കീവ്: ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന സമാനതകളില്ലാത്ത ക്രൂരതയുടെ ഭീകരത വെളിപ്പെടുത്തുന്ന സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാക്സര്‍ ടെക്നോളജീസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റഷ്യന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെ കൂട്ടത്തോടെ സംസ്‌കരിക്കാനായി ഒരു പള്ളിയില്‍ പണിത വലിയ കുഴിമാടമാണ് ദൃശ്യത്തിലുള്ളത്. 45 അടി നീളത്തിലാണ് കുഴിയെടുത്തിരിക്കുന്നത്.
തലസ്ഥാനമായ കീവില്‍നിന്ന് 37 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ബുച്ചയിലെ ഒരു പള്ളിയുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. ബുച്ച നഗരത്തിന്റെ തെരുവുകളില്‍ മൃതശരീരങ്ങള്‍ കാണപ്പെട്ടിരുന്നതായി സ്ഥലം സന്ദര്‍ശിച്ച റോയിറ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഉക്രെയ്‌ന്റെ ആരോപണത്തെ പ്രകോപനപരമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.
കീവില്‍ നിന്ന് സാധാരണക്കാരുടെ 410 മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്ന് ഉക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഇറിന വെനഡിക്ടോവയാണ് വെളിപ്പെടുത്തിയിരുന്നു. റഷ്യയില്‍ നിന്ന് അടുത്തിടെ ഉക്രെയ്ന്‍ സൈന്യം പിടിച്ചെടുത്ത സ്ഥലത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഇവര്‍ ദേശീയ ടെലിവിഷനോട് പറഞ്ഞു. വംശഹത്യയാണ് റഷ്യ നടത്തിയതെന്നായിരുന്നു ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുടെ പ്രതികരണം. കീവിലെ മോട്ടിജിന്‍ ഗ്രാമത്തിലെ മേയര്‍ റഷ്യന്‍ പിടിയിലായിരിക്കെ കൊല്ലപ്പെട്ടുവെന്നും ഉക്രെയ്‌നിലുടനീളം 11 മേയര്‍മാരും കമ്മ്യൂണിറ്റി തലവന്മാരും റഷ്യന്‍ അടിമത്തത്തിലുണ്ടെന്നും ഉക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു.
റഷ്യക്കാര്‍ കൈവശപ്പെടുത്തിയ നഗരങ്ങളിലെ സാധാരണ പൗരന്മാരുടെ കൊലപാതകത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി അപലപിച്ചു. മറ്റ് അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ തുരത്തിയാല്‍ കൂടുതല്‍ ക്രൂരതകള്‍ വെളിപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു.
കൈകള്‍ കെട്ടിവച്ച നിലയിലാണ് ബുച്ച കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ശരീരങ്ങള്‍ കിടന്നതെന്നും ഇവരില്‍ പലരും പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നെന്നും വെളിപ്പെടുത്തലുകളുണ്ട്. സംഭവത്തില്‍ യുഎസ്, യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ പ്രതിഷേധം രേഖപ്പെടുത്തി. ഉക്രെയ്‌നില്‍ റഷ്യ യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു.
ബുച്ചയില്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട സാധാരണക്കാരുടെ ചിത്രങ്ങള്‍ വേദനാജനകമാണ്. കാര്യക്ഷമമായ അന്വേഷണം അത്യാവശ്യമാണെന്നും ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.