കെ സ്വിഫ്റ്റിന് സമയ ദോഷം; പിഴച്ചും പഴികേട്ടും നാലു നാള്‍; ഒടുവില്‍ ഒരു ജീവനും എടുത്തു

കെ സ്വിഫ്റ്റിന് സമയ ദോഷം; പിഴച്ചും പഴികേട്ടും നാലു നാള്‍; ഒടുവില്‍ ഒരു ജീവനും എടുത്തു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടു വന്ന പദ്ധതിയാണ് കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ്. എന്നാല്‍ തുടക്കം മുതല്‍ സ്വിഫ്റ്റിന് പിഴയ്ക്കുന്നതാണ് കേരളം കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് നിരത്തിലറിയ അന്നു മുതല്‍ പ്രശ്‌നമാണ്.

ബസ് നിരത്തിലിറങ്ങി നാലാം ദിനമായ ഇന്ന് ബസിടിച്ച് കാല്‍നട യാത്രക്കാരനായ തമിഴ്‌നാട് സ്വദേശി മരിച്ചു.തൃശൂര്‍ കുന്നംകുളത്ത് വച്ച് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്.തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി 55കാരനായ പരസ്വാമിയാണ് മരിച്ചത്.

ചായകുടിക്കാനായി റോഡുമുറിച്ചുകടക്കവെ അതിവേഗത്തില്‍ എത്തിയ ബസ് പരസ്വാമിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.നാലുദിവസം മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ എസ് ആര്‍ ടി സി സ്വിഫ്ട് നിരവധി അപകടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ജീവന്‍ നഷ്ടമാകുന്നത് ഇത് ആദ്യമായാണ്.

കെ.എസ്.ആര്‍.ടി.സി.യുടെ കെ-സ്വിഫ്റ്റ് ബസ് ഇതിന് മുന്‍പ് രണ്ട് തവണ അപകടത്തില്‍പ്പെട്ടു.ആദ്യം ഉണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെ.എസ്.എ.ടിസി എം.ഡി ബിജു പ്രഭാകര്‍ പ്രതികരിച്ചിരുന്നു.അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍ ബസ് ലോബിയാണെന്നും അടിയന്തര സ്വകാര്യ അന്വേഷണം വേണമെന്നും എംഡി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ പതിനൊന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഒഫ് ചെയ്ത് ഇരുപത്തിനാലുമണിക്കൂറിനിടെയാണ് ആദ്യരണ്ട് അപകടങ്ങളും ഉണ്ടായത്. ആദ്യത്തെ അപകടം തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുവച്ചായിരുന്നു. പിറ്റേദിവസം രാവിലെ പത്തരയോടെ കോട്ടയ്ക്കലില്‍ വച്ചായിരുന്നു രണ്ടാമത്തെ അപകടം. മൂന്നാമത്തെ അപകടവും കോട്ടയ്ക്കലില്‍ തന്നെയായിരുന്നു. മൂന്ന് അപകടത്തിലും ബസിന് കേടുപാടുകളും ഉണ്ടായിരുന്നു.

ആദ്യ രണ്ട് അപകടങ്ങളും ഉണ്ടായതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്ന അധികൃതരുടെ വിലയിരുത്തലിനെ തുടര്‍ന്ന് രണ്ട് ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വിഫ്ടിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും വോള്‍വോ ഉള്‍പ്പടെയുള്ള പുതുതലമുറ ബസുകള്‍ ഓടിച്ച് പരിചയമില്ലാത്തവരാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ തുടരെത്തുടരെ അപകടത്തില്‍പ്പെട്ടത്.

ഇപ്പോള്‍ ഇതൊന്നും കൂടാതെ കെ സ്വിഫ്ട് ബസ് യാത്രക്കാരനില്‍ നിന്ന് എക്‌സൈസ് കഞ്ചാവും പിടിച്ചെടുത്തു. ഇയാള്‍ കുടുങ്ങിയത് എക്‌സൈസിന്റെ പതിവ് പരിശോധനയിലും. പശ്ചിമ ബംഗാള്‍ സ്വദേശിയായ അനോവറിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്ട് ബസിലാണ് അനോവര്‍ യാത്ര ചെയ്തത്.

സര്‍വീസ് ആരംഭിക്കിന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന് തലവേദനയായിരുന്നു സ്വിഫ്റ്റ്. സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പ് വണ്ടികളിടിച്ച് തെറുപ്പിച്ച ചരിത്രവും സ്വിഫ്റ്റിന്റെ പേരിലുണ്ട്. കെ എസ് ആര്‍ ടി സി യ്ക്ക് കൈമാറാനായി ബെംഗ്‌ളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടു വന്ന ബസ് മറ്റ് വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കൂടാതെ ബസില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഒന്നിലധികം വാഹനങ്ങളെ ബസ് ഇടിച്ചുവെന്നും നിര്‍ത്താതെ പോയെന്നും ആരോപണമുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്നും ഒട്ടും ശ്രദ്ധയില്ലാതെയാണ് ബസുകള്‍ തലസ്ഥാനത്തേയ്ക്ക് എത്തിച്ചതെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ എസ് ആര്‍ ടി സി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിനുവേണ്ടിയാണ് ലക്ഷ്വറി വോള്‍വോ ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം ആനയറയിലുള്ള സിഫ്റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകള്‍ എത്തിയത്. പുതുതായി എത്തുന്ന ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാല്‍ ഡ്രൈവറുടെ പണിപോകുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

വാഹനം സര്‍വീസിന് ഇറങ്ങുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കെ എസ് ആര്‍ ടി സി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകളില്‍ ചിലത് അപകടത്തില്‍ പെട്ട് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടികള്‍ കെ എസ് ആര്‍ ടി സ്വീകരിക്കുന്നത്. ഡ്രൈവര്‍ നിയമനത്തിനായുള്ള വ്യവസ്ഥകളില്‍ ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

എന്തൊക്കെ ആയാലും കെ സ്വിഫ്റ്റ് പൊതുജനത്തിനും സര്‍ക്കാരിനും ഒരു പോലെ തലവേദന ആയിരിക്കുകയാണ്. അപകടം ഉണ്ടാക്കിയ ഡ്രൈവര്‍മാരെ പിരിച്ചു വിട്ടുകൊണ്ട് പ്രശ്‌നത്തിന് താല്‍ക്കാലിക ശമനം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.