കൊച്ചി: എയ്ഡയ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ സഭ.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ വര്‍ഷങ്ങളായുള്ള അഭ്യര്‍ത്ഥനകളെയും നിവേദനങ്ങളെയും നിരാകരിച്ച് ഇക്കഴിഞ്ഞ ജൂലൈ 31 നാണ് വിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷി നിയമനത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഒഴിവുകള്‍ പൂര്‍ണമായും നികത്തിയാല്‍ മാത്രമേ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുകയുള്ളൂ എന്നുള്ള ഉത്തരവിറക്കിയത്.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1996 മുതല്‍ നടത്തിയ നിയമങ്ങളുടെ മൂന്ന് ശതമാനവും 2018 മുതല്‍ നടത്തിയ നിയമനങ്ങളുടെ നാല് ശതമാനവും ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വയ്ക്കുകയും ഈ വിവരം സത്യവാങ്മൂലത്തിലൂടെ സര്‍ക്കാരിനെ അറിയിക്കുകയും സമന്വയ എന്ന വെബ്‌സൈറ്റില്‍ വിവരം അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.
സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന അത്രയും ശതമാനം ഒഴിവുകള്‍ അവശേഷിപ്പിച്ചിട്ടാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ മറ്റ് നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. ഈ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പത്ര പരസ്യങ്ങളും കൃത്യമായി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇതില്‍ പകുതിപോലും ഒഴിവുകളില്‍ യോഗ്യരായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ മുഴുവന്‍ പോസ്റ്റുകളിലേക്കും നിയമനം നടത്താന്‍ പറ്റാത്ത സാഹചര്യം ചൂണ്ടിക്കാട്ടി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന അത്രയും ഒഴിവുകള്‍ നിലനിര്‍ത്തുകയും ബാക്കിയുള്ള നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യണമെന്നുള്ളതാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ നിരന്തര അഭ്യര്‍ത്ഥന.
2018 മുതല്‍ ഭിന്നശേഷി നിയമന ഉത്തരവില്‍ കുരുങ്ങി, പതിനാറായിരത്തിലധികം അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെയും ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെയും ദുരിതത്തില്‍ ആയിരിക്കുന്നത്. അധ്വാനിക്കുന്നവന്റെ അവകാശമായ കൂലി നിഷേധിച്ച് സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ ദുശാഠ്യം അവസാനിപ്പിക്കണം എന്നാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
എന്നാല്‍ തികച്ചും ധാര്‍മികവും നീതിപൂര്‍വവുമായ ഈ അഭ്യര്‍ത്ഥനകളെ അവഗണിക്കുക മാത്രമല്ല, ഈ ആവശ്യം ഉന്നയിച്ച ക്രൈസ്തവ മാനേജ്‌മെന്റുകളെ ഒട്ടാകെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
'ക്രൈസ്തവ സഭകള്‍ ഭിന്നശേഷി നിയമനങ്ങള്‍ക്കെതിരാണ്, ഈ വിഷയത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റ്കളുടെ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണ്, തിരഞ്ഞെടുപ്പ് അടുക്കുന്നതുകൊണ്ടുള്ള സമ്മര്‍ദ്ദ തന്ത്രമാണ്, ഇത് ഭീഷണിയും സര്‍ക്കാരിനെ വിരട്ടലുമാണ്, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, തുടങ്ങിയ വളരെ ബാലിശവും വസ്തുത വിരുദ്ധവുമായ പ്രസ്താവനകളാണ് മന്ത്രി ഈ വിഷയത്തില്‍ നടത്തിയിരിക്കുന്നത്.
ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വേണ്ട വിധം പഠിച്ചിട്ടില്ല എന്നുള്ളത് നിരുത്തരവാദപരമായ അദേഹത്തിന്റെ ഇത്തരം പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഏതെങ്കിലുമൊരു ദുരാരോപണം ഉന്നയിച്ചു കൊണ്ടാണ് ഏതൊരു ധാര്‍മിക സമരത്തെയും എല്ലാക്കാലത്തും ഭരണ വര്‍ഗം നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.
അതിജീവനത്തിന് വേണ്ടിയുള്ള അധ്യാപകരുടെ ധര്‍മ സമരത്തിന്റെ മുനയടിക്കാനുള്ള ശ്രമമാണ് ഇത് സമ്മര്‍ദ്ദതന്ത്രമെന്നും വിരട്ടലെന്നും രാഷ്ട്രീയ പ്രേരിതമെന്നുമുള്ള ദുരാരോപണങ്ങള്‍ ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രി നടത്തുന്നത്. ഈ വിഷയത്തില്‍ അദേഹത്തോട് ചര്‍ച്ചയ്ക്ക് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഇപ്പോഴും സന്നദ്ധവുമാണ്.
സര്‍ക്കാരിനോട് ഒരു സംഘര്‍ഷത്തിനോ, തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തിനോ വേണ്ടിയല്ല അധ്യാപകര്‍ ഈ സമരത്തിനിറങ്ങിയത്. 2018 മുതല്‍ ഉന്നയിച്ച ആവശ്യമാണ് ഇപ്പോഴും ഉന്നയിക്കുന്നത്. മാത്രമല്ല, ഉപജീവനത്തിനുള്ള ഉപാധികള്‍ സകലതും അടയ്ക്കപ്പെട്ട് ദുരിതത്തില്‍ ആയിരിക്കുന്ന പതിനാറായിരത്തിലധികം വ്യക്തികളുടെയും അവരുടെ കുടുംബങ്ങളിലെ അമ്പതിനായിരത്തോളം വരുന്ന മനുഷ്യരുടെയും ജീവല്‍ പ്രശ്‌നമാണ് സര്‍ക്കാരിന്റെ മുന്‍പിലേക്ക് കൊണ്ടു വരുന്നത്.
ദയവായി അതില്‍ രാഷ്ട്രീയം കലര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ അഭ്യര്‍ത്ഥന. ഒരു ജനാധിപത്യ സര്‍ക്കാര്‍ അതിലെ പൗരന്മാരോട് ദുശാഠ്യത്തിനു പോകരുതെന്നും ബഹുസഹസ്രം മനുഷ്യരുടെ കണ്ണീരില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കരുതെന്നും സീറോ മലബാര്‍ സഭ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.