ഫ്‌ളോറിഡ: ഭൂമിക്കും ചന്ദ്രനും ഭീഷണിയായി ഒരു ഛിന്നഗ്രഹം. 2024 വൈ.ആര്‍ 4 എന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കണ്ടെത്തിയ ഈ ഛിന്നഗ്രഹത്തിന് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള പേര്.
ഇത് ചന്ദ്രനിലോ ഭൂമിയിലോ വന്നു പതിച്ചാലുള്ള ഭീഷണി തടയുന്നതിന് രണ്ട് വഴികളാണ് ശാസ്ത്ര ലോകത്തിന്റെ മുന്നിലുള്ളത്. ഒന്നുകില്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥം മാറ്റുക, അല്ലെങ്കില്‍ അണുബോംബിട്ട് പൂര്‍ണമായി തകര്‍ത്തു കളയുക.
53 മീറ്റര്‍ മുതല്‍ 67 മീറ്റര്‍ വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാന്‍ മൂന്ന് ശതമാനം സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് പുതിയ നിരീക്ഷണം. ചന്ദ്രനില്‍ പതിച്ചാലും ഭൂമിക്ക് ഭീഷണിയാണ്. അതിനാലാണ് അണുബോംബിട്ട് പൂര്‍ണമായി തകര്‍ക്കാന്‍ നാസ ആലോചിക്കുന്നത്.
2024 വൈ.ആര്‍ 4 ഛിന്നഗ്രഹം ചന്ദ്രനില്‍ പതിച്ചാല്‍ ലൂണാര്‍ ഇജക്ട് എന്ന പ്രതിഭാസത്തിലേക്ക് അത് നയിച്ചേക്കും. ഛിന്നഗ്രഹം ചന്ദ്രനില്‍ ഇടിച്ചിറങ്ങുന്നതോടെ ചന്ദ്രോപരിതലത്തിലെ പൊടിയും ചെറു പാറകളും ഉള്‍പ്പെടുന്ന ബാഹ്യപാളി ഉയര്‍ന്ന് പൊങ്ങുകയും അത് ചെറു ഉല്‍ക്കാ അവശിഷ്ടങ്ങളായി ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വ്യാപിക്കുകയും ചെയ്യും. ഇതിനാണ് ലൂണാര്‍ ഇജക്ട് എന്ന് പറയുന്നത്.
നിരവധി ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും ബഹിരാകാശ യാത്രാ ദൗത്യങ്ങളും ഉള്‍പ്പടെ നടക്കുന്ന ഈ ഭ്രമണപഥ മേഖലയിലേക്ക് പുറത്തു നിന്നുള്ള ഈ അവശിഷ്ടങ്ങള്‍ എത്തുന്നത് വലിയ നാശ നഷ്ടങ്ങളിലേക്ക് നയിച്ചേക്കും എന്നതാണ് ശാസ്ത്ര ലോകത്തിന്റെ ആശങ്ക.
ഛിന്നഗ്രഹം ചന്ദ്രനിലോ ഭൂമിയിലോ വന്നു പതിച്ചാലുള്ള ഭീഷണി തടയുന്നതിന് ഛിന്നഗ്രഹത്തിന്റെ സഞ്ചാര പഥം മാറ്റുകഎന്നതിനായിരുന്നു ആദ്യ പരിഗണന. ഇതിനായി ഡാര്‍ട്ട് ദൗത്യത്തിന് സമാനമായ പദ്ധതി ശാസ്ത്രജ്ഞര്‍ പരിഗണിച്ചിരുന്നു.
എന്നാല്‍ അത് പ്രായോഗികമാവില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഛിന്നഗ്രഹത്തിന്റെ പിണ്ഡം എത്രയാണെന്നത് സംബന്ധിച്ച കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ അതിനെ വഴി മാറ്റാനുള്ള ശ്രമം ചിലപ്പോള്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് കൂടുതല്‍ ഭീഷണിയായേക്കാമെന്നാണ് വിലയിരുത്തല്‍.
അതിനാല്‍ 100 കിലോ ടണ്‍ ഭാരമുള്ള അണുബോംബ് വിക്ഷേപിച്ച് ഛിന്നഗ്രഹത്തെ തകര്‍ക്കാനും ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിച്ച അണുബോംബിനേക്കാള്‍ എട്ടിരട്ടിയോളം ശേഷിയുള്ളതായിരിക്കും ഈ ബോംബ്.
യഥാര്‍ത്ഥത്തില്‍ 2024 വൈ.ആര്‍ 4 ഛിന്നഗ്രഹത്തെ തകര്‍ക്കാന്‍ നിലവില്‍ മനുഷ്യരുടെ പക്കലുള്ള ഒരു മെഗാടണ്‍ അണുബോംബ് തന്നെ ധാരാളമാണ്. ഛിന്നഗ്രഹത്തില്‍ അണുബോംബിട്ട് പരീക്ഷിച്ചിട്ടില്ലെങ്കിലും 1960 കളില്‍ ബഹിരാകാശത്ത് വെച്ച് ആണുവിസ്ഫോടന പരീക്ഷണം നടത്തിയിട്ടുണ്ട്.
ഛിന്നഗ്രഹത്തെ വഴിതിരിച്ചു വിടാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ മാത്രമേ അണുബോംബ് എന്ന മാര്‍ഗം സ്വീകരിക്കുകയുള്ളൂവെന്നും നാസ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.