ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയം ഭരണഘടനയ്ക്കെതിരാണെന്ന് അഭിപ്രായപ്പെട്ട് സ്പീക്കര്‍ തളളിയതോടെ പ്രസിഡന്റ് ആരിഫ് അല്‍വി പാകിസ്ഥാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
മന്ത്രിസഭയും പിരിച്ചുവിട്ടുവെന്ന് വാര്‍ത്താ വിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു. 90 ദിവസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ പ്രധാനമന്ത്രി എന്ന നിലയില്‍ ഭരണഘടനാപരമായ ചുമതലകള്‍ ഇമ്രാന്‍ ഖാന്‍ നിര്‍വ്വഹിക്കും.
ഇമ്രാന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ പതറിപ്പോയ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കാനുളള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ഇമ്രാന്‍ പാര്‍ട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.
തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ അജണ്ടയാണെന്ന് ഇമ്രാന്‍ ആരോപിച്ചിരുന്നു. വിദേശ ശക്തികളല്ല രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന്‍ സൂരിയോട് നന്ദിയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അവസാന നിമിഷം ചില അത്ഭുതങ്ങള്‍ നടക്കുമെന്നും താന്‍ തന്നെ അധികാരത്തില്‍ തുടരുമെന്നും കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ തനിക്കനുകൂലമായി ലക്ഷം ജനങ്ങളെ അണിനിരത്തുമെന്ന ഇമ്രാന്റെ ഭീഷണി കണക്കിലെടുത്ത് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ദേശീയ അസംബ്ലി മന്ദിരത്തിന് ചുറ്റും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പതിനായിരത്തോളം സൈനികരുടെ കനത്ത സുരക്ഷാ വലയത്തിലാണ് പാക് അസംബ്ളി മന്ദിരം. ഇതുവരെ ഇമ്രാനെ പിന്തുണച്ചിരുന്ന സൈന്യം ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ല. തനിക്കെതിരായ നീക്കം അമേരിക്കയുടെ ഗൂഢാലോചനയെന്ന് ഇമ്രാന്‍ ആരോപിച്ചതിനെ പാക് സൈനിക മേധാവി തളളിക്കളഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.