ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ.വി തോമസിനെതിരായ നടപടിയെക്കുറിച്ച് കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്. കെ.വി തോമസിനെ വിലക്കിയത് കെപിസിസി ആണ്. സംസ്ഥാന ഘടകത്തെ മറികടന്ന് തീരുമാനം എടുക്കില്ല. കെപിസിസി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡ് അംഗീകരിക്കുമെന്നും വ്യക്തമാക്കി.
ഹൈക്കമാന്റ് വിലക്കിനെ വകവെയ്ക്കാതെ സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചതെന്ന് കെ വി തോമസ് പറയുന്നു. സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താന്‍ ജന്‍മം കൊണ്ട് കോണ്‍ഗ്രസാണെന്നും പാര്‍ട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിന് കൈകൊടുത്താണ് കെ വി തോമസ് കോണ്‍ഗ്രസിന്റെ നിയന്ത്രണ രേഖ മറികടന്നത്. മനസിലടക്കിയ അമര്‍ഷം മുഴുവന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മേല്‍ ചൊരിയാനും കെ വി തോമസ് മറന്നില്ല. രാഹുല്‍ ഗാന്ധിയുമായുള്ള അകല്‍ച്ച മുതല്‍ തിരുതത്തോമാ വിളിവരെ പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം.
കൂടാതെ അധികാരസ്ഥാനത്തെ അരനൂറ്റാണ്ട് ആരുടേയും ഔദാര്യമല്ലെന്നും തോമസ് തുറന്നടിച്ചു. പോകുന്നത് പാര്‍ട്ടി കോണ്‍ഗ്രസിനല്ല സെമിനാറിനാണെന്നും അദ്ദേഹം പറഞ്ഞു. തലമുറമാറ്റം തനിക്കു മാത്രമോ എന്നായാരുന്നു സ്ഥാനങ്ങള്‍ നിഷേധിച്ചതിനോടുള്ള മറുചോദ്യം.
സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെ വി തോമസ് വ്യക്തമാക്കിയിരുന്നു. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പു തന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.