ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി സുപ്രീംകോടതി ജഡ്ജിയായി കറുത്തവര്‍ഗക്കാരി. പ്രസിഡന്റ് ജോ ബൈഡന്റെ നോമിനിയും യു.എസ് അപ്പീല്‍ കോടതിയിലെ ന്യായാധിപയുമായ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണെ (51) വ്യാഴാഴ്ച ചരിത്രപരമായ വോട്ടെടുപ്പിലൂടെ സെനറ്റ് തെരഞ്ഞെടുത്തു. 47 നെതിരെ 53 വോട്ടുകള്‍ നേടിയായിരുന്നു കെറ്റാന്‍ജി ജാക്സണ്‍ന്റെ വിജയം. ഈ വേനല്‍ക്കാലത്ത് ജസ്റ്റിസ് സ്റ്റീഫന്‍ ബ്രയര്‍ വിരമിക്കുന്നതോടെ ജാക്സണ്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു കറുത്ത വര്‍ഗക്കാരിയെ സുപ്രീം കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് 2020-ലെ പ്രസിഡന്റ് പ്രചാരണ വേളയില്‍ ബൈഡന്‍ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് മുന്‍പായി പ്രസംഗിച്ച സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍ ഈ നിമിഷത്തെ ആഹ്ലാദകരവും അഭിമാനകരവുമായ നിമിഷമെന്നും വിശേഷിപ്പിച്ചു. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഫെഡറല്‍ ബഞ്ചിലേക്കു നാമനിര്‍ദേശം ചെയ്ത ആളാണ് കെറ്റാന്‍ജി.
ആദ്യഘട്ടത്തില്‍ ദ്രുതഗതിയിലായിരുന്നു വോട്ടെടുപ്പ്. എന്നാല്‍ കെന്റക്കിയിലെ സെനറ്റ് അംഗം റാന്‍ഡ് പോള്‍ വോട്ട് രേഖപ്പെടുത്തിയില്ലെന്ന് കണ്ടതോടെ അല്‍പസമയംകൂടി വോട്ടിംഗ് നീണ്ടു. സൗത്ത് കരോലിനയില്‍ നിന്നുള്ള ലിന്‍ഡ്സെ ഗ്രഹാം, ഒക്ലഹോമയിലെ ജിം ഇന്‍ഹോഫ് എന്നിവര്‍ സെനറ്റ് നിയമങ്ങള്‍ അനുശാസിക്കുന്ന തരത്തില്‍ ടൈകള്‍ ധരിക്കാത്തതിനാല്‍ ക്ലോക്ക് റൂമില്‍ നിന്നാണ് വോട്ട് ചെയ്തത്. സെനറ്റിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡന്റ് കമല ഹാരീസ് വോട്ടെടുപ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കെറ്റാന്‍ജി ജാക്സണ്‍ സെനറ്റില്‍ നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. 'കറുത്ത കുട്ടികളും വെളുത്ത കുട്ടികളും ഒരുമിച്ച് സ്‌കൂളില്‍ പോകാന്‍ അനുവാദം ഇല്ലാതിരുന്ന കാലത്താണ് എന്റെ മാതാപിതാക്കള്‍ വളര്‍ന്നത്. അവര്‍ എന്നെ കഠിനാധ്വാനം ശീലിപ്പിച്ചു. സ്ഥിരോത്സാഹം പഠിപ്പിച്ചു. ഈ മഹത്തായ രാജ്യത്ത് എന്തും സാധ്യമാണെന്ന് അവര്‍ എന്നെ പഠിപ്പിച്ചു. അതിന്റെ തെളിവാണ് സെനറ്റ് ഹാളിലെ ഈ ചരിത്ര നിമിഷം'-കെറ്റാന്‍ജി പറഞ്ഞു. സ്ഥാനം ഏറ്റെടുക്കുവരെ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍ അപ്പില്‍ കോടതിയിലെ ന്യാധിപയായി തുടരും.
തങ്ങള്‍ മുന്നോട്ട് വച്ച ആശയത്തിന്റെ വിജയമായാണ് ഡെമോക്രാറ്റുകള്‍ ഇതിനെ കാണുന്നത്. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പണപ്പെരുപ്പവും ഉക്രെയിനിലെ പ്രതിസന്ധിയും വിദേശ ആഭ്യന്തര വെല്ലുവിളികളുമൊക്കെ അമേരിക്ക നേരിട്ടുകൊണ്ടിരിക്കെ ചരിത്രപരമായ നിയമനത്തിലൂടെ പ്രതിപക്ഷ വിമര്‍ശനങ്ങളെ താല്കാലികമായെങ്കിലും ഡെമോക്രാറ്റുകള്‍ക്ക് മറികടക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.