ഇന്ത്യയ്ക്ക് വന്‍ വിലക്കുറവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ; വാങ്ങിയാല്‍ ബുദ്ധിമുട്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

 ഇന്ത്യയ്ക്ക് വന്‍ വിലക്കുറവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ; വാങ്ങിയാല്‍ ബുദ്ധിമുട്ടാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യക്ക് വന്‍ വിലക്കുറവില്‍ കൂടുതല്‍ അസംസ്‌കൃത എണ്ണ വാഗ്ദാനം ചെയ്ത് റഷ്യ. യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍ വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അനുദിനമുള്ള ഇന്ധന വില വര്‍ധനവില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ വില നിയന്ത്രിച്ചു നിര്‍ത്താന്‍ റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

എന്നാല്‍ ഉക്രെയ്‌നില്‍ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അമേരിക്ക ആവശ്യപ്പെട്ടു. അത് തുടര്‍ന്നാല്‍ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അമേരിക്ക നല്‍കിയിട്ടുണ്ട്.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേര്‍പ്പെടുത്താനാണ് യു.എസ് നീക്കമെന്ന് വാര്‍ത്തകളുണ്ട്. മുന്‍വര്‍ഷങ്ങളിലേത് പോലെ റഷ്യയില്‍ നിന്ന് വിലക്കിഴിവില്‍ ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ യുഎസിന് വിരോധമില്ലെന്നും എന്നാല്‍ അത് വന്‍തോതില്‍ വര്‍ധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് യൂറോപ്പിലേയ്ക്കും യുഎസിലേയ്ക്കുമുള്ള വിതരണം തടസപ്പെട്ടതിനാല്‍ ക്രൂഡ് ഓയില്‍ ഏഷ്യയില്‍ വിറ്റഴിക്കാനാണ് റഷ്യയുടെ ശ്രമം. ഏഷ്യയിലെ തന്നെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെയാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയിലേയ്ക്കും വന്‍തോതില്‍ എണ്ണ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

റഷ്യയുടെ പണമിടപാട് സംവിധാനമായ എസ്പിഎഫ്എസ് വഴി റൂബിള്‍-രൂപ ഇടപാടിനും റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കൂടുതല്‍ സുഗമമാക്കാന്‍ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും.

രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബാള്‍ട്ടിക് കടല്‍വഴിയുള്ള ഷിപ്പിങ് തടസം മറികടക്കാന്‍ കിഴക്കന്‍ റഷ്യയുടെ വ്ളാഡിവോസ്റ്റോക് തുറമുഖംവഴി എണ്ണ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇവിടെനിന്ന് 20 ദിവസം കൊണ്ട് ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള എണ്ണ ശുദ്ധീകരണ ശാലകളില്‍ എണ്ണ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.