സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷകൾക്ക് അടിമുടി മാറ്റം വരുന്നു; സെമസ്റ്റര്‍ പരീക്ഷകളുടെ നടത്തിപ്പ് കോളജുകള്‍ക്ക് കൈമാറാന്‍ ശിപാര്‍ശ

സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷകൾക്ക് അടിമുടി മാറ്റം വരുന്നു; സെമസ്റ്റര്‍ പരീക്ഷകളുടെ നടത്തിപ്പ്  കോളജുകള്‍ക്ക് കൈമാറാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാല പരീക്ഷകൾക്ക് അടിമുടി മാറ്റം വരുന്നു. സര്‍വകലാശാലകള്‍ക്ക് കീഴിലെ ബിരുദ കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളുടെ നടത്തിപ്പ് ബന്ധപ്പെട്ട കോളജുകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ നിയോഗിച്ച പരീക്ഷ പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ചെയ്യ്തു.

ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളും കോളജുകള്‍ക്ക് കൈമാറണം. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് ഇന്‍റേണല്‍ -എക്സ്റ്റേണല്‍ (തിയറി പരീക്ഷ) പരീക്ഷ മാര്‍ക്ക് അനുപാതം നിലവിലെ 20:80ല്‍ നിന്ന് 40:60 ആക്കി മാറ്റണമെന്ന സുപ്രധാന ശിപാര്‍ശയും കമീഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ ഉള്‍പ്പെടെ പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സമഗ്ര അഴിച്ചുപണിക്ക് ശിപാര്‍ശ ചെയ്യുന്ന ഇടക്കാല റിപ്പോര്‍ട്ട് കമീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.

പരീക്ഷകള്‍ക്ക് മുമ്പ് 15 മിനിറ്റ് സമാശ്വാസ സമയം (കൂള്‍ ഓഫ് ടൈം) അനുവദിക്കണം. ബാര്‍കോഡ് പതിച്ച ഉത്തരക്കടലാസ് ഉപയോഗിച്ച്‌ പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും പുനഃപരിശോധനയും സുതാര്യമായും വേഗത്തിലും നടത്താനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥിക്കും അധ്യാപകര്‍ക്കും ആധാര്‍ ബന്ധിത സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (യുനീക് ഐഡി) സമ്പ്രദായവും എം.ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷനായ കമീഷന്‍ ശിപാര്‍ശ ചെയ്തു.

സര്‍വകലാശാലകളിലെയും കോളജുകളിലെയും പി.ജി കോഴ്സ് പ്രവേശനത്തിന് സര്‍വകലാശാലതലത്തില്‍ പൊതുപരീക്ഷ നടത്തണം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സേവനങ്ങള്‍ ഓണ്‍ലൈനായി ഉറപ്പുവരുത്താന്‍ പോര്‍ട്ടല്‍ തുടങ്ങണം. കോളജ് തലത്തില്‍ നടത്തുന്ന സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പര്‍ സര്‍വകലാശാല തയാറാക്കി നല്‍കണം. 10-20 ശതമാനം ഉത്തരപേപ്പറുകള്‍ സര്‍വകലാശാല നിയോഗിക്കുന്ന പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ റാന്‍ഡം പരിശോധന നടത്തണം.
ചോദ്യപേപ്പറുകള്‍ പരീക്ഷ കേന്ദ്രങ്ങളിലേക്ക് സെക്യൂരിറ്റി സ്റ്റാന്‍റേര്‍ഡും പ്രോട്ടോകോളും പാലിച്ച്‌ ഡിജിറ്റല്‍ രീതിയില്‍ കൈമാറണം.

വാട്ടര്‍മാര്‍ക്ക് പതിച്ച്‌ ചോദ്യപേപ്പറുകള്‍ പരീക്ഷ കേന്ദ്രങ്ങള്‍ക്ക് പ്രിന്‍റെടുത്ത് ഉപയോഗിക്കാം. കോപ്പിയടി പിടികൂടിയാല്‍ പുതിയ പേപ്പര്‍ നല്‍കി വിദ്യാര്‍ഥിയെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി ബന്ധപ്പെട്ട പരീക്ഷയില്‍ മാത്രമായിരിക്കണം.

പരീക്ഷയിലെ കൃത്രിമം പിടികൂടിയ അതേദിവസം തന്നെ റിപ്പോര്‍ട്ട് ചെയ്യണം. പരീക്ഷ ഹാളില്‍ ഉള്‍പ്പെടെ പരീക്ഷ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ വേണം. മുഴുവന്‍ സര്‍വകലാശാലകളിലും ക്വസ്റ്റ്യന്‍ ബാങ്ക് സമ്പ്രദായം ഏര്‍പ്പെടുത്തണം. ഗ്രേസ് മാര്‍ക്ക് പരീക്ഷക്ക് പരിഗണിക്കുന്നതിന് പുറമെ കോഴ്സ് പ്രവേശനത്തിനും കൂടി പരിഗണിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ശിപാര്‍ശയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.