ഓസ്‌കര്‍ വേദിയില്‍ ഉക്രെയ്‌ന് പിന്തുണ; നീല റിബ്ബണ്‍ ധരിച്ച് താരങ്ങള്‍

ഓസ്‌കര്‍ വേദിയില്‍ ഉക്രെയ്‌ന് പിന്തുണ; നീല റിബ്ബണ്‍ ധരിച്ച് താരങ്ങള്‍

ലോസ് എയ്ഞ്ചല്‍സ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയ്ക്ക് പിന്തുണയുമായി 94-ാമത് ഓസ്‌കര്‍ വേദി. ഉക്രെയ്ന്‍ പതാകയിലെ നീലയും മഞ്ഞയും നിറമുള്ള റിബ്ബണും തൂവാലയുമൊക്കെ ധരിച്ചാണ് മിക്ക താരങ്ങളും പുരസ്‌കാരച്ചടങ്ങിനെത്തിയത്.

ഹോളിവുഡില്‍നിന്നുള്ള നിരവധി താരങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നീല റിബണുകളും ബട്ടണുകളും ധരിച്ച് ഓസ്‌കര്‍ വേദിയിലെത്തി. 'അഭയാര്‍ത്ഥികള്‍ക്കൊപ്പം' എന്നെഴുതിയ റിബണുകളാണ് പലരും ധരിച്ചിരുന്നത്. ജാമി ലീ കര്‍ട്ടിസ് വിരലില്‍ മോതിരമായി റിബണ്‍ അണിഞ്ഞപ്പോള്‍ ജേസണ്‍ മൊമോവ ഉക്രെയ്‌നിയന്‍ പതാകയുടെ നിറങ്ങളുള്ള തൂവാല അണിഞ്ഞെത്തി. ഗാനരചയിതാവും സംഗീതജ്ഞനുമായ ഡയാന്‍ വാറനും 'അഭയാര്‍ത്ഥികളോടൊപ്പം' എന്ന് വ്യക്തമാക്കിയ റിബണ്‍ ധരിച്ചെത്തി.

ബെനഡിക്ട് കംബര്‍ബാച്ച്, ജോ വാക്കര്‍, നിക്കോള്‍ കിഡ്മാന്‍, ജെസീക്ക ചാസ്റ്റെയ്ന്‍ തുടങ്ങിയ താരങ്ങളും ഉക്രെയ്‌നോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയാണ് കാമ്പെയ്‌ന് നേതൃത്വം നല്‍കിയത്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഉക്രെയ്‌ന് പിന്തുണ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ഓസ്‌കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. 'സംഘര്‍ഷസമയത്ത് മാനവികത പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് സിനിമ, ഉക്രെയ്‌നിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, ശുദ്ധജലം, അടിയന്തര സേവനങ്ങള്‍ എന്നിവ ആവശ്യമാണ്. ആഗോളസമൂഹം ഒന്നിച്ച് നിന്ന് ഉക്രെയ്ന്‍ ജനതയെ സഹായിക്കണമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.

ഉക്രെയ്‌നില്‍ റഷ്യയുടെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്പോഴും ആക്രമണത്തില്‍ അയവില്ലാതെ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.