ഇ-പാസ്‌പോര്‍ട്ട് വിതരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍; തയാറാക്കുന്നത് നാസിക്കില്‍

ഇ-പാസ്‌പോര്‍ട്ട് വിതരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍; തയാറാക്കുന്നത് നാസിക്കില്‍

ന്യൂഡല്‍ഹി: ഇ- പാസ്‌പോര്‍ട്ട് വിതരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. കടലാസ്, ഇലക്ട്രോണിക് പാസ്‌പോര്‍ട്ടുകളുടെ സംയോജിത രൂപമാണ് ഇ-പാസ്‌പോര്‍ട്ട്.

അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ നിബന്ധന പ്രകാരമായിരിക്കും നിര്‍മാണം. ഇ-പാസ്‌പോര്‍ട്ട് വിതരണത്തിന് സാങ്കേതിക സഹായം നല്‍കാന്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസിലാണ് ഇ-പാസ്‌പോര്‍ട്ടുകള്‍ തയാറാക്കുന്നത്.

സാധാരണ പാസ്‌പോര്‍ട്ടുകളെ അപേക്ഷിച്ച് ഇ-പാസ്‌പോര്‍ട്ടുകളുടെ മുന്‍ പേജിനും പിന്‍ പേജിനും കൂടുതല്‍ കട്ടിയുണ്ടാകും. പാസ്‌പോര്‍ട്ടിന്റെ പിന്‍ കവറില്‍ ഒരു മൈക്രോ ചിപ്പും ഒളിപ്പിച്ചിരിക്കും. 64 കെബി ഡേറ്റ കൊള്ളുന്ന ഈ ചെറിയ ചിപ്പില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ഫോട്ടോ, വിരളടയാളങ്ങള്‍ എന്നിവ സൂക്ഷിച്ചിരിക്കും.

ഇ-പാസ്‌പോര്‍ട്ടുകള്‍ക്ക് സാധാരണയായി ഇതു സൂചിപ്പിക്കുന്ന ഒരു അടയാളവും മുന്‍ പേജില്‍ കാണാറുണ്ട്. യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ഇ-പാസ്‌പോര്‍ട്ട് നിലവിലുണ്ട്. പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാനും പാസ്‌പോര്‍ട്ട് മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാനും ഇ പാസ്‌പോര്‍ട്ടുകള്‍ക്ക് സാധിക്കും.

സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ അനധികൃത കേന്ദ്രങ്ങളില്‍ റീഡ് ചെയ്യുന്നതും ഡേറ്റ നശിപ്പിക്കുന്നതും തടയാന്‍ മൈക്രോ ചിപ്പില്‍ പ്രത്യേക സംവിധാനമുണ്ടാകും. 30 തവണയോളം പാസ്‌പോര്‍ട്ട് സ്റ്റാംപ് ചെയ്യുന്നതിന്റെ വിവരങ്ങളും ഈ ചിപ്പില്‍ ശേഖരിക്കും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.