ശ്രീലങ്കയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു: പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജിവച്ചു; സ്വീകരിക്കാതെ പ്രസിഡന്റ്

ശ്രീലങ്കയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു: പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ രാജിവച്ചു; സ്വീകരിക്കാതെ പ്രസിഡന്റ്

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തിയ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിയും ഉടലെടുത്തു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ രാജിയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. രാജിക്കത്ത് നല്‍കിയെങ്കിലും പ്രസിഡന്റ് ഗോതബയ രാജപക്‌സെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ജനങ്ങള്‍ സര്‍ക്കാരിനെതിരേ സമര മുഖത്താണ്.

ജനരോഷം ശക്തമായതോടെയാണ് പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചത്. പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിസഭയും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന രാജ്യത്ത് അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചത് വലിയ ജനകീയ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

സര്‍ക്കാറിനെതിരായ വര്‍ധിച്ചു വരുന്ന പ്രക്ഷോഭങ്ങള്‍ കാരണം നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 600 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് പ്രധാനമന്ത്രി മഹീന്ദ രാജപര്‌സെ രാജി വെച്ചതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്.

അവശ്യ വസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ഇന്ത്യ മാത്രമാണ് കാര്യമായ പ്രതികരണം നടത്തിയുള്ളൂ. ഡീസലും ഭക്ഷ്യ വസ്തുക്കളും ഇന്ത്യ നല്‍കി വരുന്നുണ്ട്.

പ്രധാനമന്ത്രി മഹീന്ദയും പ്രസിഡന്റ് ഗോതബയയും സഹോദരങ്ങളാണ്. ശ്രീലങ്കന്‍ മന്ത്രിസഭയില്‍ രാജപക്‌സെ കുടുംബാംഗങ്ങളാണ് ഏറെയും. തന്ത്രപ്രധാനമായ വകുപ്പുകളും കൈകാര്യം ചെയ്യുന്നത് രാജപക്‌സെ കുടുംബമാണ്.

സര്‍ക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഗോട്ടബയ രാജപക്‌സെ ഭരണകൂടം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 6 വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് നടപടി.

ജനങ്ങള്‍ വിപിഎന്‍ ഉപയോഗിക്കുന്നതിനാല്‍ സമൂഹമാധ്യമ നിരോധനം ഫലം ചെയ്യുന്നില്ലെന്നും കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും ശ്രീലങ്കന്‍ യുവജന കായിക വകുപ്പ് മന്ത്രി നമാല്‍ രജപക്‌സെ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.