ക്രിസ്ത്യന്‍ മിഷണറിമാരെ നിരീക്ഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; മേലില്‍ ഇത്തരം പരാതിയുമായി വന്നാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

ക്രിസ്ത്യന്‍ മിഷണറിമാരെ നിരീക്ഷിക്കണമെന്ന  ഹര്‍ജി സുപ്രീം കോടതി തള്ളി; മേലില്‍ ഇത്തരം പരാതിയുമായി വന്നാല്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിച്ചാല്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും പരമോന്നത കോടതി നല്‍കി.

ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നടപടി ജെസ്യൂട്ട് സമൂഹാംഗമായ ഫാ. സെഡ്രിക്ക് പ്രകാശ് സ്വാഗതം ചെയ്തു.

ശരിയായ ദിശയിലുള്ള ഒരു ചുവടുവെയ്പ്പാണിത്. എല്ലാ പൗരന്മാരുടെയും പ്രത്യേകിച്ച് മത ന്യൂനപക്ഷങ്ങളില്‍പ്പെട്ട പൗരന്മാരുടെ നിയമാനുസൃതവും ഭരണഘടനാപരവുമായ അവകാശങ്ങള്‍ സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും വേണമെന്നും യു.സി.എ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. പ്രകാശ് പറഞ്ഞു.

ഓരോ പൗരനും തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യവും നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25-ന്റെ നേരിട്ടുള്ള ലംഘനമാണ് പരാതി. ഏതെങ്കിലും വ്യക്തിയോ സംഘടനയോ മതത്തെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുവാനും തടയുവാനും ഇന്ത്യന്‍ നിയമ വ്യവസ്ഥയിലും ക്രിമിനല്‍ നടപടി ക്രമങ്ങളിലും മതിയായ വ്യവസ്ഥകളുണ്ട്.

ഹിന്ദു ധര്‍മ്മ പരിഷദ് പോലെയുള്ള സംഘടനകള്‍ രാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിഭാഗീയതയും അപകീര്‍ത്തിപരമായ പ്രചാരണങ്ങളും നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമങ്ങള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ ഉണ്ടെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട വിധിയില്‍ നേരത്തേ പറഞ്ഞിരുന്നത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.

ഇന്ത്യയുടെ പരമാധികാരവും സുസ്ഥിരതയും ഉറപ്പ് വരുത്തുവാന്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ സാമ്പത്തിക വരുമാനവും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്നും നിരീക്ഷണമില്ലാത്തതിനാല്‍ ക്രിസ്ത്യാനികള്‍ ഉണ്ടാക്കുന്ന വരുമാനം കൊണ്ട് സര്‍ക്കാരേതര സന്നദ്ധ സംഘടന (എന്‍.ജി.ഒ) എന്ന വ്യാജേന നൂറുകണക്കിന് മതന്യൂനപക്ഷ ട്രസ്റ്റുകള്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ആരോപണം ഉന്നയിച്ചായിരുന്നു ഹര്‍ജി

ഈ ട്രസ്റ്റുകള്‍ക്ക് വിദേശങ്ങളില്‍ നിന്നും ധാരാളം പണം വരുന്നുണ്ടെന്നും ഈ പണം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നിഷ്‌കളങ്കരായ ആളുകളെ പ്രകോപിപ്പിച്ച് രാജ്യത്തെ സമാധാനം തകര്‍ക്കുവാനുമാണ് ഉപയോഗിക്കുന്നതെന്നും പരാതിയില്‍ ആരോപണം ഉയര്‍ത്തി. പരാതിയില്‍ യാതൊരു വാസ്തവവുമില്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഹര്‍ജി തള്ളുകയും ഇത്തരം ഹര്‍ജികളുമായി വന്നാല്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.