ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വര്‍ഷാവസാന പരീക്ഷയ്‌ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോഡി . ഒന്‍പത് മുതല്‍ 12 വരെയുളള കുട്ടികളെയും അവരുടെ അധ്യാപകരെയും രക്ഷാകര്‍ത്താക്കളെയും പങ്കെടുപ്പിച്ച് നടന്ന 'പരീക്ഷാ പേ ചര്‍ച്ച' എന്ന പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയിലാണ് കുട്ടികള്‍ക്ക് പ്രധാനമന്ത്രി ആത്മവിശ്വാസം നൽകിയത്.
ഡല്‍ഹി താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പരീക്ഷയെ ഉത്സവമാക്കണമെന്ന് കുട്ടികളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. പരീക്ഷയുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ കുട്ടികള്‍ അദ്ദേഹത്തോടു ചോദിച്ചു. സരസവും അര്‍ത്ഥവത്തായതുമായ രീതിയിലാണ് പ്രധാനമന്ത്രി അതിന് മറുപടി നല്‍കിയത്.
പരീക്ഷ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പൂര്‍ണ ആത്മവിശ്വാസത്തോടെ വേണം അതിനെ അഭിമുഖീകരിക്കാനെന്ന് മോഡി പറഞ്ഞു. പഠനത്തിനിടയില്‍ കുട്ടികള്‍ മൊബൈലില്‍ റീല്‍സ് ചെക്ക് ചെയ്യാനായി പോകാറുണ്ടോ എന്ന് കുസൃതി ചോദ്യം പ്രധാനമന്ത്രി ചോദിച്ചു. ഓണ്‍ലൈന്‍ ടൂളുകളിലൂടെ മനസിനെ അച്ചടക്കമുളളതാക്കണം. ഓണ്‍ലൈനായാലും ഓഫ് ലൈനായാലും മനസാണ് പ്രധാനമായും പഠനത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു.
മനസ് അര്‍പ്പിക്കണം. പരീക്ഷയില്‍ കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തങ്ങളുടെ അമിത പ്രതീക്ഷകളും നടക്കാതെപോയ സ്വപ്‌നങ്ങളുമൊന്നും കുട്ടികളുടെ പുറത്ത് കെട്ടിവയ്‌ക്കരുതെന്ന് രക്ഷകര്‍ത്താക്കളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓരോ കുട്ടിയും ഓരോ സവിശേഷ വ്യക്തിത്വമുളളവരാണ്.
രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷം നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ താല്‍പര്യത്തിനനുസരിച്ച് പുതിയ പഠനമേഖലകള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. പഠനത്തോടൊപ്പം കായിക ഇനങ്ങളും പ്രധാനമാണ്. ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് കായികയിനങ്ങളെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.