ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി സുപ്രീം കോടതി. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയില്‍ നിക്ഷിപ്തമായ അധികാരങ്ങളാണ് നല്‍കിയത്. അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ പരാതികളും മേല്‍നേട്ട സമിതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേരളവും തമിഴ്നാടും നിര്‍ദേശിക്കുന്ന ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളില്‍ സാങ്കേതിക വിദഗ്ധന്റെ പേര് ഇരു സംസ്ഥാനങ്ങളും നല്‍കണം. നാട്ടുകാര്‍ക്കും മേല്‍നോട്ട സമിതിയില്‍ പരാതി നല്‍കാം. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം നടപ്പിലാക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണം.
അണക്കെട്ടിന്റെ സുരക്ഷയുടെ സമ്പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്ക് ആയിരിക്കുമെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, സി.ടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.
പുതിയ മേല്‍നോട്ട സമിതി വേണമെന്നും നിലവിലെ സമിതി ചെയര്‍മാനെ മാറ്റണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ സമിതി വരുന്നതുവരെ നിലവിലെ സമിതി തുടരട്ടെയെന്ന് കോടതി നിലപാടെടുത്തു. നിലവിലെ അംഗങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിലവില്‍ ഡാമിന്റെ പരിപൂര്‍ണ അധികാരമുള്ള തമിഴ്നാട്, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും തിരസ്‌കരിക്കുകയാണു പതിവ്. ജലനിരപ്പ് ഉയരുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നതിലും പെരിയാര്‍ തീരദേശ വാസികളുടെ ആശങ്ക പരിഗണിക്കുന്നതിലും തമിഴ്നാട് കേരളത്തെ തുടര്‍ച്ചയായി അവഗണിക്കുകയാണ്. മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിയതോടെ ഇനി സമിതിയായിരിക്കും ഇത്തരം സുരക്ഷാ കാര്യങ്ങളെല്ലാം പരിശോധിച്ച് തീരുമാനമെടുക്കുക.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ എന്നിവയും ആയി ബന്ധപ്പെട്ട് ജോ ജോസഫ് ഉള്‍പ്പടെ നല്‍കിയ വിവിധ ഹര്‍ജികളിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പടിവിച്ചത്.
പെരിയാര്‍ പ്രൊട്ടക്ഷന്‍ മൂവേമെന്റ്, സേവ് കേരള ബ്രിഗേഡ് എന്നീ സംഘടനകളൂം, അജയ് ബോസ് എന്ന വ്യക്തിയും കോടതിയുടെ ഇടപെടല്‍ തേടി ഹര്‍ജികള്‍ ഫയല്‍ ചെയ്തിരുന്നു. കേസില്‍ കക്ഷി ചേരാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.