ഫൊക്കാനയുടെ 2022-24 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി ഡോ. ബ്രിജിത്ത് ജോർജ് മത്സരിക്കുന്നു

ഫൊക്കാനയുടെ 2022-24 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി ഡോ. ബ്രിജിത്ത് ജോർജ്  മത്സരിക്കുന്നു

വിമൻസ് ഫോറത്തെ നയിക്കാൻ ഇക്കുറിയും ആതുരസേവന രംഗത്തു നിന്നും മറ്റൊരു കലാകാരികൂടി

ചിക്കാഗോ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വീണ്ടും മറ്റൊരു ഡോക്ടർ കൂടി. ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ് ആണ് ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഡോ. ബ്രിജിത്തും മത്സരത്തിനൊരുങ്ങുന്നത്.

മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്. മറ്റൊരു ബഹുമുഖ പ്രതിഭയും മെഡിക്കൽ ഡോക്ടറും അതുല്യ കലാകാരിയുമായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ കൂടിയായ ഡോ. ബ്രിജിത്ത്, വിമൻസ് ഫോറം ഇത് വരെ നടത്തിയ മിക്കവാറുമുള്ള എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം ആറിയിച്ചിട്ടുള്ള വ്യകതി കൂടിയാണ്. മാത്രമല്ല, ഡോ. കല ഷഹി ഇത്തവണ സെക്രട്ടറിയായി മത്സരിക്കുക കൂടി ചെയ്യുന്നതോടെ ഫൊക്കാനയിൽ ശക്തമായ സ്ത്രീ സാന്നിധ്യം ഇക്കുറി അടിയുറച്ചതായി മാറുകയാണ്.

പ്രസിഡണ്ട് ലീല മാരേട്ട്- സെക്രട്ടറി ഡോ. കല ഷഹി എന്നീ ശക്തരായ വനിതാ നേതാക്കൾക്കൊപ്പം ഡോ. ബ്രിജിത്ത് കൂടി ചേരുന്നതോടെ ഇത്തവണ ഫൊക്കാന സ്ത്രീ ശാക്തീകരണത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന സംഘടന എന്ന ഖ്യാതിയോടെ ചരിത്രത്തിൽ ഇടം പിടിക്കുന്ന സംഘടനയായി ഫൊക്കാന മാറും. 2022 അന്തരാഷ്ട്ര വനിതാ ദിനത്തിന്റെ മുഖ്യ സന്ദേശമായ ബ്രേക്ക് ദ ബയാസ് അഥവാ പക്ഷപാതത്തെ ഇല്ലാതാക്കുക എന്നത് അക്ഷരാർത്ഥത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരുന്ന ഏക സംഘടനകളുടെ സംഘടനയായി മാറും ഫൊക്കാന എന്ന മഹത്തായ സംഘടന. സ്ത്രീകൾക്ക് അവസരം നൽകാൻ മത്സര രംഗത്തു നിന്നും മാറി നിൽക്കുന്ന ഫൊക്കാനയിലെ പല ഉന്നത പുരുഷ നേതാക്കൻമാരാണ് ഇവിടെ മാതൃകയാകുന്നത്‌. നേരത്തെ മത്സര രംഗത്തുണ്ടാകുമെന്ന് കരുതിയ പല ഉന്നത പുരുഷ നേതാക്കന്മാരും സ്ത്രീശാക്തീകരണം എന്ന ഫൊക്കാനയുടെ യജ്ഞത്തിൽ പങ്കാളികളായി കളമൊഴിഞ്ഞിരിക്കുകയാണ്.

