അനുദിന വിശുദ്ധര്‍ - മാര്‍ച്ച് 28
ഫ്രാന്‍സിലെ ക്ലോവിസ് ഒന്നാമന്റെയും വിശുദ്ധ ക്ലോട്ടില്‍ഡായുടെയും പേരകുട്ടിയായിരുന്നു വിശുദ്ധ ഗോണ്‍ട്രാന്‍. രാജാവായിരുന്ന ക്ലോടെയറായിരുന്നു പിതാവ്. ഗോണ്‍ട്രാന്റെ സഹോദരന്‍മാരായിരുന്ന ചാരിബെര്‍ട്ട് പാരീസിലും സിഗെബെര്‍ട്ട് ഓസ്‌ട്രേഷ്യായിലും ആധിപത്യമുറപ്പിച്ചിരുന്നതിനാല്‍ 561 ല്‍ ഗോണ്‍ട്രാന്‍ ഓര്‍ലീന്‍സിന്റെയും ബുര്‍ഗുണ്ടിയുടേയും ഭരണാധികാരിയായി അധികാരമേറ്റു.
സാവോണിലെ ചാല്ലോണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഭരണ തലസ്ഥാനം. അത്യാഗ്രഹികളായിരുന്ന തന്റെ സഹോദരന്‍മാര്‍ക്കെതിരേയും ലൊംബാര്‍ഡുകള്‍ക്കെതിരേയും ആയുധമെടുക്കേണ്ടി വന്നപ്പോള്‍ മോമ്മോള്‍ എന്ന സൈന്യാധിപന്റെ നേതൃത്വത്തില്‍ നേടിയ വിജയങ്ങള്‍ തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സമാധാനം ഉറപ്പ് വരുത്തുവാന്‍ വേണ്ടി മാത്രമാണ് ഗോണ്‍ട്രാന്‍ ഉപയോഗിച്ചത്.
രാജാവായിരിക്കെ താന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം പിന്നീട് അദ്ദേഹം തന്റെ കണ്ണുനീരു കൊണ്ടും അനുതാപ പ്രവര്‍ത്തികള്‍ കൊണ്ടും പരിഹാരങ്ങള്‍ ചെയ്തു. അഹംഭാവം, അസൂയ, അത്യാഗ്രഹം, തുടങ്ങിയ തിന്മയുടെ സ്വാധീനം വിശുദ്ധനെ തെല്ലും ബാധിച്ചില്ലെന്നു മാത്രമല്ല ദൈവഭക്തിയിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ ഭരണം.
സഭാ പുരോഹിതന്‍മാരോടും പാസ്റ്റര്‍മാരോടും വളരെ ബഹുമാനപൂര്‍വ്വമായിരുന്നു രാജാവ് പെരുമാറിയിരുന്നത്. അവരെ തന്റെ പിതാവിനേപോലെ കണ്ട് ആദരിക്കുകയും ഗുരുക്കന്‍മാരേപോലെ ബഹുമാനിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായിരുന്നു വിശുദ്ധ ഗോണ്‍ട്രാന്‍.
രാജ്യത്ത് പകര്‍ച്ചവ്യാധിയും ക്ഷാമവുമുണ്ടായപ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. രോഗികളോട് ആഴമായ കരുണ വച്ചു പുലര്‍ത്തി. ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടേയും തെറ്റുകള്‍ക്ക് അദ്ദേഹം കഠിനമായ ശിക്ഷകള്‍ തന്നെ നല്‍കി.
രാജകീയ പ്രൗഡിയോടു കൂടിയ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണി കഴിപ്പിച്ചു. 31 വര്‍ഷം തന്റെ രാജ്യം നീതിപൂര്‍വ്വം ഭരിച്ച ഗോണ്‍ട്രാന്‍ തന്റെ മരണത്തിനു മുന്‍പും പിന്‍പുമായി നിരവധി അത്ഭുത പ്രവര്‍ത്തങ്ങള്‍ ചെയ്തിട്ടുള്ളതായി ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി രേഖപ്പെടുത്തിയിട്ടുണ്ട്.
തന്റെ 68 ാമത്തെ വയസില്‍ 593 മാര്‍ച്ച് 28 നാണ് വിശുദ്ധന്‍ മരണമടയുന്നത്. അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന മാര്‍സെല്ലൂസ് ദേവാലയത്തിലാണ് വിശുദ്ധ ഗോണ്‍ട്രാനെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് ഹുഗ്യൂനോട്‌സ് എന്ന മാതവിരോധിയായ ഭരണാധികാരി അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളഞ്ഞുവെങ്കിലും വിശുദ്ധന്റെ തലയോട്ടി മാത്രം സംരക്ഷിക്കാനായി. അത് വെള്ളികൊണ്ടുള്ള ഒരു പെട്ടിയില്‍ ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ടാര്‍സൂസിലെ കാസ്റ്റര്‍
2. സിസിലിയിലെ കോനോണ്‍
3. ആല്‍സെസിലെ ഗ്വെന്റോലിന്‍
4. പ്രിസ്‌കൂസ്, മാല്‍ക്കസ്, അലക്‌സാണ്ടര്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26