രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയായിരുന്ന അശോക് തന്‍വാര്‍ ആംആദ്മിയിലേക്ക്; ലക്ഷ്യം ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്

രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയായിരുന്ന അശോക് തന്‍വാര്‍ ആംആദ്മിയിലേക്ക്; ലക്ഷ്യം ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: രാഹുല്‍ ബ്രിഗേഡിലെ പ്രധാനിയും മുന്‍ ഹരിയാന പിസിസി പ്രസിഡന്റുമായിരുന്ന അശോക് തന്‍വാര്‍ ഇന്ന് ആംആദ്മി പാര്‍ട്ടിയില്‍ ചേരും. ഹരിയാന കോണ്‍ഗ്രസിലെ ചേരിപ്പോര് മൂലം കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട തന്‍വാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മമതയുടെ പാര്‍ട്ടിയില്‍ വലിയ നേട്ടമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവിലാണ് അദേഹം അരവിന്ദ് കെജ്‌രിവാള്‍ ക്യാമ്പിലേക്ക് നീങ്ങുന്നത്.

രാഹുലിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു തന്‍വാര്‍. എന്‍എസ്‌യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ പ്രസിഡന്റുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ നേതാവുമാണ് തന്‍വാര്‍. 2014 മുതല്‍ 2019 വരെയാണ് ഹരിയാന പിസിസി പ്രസിഡന്റ് സ്ഥാനം അദേഹം വഹിച്ചത്. 2009 ല്‍ സിര്‍സയില്‍ നിന്ന് പാര്‍ലമെന്റിലെത്തുകയും ചെയ്തു.

പഞ്ചാബിന് പുറമെ ഹരിയാനയിലും അധികാരം പിടിക്കുകയെന്ന ലക്ഷ്യവുമായി മുന്നേറുന്ന എഎപിക്ക് തന്‍വാറിന്റെ വരവ് ഗുണം ചെയ്യും. ഹരിയാന രാഷ്ട്രീയത്തില്‍ തന്‍വാറിനെ പോലൊരു മുഖത്തെ ഉയര്‍ത്തി കാട്ടാന്‍ സാധിക്കുന്നത് ആംആദ്മി പാര്‍ട്ടിക്ക് അടിത്തട്ടില്‍ പ്രവര്‍ത്തനം വിപുലമാക്കാന്‍ വഴിയൊരുക്കും. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കളെയും അണികളെയും ആകര്‍ഷിക്കാമെന്ന കണക്കുകൂട്ടലിലാണ് എഎപി.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കുമാരി ഷെല്‍ജ- ഭൂപീന്ദര്‍ ഹൂഡ ക്യാമ്പുകളിലായി ചേരിതിരിഞ്ഞ് നില്‍ക്കുകയാണ്. ഷെല്‍ജയെ മാറ്റി തന്നെ പിസിസി പ്രസിഡന്റാക്കണമെന്നാണ് ഹൂഡയുടെ ആവശ്യം. 2024 ല്‍ ആണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.