ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗം.
മധ്യകാലഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ധിഷണാശാലിയായ തത്വജ്ഞാനിയാണ് റോജര്‍ ബേക്കണ്‍. വിദ്യാഭ്യാസ സമ്പ്രദായത്തെയും ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെയും അപ്പാടെ മാറ്റിമറിച്ച മഹാമനീഷിയാണ് അദ്ദേഹം.
ശരിയായ ചോദ്യം ചോദിക്കുക എന്നത് പകുതി അറിവിന് സമമാണ് എന്ന അദ്ദേഹത്തിന്റെ അടിസ്ഥാന പഠനം ചോദ്യങ്ങള്‍ ചോദിച്ചു ശരിയായ അറിവിലേക്ക് പ്രയാണം ചെയ്ത അദ്ദേഹത്തിന്റെ രീതിയെ മനസിലാക്കാന്‍ സഹായിക്കും. താന്‍ വിശ്വസിച്ച കാര്യങ്ങള്‍ക്കായി എന്നും ആശയപരമായ പോരാട്ടങ്ങള്‍ നടത്തിയ ആളാണ് റോജര്‍ ബേക്കണ്‍. ആരെയും ഭയക്കാതെ തന്റെ ബോധ്യങ്ങളെ സ്ഥാപിക്കാന്‍ അദ്ദേഹം എന്നും പരമാവധി പരിശ്രമിച്ചു.
ഇംഗ്ലണ്ടിലെ വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ 1220 അടുത്താണ് റോജര്‍ ബേക്കണ്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് വിദ്യാഭ്യാസത്തോട് അതിയായ താല്‍പര്യം ഉണ്ടായിരുന്ന ഒരാളാണെന്ന് മനസിലാക്കാന്‍ സാധിക്കും. തന്റെ രണ്ടു മക്കളെ വിദ്യാഭ്യാസമേഖലയില്‍ ഇന്നും അറിയപ്പെടുന്ന ചിന്തകരാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ചെറുപ്പത്തില്‍ത്തന്നെ ഗണിതവും സംഗീതവും ജ്യോതി ശാസ്ത്രവുമൊക്കെ പഠിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു.
തുടര്‍ന്ന് പാരിസില്‍ പോയാണ് റോജര്‍ ബേക്കണ്‍ ഉന്നത പഠനങ്ങള്‍ നടത്തിയത്. 1241 ന് മുന്‍പ് പാരിസില്‍ നിന്നു അദ്ദേഹം ബിരുദം പൂര്‍ത്തിയാക്കി എന്ന് കരുതപ്പെടുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടുണ്ട് എന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ ബാല്യവും വിദ്യാഭ്യാസവുമെല്ലാം നമുക്ക് വ്യക്തമായ തെളിവുകളില്ലാത്ത കാലഘട്ടങ്ങളാണ്.
ഉദ്ദേശം 1257 ഓടുകൂടി അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സന്യാസ ജീവിതകാലത്ത് അധികാരികളോട് പല കാര്യങ്ങളിലും അദ്ദേഹത്തിന് ആശയപരമായ സമരം നടത്തേണ്ടതായി വന്നു. അതുകൊണ്ടുതന്നെ അധികാരികളോടുള്ള അദ്ദേഹത്തിന്റെ ബന്ധം അത്ര നന്നായിരുന്നില്ല. എന്നാല്‍ ഇതിനെതിരെ അദ്ദേഹം ക്ലമന്റ് നാലാമന്‍ പാപ്പാക്ക് കത്തയച്ചു.
ക്ലമന്റ് നാലാമന്‍ പാപ്പായുമായി അദ്ദേഹം മാര്‍പ്പാപ്പ ആകുന്നതിനു മുന്‍പുതന്നെ റോജര്‍ ബേക്കണ് പരിചയമുണ്ടായിരുന്നു. പ്രകൃതിയിലെ കാര്യങ്ങളെപ്പറ്റി കുറേക്കൂടി ആഴത്തില്‍ അറിയുന്നത് ക്രിസ്തീയ വിശ്വാസം കൂടുതല്‍ ആഴത്തില്‍ മനസിലാക്കാന്‍ സഹായിക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മാര്‍പാപ്പ ഇത് അംഗീകരിക്കുകയും ഈ പദ്ധതി പൂര്‍ത്തീകരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. റോജര്‍ ബേക്കണ്‍ മനസില്‍ കണ്ടിരുന്നത് അന്നുണ്ടായിരുന്ന സകല അറിവുകളും ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത് സര്‍വ്വവിജ്ഞാന കോശമാണ്.
