പ്രാണന്‍ നിലയ്ക്കാറായിട്ടും ഉപേക്ഷിച്ചില്ല; യജമാനന്റെ മൃതദേഹത്തിനരികില്‍ രണ്ടാഴ്ച്ച കാവലിരുന്ന് വളര്‍ത്തുനായ

പ്രാണന്‍ നിലയ്ക്കാറായിട്ടും ഉപേക്ഷിച്ചില്ല; യജമാനന്റെ മൃതദേഹത്തിനരികില്‍ രണ്ടാഴ്ച്ച കാവലിരുന്ന് വളര്‍ത്തുനായ

ലോസ് ഏയ്ഞ്ചല്‍സ്: സ്വന്തം പ്രാണന്‍ നിലയ്ക്കാറായിട്ടും മരിച്ചുപോയ യജമാനനു രണ്ടാഴ്ച്ചയോളം കാവലിരുന്ന നായയുടെ സ്‌നേഹം കണ്ണുനിറയ്ക്കുന്ന കാഴ്ച്ചയായി. യു.എസില്‍ രണ്ടാഴ്ചയിലേറെയായി കാണാതായ കാലിഫോര്‍ണിയ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയപ്പോഴാണ് ഒപ്പം മരണാസന്നനായ നായയെയും കണ്ടെത്തിയത്.

29 വയസുകാരനായ ഓസ്‌കാര്‍ അലജാന്‍ഡ്രോ ഹെര്‍ണാണ്ടസിന്റെ മൃതദേഹമാണ് കാലിഫോര്‍ണിയയിലെ ഗ്രിഫിത്ത് പാര്‍ക്കിലെ കുന്നിന്‍ പ്രദേശത്ത് കണ്ടെത്തിയത്. യുവാവിനൊപ്പം കാണാതായ നായ ഭക്ഷണം ലഭിക്കാതെ മെലിഞ്ഞുണങ്ങിയ അവസ്ഥയിലായിരുന്നു. ജീവന്‍ അവസാനിക്കാറായിട്ടും യജമാനന്റെ മൃതദേഹം ഉപേക്ഷിച്ചു പോകാതിരുന്ന കിംഗ് എന്ന നായയുടെ കരുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും നൊമ്പരപ്പെടുത്തുന്ന അനുഭവമായി. ഉടമയുടെ അരികില്‍ നിലയുറപ്പിച്ചിരുന്ന നായ തീര്‍ത്തും അവശനായിരുന്നു.

മാര്‍ച്ച് പകുതിയോടെയാണ് യുവാവിനെയും നായയെയും കാണാതായതെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറഞ്ഞു. വിശാലമായ മുനിസിപ്പല്‍ പാര്‍ക്കിലെ നടപ്പാതയില്‍ മാര്‍ച്ച് 16-നാണ് ഓസ്‌കാറിനെ അവസാനമായി കണ്ടത്. തുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കുന്നിന്‍ പ്രദേശത്ത് കണ്ടെത്തിയത്. ഓസ്‌കാര്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കിംഗ് മൃതദേഹത്തിന് അരികില്‍ നിന്നു മാറിയിട്ടില്ലെന്നാണ് പോലീസ് നിഗമനം. ഭക്ഷണം കിട്ടാതിരുന്നിട്ടും നായയെ ജീവനോടെ കണ്ടെത്തിയത് പോലീസിനും കുടുംബാംഗങ്ങള്‍ക്കും അത്ഭുതമായിരുന്നു.

ലോസ് ഏയ്ഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, ലോസ് ഏയ്ഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തി മൃതദേഹം നീക്കി. യുവാവിന്റെ മരണകാരണം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പുല്‍മേടുകളും കുന്നിന്‍ പ്രദേശങ്ങളും ഉള്‍പ്പെടെ 4,000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതാണ് ഗ്രിഫിത്ത് പാര്‍ക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.