സഞ്ചാരികൾക്കായി മുഖം മിനുക്കി ഇടുക്കി ; കോടികളുടെ വികസന പദ്ധതിയുമായി ഡിറ്റിപിസി

സഞ്ചാരികൾക്കായി മുഖം മിനുക്കി ഇടുക്കി ; കോടികളുടെ വികസന പദ്ധതിയുമായി ഡിറ്റിപിസി

ഇടുക്കിയിലേക്ക് വിനോദ സഞ്ചാരികളെ കൂടുതൽ ടൂറിസം മേഖലയ്ക്ക് ഉണര്‍വ്വ് പകര്‍ന്ന് കോടികളുടെ വികസന പദ്ധതി നടപ്പിലാകുന്നു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കാനാണ് ഡി റ്റി പി സി തയാറെടുക്കുന്നത്.

ആമപ്പാറയും രാമക്കല്‍മേടും അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം പതിനെട്ട് കോടിയുടെ വികസന പദ്ധതികളാണ് നടപ്പിലാക്കുക.ഇടുക്കിയിലെ രാമക്കൽമേട്ടിൽ പോയിട്ടുള്ളവർക്ക് അറിയാം ആ നാടിന്റെ ഭംഗിയും കൗതുകക്കാഴ്‌ചകളുമൊക്കെ. അത്തരത്തിലൊന്നാണ് ആമപ്പാറ.  രാമക്കൽമേടിലെത്തുന്നവരൊക്കെ ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ചെറുതായിട്ടൊന്നുമല്ല രസം കൊള്ളിക്കുക.

ആമ തോടിനുള്ളിൽ ഒളിച്ചിരിക്കുന്നതുപോലെയുള്ള മഹാത്ഭുതമാണ് ആമപ്പാറയിലെ കാഴ്ചകൾ. പുറമേ നിന്നു നോക്കിയാൽ പതിഞ്ഞിരിക്കുന്ന ആമയെ പോലെ തോന്നുമെങ്കിലും പാറയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതോടെ സാഹസികത തുടങ്ങുകയായി. ഒരു വലിയ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകൾ കാണാം. അതിലൂടെ നേരിയ വഴിയുമുണ്ട്. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങുന്നതാണ് ആമപ്പാറയിലെ കൗതുകം. 

ആദ്യ പൊത്തിലൂടെ നടന്നും നിറഞ്ഞുമൊക്കെ പാറയുടെ മറുഭാഗത്തെത്താം. മറ്റേ പൊത്തിലൂടെ സഞ്ചരിച്ചാൽ തിരിച്ചിറങ്ങാം. ഇവിടെയാണ് ശരിക്കുള്ള സാഹസികത തുടങ്ങുന്നത്. ഇത്തവണ നടന്ന് നീങ്ങുന്നതിനേക്കാൾ വെല്ലുവിളി ഇരുന്നും നിരങ്ങിയുമൊക്കെ പുറത്തേക്കെത്തുക എന്നതാണ്. അതിന് കഴിയാത്തവർക്ക് കയറിയ വഴിയേ തന്നെ തിരിച്ചിറങ്ങാനും കഴിയും. പാറപ്പുറത്തെ കാഴ്ചകളും മനോഹരമാണ്. 

നിരവധി പാറക്കൂട്ടങ്ങളുള്ളതുകൊണ്ട് തന്നെ അവിടെ മതിയവോളമിരുന്ന് കാറ്റ് കൊണ്ട് ഇടുക്കിയുടെ കാഴ്ചകളും മനസ് നിറയെ കാണാം. രാമക്കൽമേട്ടിൽ നിന്നും ആമപ്പാറയിലേക്കുള്ള യാത്രയും അൽപ്പം സാഹസികമാണ്. തോവാളപ്പടി ജംഗ്ഷനിൽ നിന്നും ജീപ്പിലാണ് പിന്നീടുള്ള യാത്ര. ഓഫ്റോഡ് യാത്ര ഇഷ്ടമുള്ളവരെ ആമപ്പാറയിലേക്കുള്ള യാത്ര ഹരം പിടിപ്പിക്കും.

അതേസമയം കോവിഡിനെ തുടര്‍ന്ന് നിലച്ചിരുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ വീണ്ടും പുനരാരംഭിച്ചു. ഡി റ്റി പി സിയുടെ കീഴില്‍ വരുന്ന വിവിധ കേന്ദ്രങ്ങളില്‍ രണ്ടാം ഘട്ടമെന്ന രീതിയില്‍ പതിനെട്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുക.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തെക്കിന്റെ കാശ്മീരിലെത്തുന്ന സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മൂന്ന് കോടിയുടെ വികസന പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഡി റ്റി പി സി സെക്രട്ടറി ജിദേഷ് അറിയിച്ചു.

മൂന്നാറില്‍ എല്ലാവര്‍ഷവും മുടങ്ങാതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുഷ്പമേള സംഘടിപ്പിക്കാനും ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്താനുമാണ് ഡി റ്റി പി സിയുടെ ശ്രമം. ഇതോടൊപ്പം മലയോരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍ മേടിനോട് ചേര്‍ന്ന് കിടക്കുന്ന ആമപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 96 ലക്ഷം രൂപയാണ് ചെലവഴിക്കുക.

പാറയിടുക്കള്‍ക്കിടയിലൂടെ സുരക്ഷിതമായ ട്രക്കിംഗ് അടക്കം ആമപ്പാറയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്ഥമായ അനുഭവം പകര്‍ന്ന് നല്‍കുന്ന പദ്ധതികളാണ് ഇവിടെയും നടപ്പിലാക്കുന്നത്. നിലവില്‍ ജില്ലയിലാകെ നടന്നുവരുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നകതോടെ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡിറ്റിപിസി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.