പ്രകൃതിയിലെ പല പ്രതിഭാസങ്ങളും മനുഷ്യന്റെ വിചാരങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ്. പലപ്പോഴും നമ്മെ അതിശയിപ്പിക്കുന്നവ. അതുകൊണ്ടുതന്നെ കൗതുകം നിറയ്ക്കുന്ന പല പ്രകൃതി വിസ്മയങ്ങളെക്കുറിച്ചുമുള്ള മനുഷ്യന്റെ പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ചില പഠനങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ ഉത്തരങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും മറ്റ് ചിലതുണ്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടാലും നിഗൂഢതകള്‍ വിട്ടുമാറാത്ത ചില പ്രകൃതി പ്രതിഭാസങ്ങള്‍.
അത്തരത്തില്‍ ഒന്നാണ് ബെര്‍മുഡ ട്രയാംഗിള്‍. ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ് ഈ പേര് പേലും. ഉത്തര അത്ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍ അഥവാ ബെര്‍മുഡ ത്രികോണം എന്ന് അറിയപ്പെടുന്നത്. ബെര്‍മുഡ, പോര്‍ട്ടോ റിക്കോ, ഫ്ളോറിഡ എന്നീ മൂന്ന് പ്രദേശങ്ങള്‍ ഒരു കോണാകൃതിയില്‍ സൃഷ്ടിച്ച സാങ്കല്പിക ത്രികോണത്തിനുള്ളിലെ പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍ എന്ന് അറിയപ്പെടുന്നത്.
ബെര്‍മുഡ ട്രയാംഗിള്‍ ദുരൂഹത നിറഞ്ഞ പല കഥകളുടെയും ഉത്ഭവ കേന്ദ്രമാണ്. ഈ പ്രദേശത്ത് എത്തിയ നിരവധി കപ്പലുകളും വിമാനങ്ങളും നിഗൂഢ സാഹചര്യത്തില്‍ കാണാതായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പല വാദങ്ങളുടെയും സത്യാവസ്ഥ വെളിവാക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത. വിവാദങ്ങള്‍ തുടരുമ്പോഴും വ്യോമ നാവിക യാത്രകള്‍ക്ക് ഇന്നും ഇങ്ങോട്ടേക്ക് വിലക്ക് കല്‍പിച്ചിരിക്കുകയാണ്.
ഇനി ബെര്‍മുഡ ട്രയാംഗിളിന്റെ ചില പഴയകാല വിശേഷങ്ങളിലേക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങള്‍ക്കും അതീതമായ പല ചോദ്യങ്ങളും ബെര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെതന്നെ ഏറ്റവും അപകടകരമായ പ്രദേശങ്ങളില്‍ ഒന്നായി ഇവിടെ ഇന്നും അറിയപ്പെടുന്നത്. ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണ് ബെര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും പുരാതനമായ വാദം.
ക്രിസ്റ്റഫര്‍ കൊളംബസിന്റെ യാത്രാനുഭവങ്ങളില്‍ ബെര്‍മുഡ ട്രയാംഗിളിന്റെ നിഗൂഢതകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. യാത്രയ്ക്കിടെ അമേരിക്കന്‍ തീരത്തിനു സമീപമുള്ള ബഹാമാസ് ദ്വീപിലെത്തിയപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നതു കണ്ടു എന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചി ദിശയറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. ഈ പ്രദേശത്തെക്കുറിച്ച ഇരുപതാം നൂറ്റാണ്ട് വരെ കാര്യമായ മറ്റ് രേഖകളൊന്നും ലഭിച്ചിട്ടില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം 1918-ല്‍ അമേരിക്കന്‍ നേവിയുടെ യുഎസ്എസ് സൈക്ലോപ്സ് എന്ന ചരക്കു കപ്പല്‍ ഈ പ്രദേശത്ത് കാണാതായി. കപ്പലിന് എന്തു സംഭവിച്ചു എന്ന് ആര്‍ക്കും വ്യക്തതയില്ല. പിന്നീട് ഫ്ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനത്തോടെ ഈ പ്രദേശം വീണ്ടും ദുരൂഹത നിറഞ്ഞ ഇടമായി. വിമാനത്തെ അന്വേഷിച്ച് പോയ അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങളും കാണാതായതോടെ ബെര്‍മുഡ ട്രയാംഗിള്‍ കൂടുതല്‍ ലോക ശ്രദ്ധ നേടി. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയ്ക്ക് അയിരത്തോളം ജീവനുകള്‍ ബെര്‍മുഡ ട്രയാംഗിള്‍ കവര്‍ന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കൊന്നും വ്യക്തമായ തെളിവുകളില്ല.
നിരവധി വാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട് ബെര്‍മുഡ ട്രയാംഗിളിനെപ്പറ്റി. ആ മേഖലയില്‍ കാന്തിക ശക്തി കൂടുതലാണെന്നും അത് വസ്തുക്കളെ ഉള്ളിലേയ്ക്ക് ആകര്‍ഷിക്കുന്നു എന്നും ചിലര്‍ വാദിക്കുന്നു. ചുഴലിക്കാറ്റും കാന്തികശക്തിയുമാണ് കപ്പലുകളുടെയും വിമാനങ്ങളുടേയും തിരോധാനത്തിന് കാരണമെന്നും ഇവര്‍ വിശദീകരിക്കുന്നു. എന്നാല്‍ വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുന്ന മീഥേന്‍ ഹൈഡ്രേറ്റ് വാതകത്തിന്റെ സാന്നിധ്യമാണ് ബെര്‍മുഡ ട്രെയാംഗിളിന്റെ നിഗൂഢതയുടെ പിന്നിലെന്നാണ് മറ്റു ചിലരുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.