചുവെന്നും, എല്ലാ പമ്പുകളിലും ആവശ്യത്തിന് ഇന്ധനം എത്തിക്കാൻ വിതരണക്കാർ ബുദ്ധിമുട്ടുകയാണെന്നും കമ്പനി വ്യക്തമാക്കി.
സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും തങ്ങളുടെ പ്രധാന ടെർമിനലുകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ഗൾ അറിയിച്ചു.
അതേസമയം ജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ലെന്ന് ധനമന്ത്രി നിക്കോള വില്ലിസ് അഭ്യർത്ഥിച്ചു.
രാജ്യത്ത് നിലവിൽ 50 ദിവസത്തേക്കുള്ള ഇന്ധനം ലഭ്യമാണെന്നും ഇന്ധനലഭ്യത ഉറപ്പാക്കാൻ പ്രത്യേകം മന്ത്രിതല സമിതി രൂപീകരിച്ച് സ്ഥിതിഗതികൾ കർശനമായി വിലയിരുത്തുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് ന്യൂസിലൻഡിലെ ഇന്ധന വിപണിയെയും ഇതിനകം സാരമായി ബാധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.