ഇതിന് വളരെ ആളുകളുടെ സഹകരണവും അധ്വാനവും വേണ്ടിയിരുന്നു. പാപ്പായോടുള്ള അനുസരണത്തിന്‍ കീഴില്‍ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം മൂന്നു പുസ്തകങ്ങള്‍ രചിച്ചു. Opus majus, Opus minus , Opus tertium എന്നിവയാണ് ആ മൂന്നു കൃതികള്‍. തന്റെ അധികാരികളുടെ അറിവ് കൂടാതെയാണ് ഈ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചത്.
1268 ല്‍ ക്ലമന്റ് പാപ്പായുടെ മരണത്തോടെ റോജര്‍ ബേക്കണ്‍ വിഭാവനം ചെയ്ത ശാസ്ത്രീയ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതിനെത്തുടര്‍ന്ന് റോജര്‍ ബേക്കണ്‍ മറ്റൊരു സര്‍വ്വവിജ്ഞാന കോശം കൂടി പദ്ധതിയിട്ടു. Opus majus, Opus minus , Opus tertium എന്നിവയാണ് ഈ പദ്ധതിയിലെ പുസ്തകങ്ങള്‍.
ആദ്യത്തേത് നാച്ചുറല്‍ ഫിലോസോഫിയുടെ അടിസ്ഥാന പാഠങ്ങളും രണ്ടാമത്തേത് ഗണിത ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളും മൂന്നാമത്തേത് തത്വശാസ്ത്രത്തിന്റെ സംഗ്രഹവുമാണ്. ഗണിത ശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമായി മനസിലാക്കിയയാളാണ് ബേക്കണ്‍. ഗണിതം അദ്ദേഹം ഒപ്റ്റിക്‌സില്‍ ഉപയോഗിച്ചു. ഗണിതം ശാസ്ത്രത്തിന്റെ വാതിലും താക്കോലുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ടു വര്‍ഷത്തോളം 1277 മുതല്‍ 1279 വരെ അദ്ദേഹം തന്റെ അധികാരികളാല്‍ വീട്ടുതടങ്കലിനു വിധിക്കപ്പെട്ടു. ആല്‍ക്കെമിയില്‍ നടത്തിയ ചില നവീന പരീക്ഷണങ്ങളാണ് ഇതിനു കാരണമായത്. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ Compendium Studii Theologie എന്ന പേരില്‍ ദൈവശാസ്ത്രത്തിന്റെ വിജ്ഞാനകോശം തയ്യാറാക്കുന്നതില്‍ ശ്രദ്ധയര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. 1292 ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ വെച്ച് റോജര്‍ ബേക്കണ്‍ മരണം പുല്‍കി.
അനുഭവത്തില്‍ നിന്നും ശാസ്ത്രം വളര്‍ത്തുന്ന രീതി പ്രയോഗികമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളാണ് റോജര്‍ ബേക്കണ്‍. ഗണിതം, ജ്യോതിശാസ്ത്രം, ഒപ്റ്റിക്‌സ്, കെമിസ്ട്രി തുടങ്ങിയ ശാസ്ത്രീയ വിഷയങ്ങളോടൊപ്പം നിരവധി ഭാഷകളിലും അദ്ദേഹം നൈപുണ്യം നേടി. തോക്കില്‍ ഉപയോഗിക്കുന്ന വെടിമരുന്നിനെപ്പറ്റി ആദ്യമായി വിശദീകരിക്കുന്ന യൂറോപ്യന്‍ ബേക്കണ്‍ ആണ്.
പറക്കുന്ന യന്ത്രങ്ങളെപ്പറ്റിയും മോട്ടോര്‍ പിടിപ്പിച്ച കപ്പലുകള്‍ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്നതിനെപ്പറ്റിയും പതിമൂന്നാം നൂറ്റാണ്ടില്‍ത്തന്നെ അദ്ദേഹം സംസാരിച്ചു എന്നത് വിസ്മയജനകമായ വസ്തുതയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.