ചിക്കാഗോ മലയാളി അസോസിയേഷന്റെ (സി.എം.എ) മുഖ്യധാരയിൽ പ്രവർത്തിക്കുന്ന വനിതാ നേതാവായ ഡോ. ബ്രിജിത്ത് 2010-2012, 2012-2014 കാലയളവുകളിൽ സി.എം.എയുടെ ബോർഡ് മെമ്പർ ആയി പ്രവർത്തിച്ചു. ഇതേ കാലയളവിൽ സി.എം.എ യുടെ വിമൻസ് ഫോറം കോർഡിനേറ്റർ ആയും പ്രവർത്തിച്ച അവർ 2011 ൽ സി.എം.എ യുടെ യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ ആയും പ്രവർത്തിച്ചിരുന്നു.

സി. എം.എ യിലൂടെ ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കല-സാംസ്‌കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. 2012ൽ ചിക്കാഗോയിൽ വച്ച് നടന്ന ഫൊക്കാന കൺവെൻഷനിൽ മലയാളി മങ്കയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഫൊക്കാന ഒർലാണ്ടോ കൺവെൻഷൻ കൾച്ചറൽ കോർഡിനേറ്റർ, മലയാളി മങ്ക കോർഡിനേറ്റർ എന്നീ ഉത്തരവാദിത്വങ്ങളും ഡോ. ബ്രിജിത്തിൽ ഭരമേല്പിച്ചിട്ടുണ്ട്. 2010-2012 കാലയളവിൽ ഫൊക്കാനയുടെ മിഡ് വെസ്റ്റ് റീജിയണൽ ജോയിന്റ് സെക്രെട്ടറിയായിരുന്ന ഡോ. ബ്രിജിത്ത് ഫൊക്കാനയുടെ വിവിധ കൺവെൻഷനുകളുടെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട പല കമ്മിറ്റികളിലും അംഗമായിരുന്നു.

2011ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരള ഒറിജിൻ (ARPKO) എന്ന സംഘടനയുടെ സ്ഥാപക നേതാവും സെക്രെട്ടറിയുമായി ചുമതലയേറ്റ ഡോ. ബ്രിജിത്ത് 2016-2018 കാലയളവിൽ ആ സംഘടനയുടെ പ്രസിഡണ്ടു സ്ഥാനവും ആലങ്കരിച്ചു. 2016-2018 കാലഘട്ടത്തിൽ ചിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ പാരിഷ് കൗൺസിൽ മെമ്പറും പബ്ലിക്ക് റിലേഷൻ ഓഫീസറുമായിരുന്നു. ഏഷ്യാനെറ്റിന്റെ യു.എസ്.എ റൗണ്ട് അപ്പ് പ്രോഗ്രാമിൽ അവർ ഗസ്റ്റ് എന്ന വിഭാഗത്തിൽ അവതരികയായി പ്രവർത്തിച്ചിട്ടുള്ള ഡോ ബ്രിജിത്ത് ഇപ്പോൾ കൈരളി ടി.വി. യു.എസ്.എ യുടെ ഭാഗമായി പ്രവർത്തിക്കുന്നു.

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ബെർഗ് മാൻ- മേരിയമ്മ ദമ്പതികളുടെ മകളായി പിറന്ന ബ്രിജിത്ത് 1998ൽ കോയമ്പത്തൂർ ശ്രീരാമകൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിൽ നിന്ന് ഫിസിക്കൽ തെറാപ്പിയിൽ ബിരുദം നേടിയ ശേഷം അതേ വർഷം അമേരിക്കയിൽ കുടിയേറി. 2015ൽ ന്യൂയോർക്കിലെ യുറ്റിക യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ഫിസിക്കൽ തെറാപ്പി (ഡി.പി.ടി)യും കരസ്ഥമാക്കി. ഹെൽത്ത് പ്രൊ റീഹാബിലിറ്റേഷനിൽ ഫിസിക്കൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നു.

സെർട്ടിഫൈഡ് അക്കൗണ്ട്സ് പ്രാക്ടീഷണർ (സി.പി.എ) ആയ സെബാസ്ററ്യൻ ജോർജ് ആണ് ഭർത്താവ്. മക്കൾ: ജോഷ്വ, ജെസീക്ക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.