കരുതല്‍ ശേഖരത്തിലുള്ള ഇന്ധനം വിപണിയിലെത്തിക്കാന്‍ യു.എസ്; ലാഭമുണ്ടാക്കരുതെന്ന് എണ്ണ കമ്പനികളോട് ബൈഡന്‍

കരുതല്‍ ശേഖരത്തിലുള്ള ഇന്ധനം വിപണിയിലെത്തിക്കാന്‍ യു.എസ്; ലാഭമുണ്ടാക്കരുതെന്ന് എണ്ണ കമ്പനികളോട് ബൈഡന്‍

വാഷിങ്ടന്‍: രാജ്യത്ത് ഇന്ധനവില വര്‍ധന പിടിച്ചുനിര്‍ത്താന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ അസാധാരണമായ നീക്കം. അമേരിക്കയുടെ കരുതല്‍ ശേഖരത്തിലുള്ള ഇന്ധനം വിപണിയിലെത്തിക്കാന്‍ പ്രസിഡന്റ് ഉത്തരവിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. അടുത്ത ആറു മാസത്തിനുള്ളില്‍ 180 ദശലക്ഷം ബാരല്‍ എണ്ണ കരുതല്‍ ശേഖരത്തില്‍നിന്ന് പുറത്തെടുക്കാനാണ് തീരുമാനം. 40 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഇത്രയും കൂടിയ അളവില്‍ കരുതല്‍ ശേഖരം പുറത്തെടുക്കുന്നത്. 1974-ലാണ് കരുതല്‍ ശേഖരം ആരംഭിക്കുന്നത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ ഇന്ധന വില ഇനിയും കൂടുമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍നിന്നുള്ള ഇന്ധനത്തിന് യു.എസ്. ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് കരുതല്‍ ശേഖരത്തില്‍നിന്നുള്ള ഇന്ധനം പുറത്തെടുക്കുന്നതായുള്ള ഔദേ്യാഗിക പ്രഖ്യാപനം ജോ ബൈഡന്‍ നടത്തിയത്.

റഷ്യയുടെ രാജ്യാന്തര വ്യാപാര നയത്തെ പ്രതിരോധിക്കുക മാത്രമല്ല, യു.എസ്. പൗരന്മാര്‍ക്ക് കുറഞ്ഞ വിലയില്‍ ഇന്ധനം ലഭ്യമാക്കുക കൂടിയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. നവംബറില്‍ യു.എസില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ധനവില പിടിച്ചു നിര്‍ത്തേണ്ടത് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്.

രാജ്യത്തെ എണ്ണപ്പാടങ്ങളില്‍നിന്ന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാത്തതിന് എണ്ണ കമ്പനികളെ ശിക്ഷിക്കാനുള്ള നടപടികളും യു.എസ് ഭരണകൂടം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിതരണം വര്‍ധിപ്പിച്ച് ഇന്ധനവില കുറയ്ക്കാനാണു ശ്രമം.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പ്രവൃത്തി മൂലം ഇന്ധനവില ഉയരുകയാണ്. ആവശ്യത്തിന് വിതരണമില്ല. ഇന്ധനവില കുറയണമെങ്കില്‍ കൂടുതല്‍ എണ്ണ വിതരണം നടത്തേണ്ടതുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു.

എണ്ണവില കുറയുമ്പോള്‍ യു.എസ് കരുതല്‍ ശേഖരം വീണ്ടും പഴയപടി പുനഃസ്ഥാപിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. സാഹചര്യം മുതലെടുത്ത് ലാഭം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന എണ്ണക്കമ്പനികള്‍ക്കെതിരേ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

'മഹാമാരിയോ യുദ്ധമോ മുതലെടുത്ത് സമ്പന്നരാകാന്‍ ഒരു അമേരിക്കന്‍ കമ്പനിയും ശ്രമിക്കരുത്. ആ ലാഭം ഉല്‍പ്പാദനത്തിലും നവീകരണത്തിലും നിക്ഷേപിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.