അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കോൺഗ്രസ് ഉപാധ്യക്ഷനും രാജ്‌കോട്ട് ഈസ്റ്റ് മുൻ എം.എൽ.എ.യുമായ ഇന്ദ്രനീൽ രാജ്ഗുരു രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നു.
രാജ്‌കോട്ടിൽനിന്നുള്ള രണ്ട് കോർപ്പറേഷൻ കൗൺസിലർമാരും ഇദ്ദേഹത്തോടൊപ്പമുണ്ട്. ബി.ജെ.പി.ക്ക് ബദലാകാനുള്ള ശേഷി കോൺഗ്രസിന് ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്ന് രാജ്ഗുരു പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ജനസേവനപ്രവർത്തനങ്ങളിൽ മതിപ്പുള്ളതായും ബുധനാഴ്ച ഡൽഹിയിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച അദ്ദേഹം വ്യക്തമാക്കി.
സൗരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവായ രാജ്ഗുരു പാർട്ടിയുടെ സിറ്റി പ്രസിഡന്റായിരുന്നു. 2012-ൽ എം.എൽ.എ.യായി. 2017-ൽ രാജ്‌കോട്ട് വെസ്റ്റിൽ മുഖ്യമന്ത്രി വിജയ് രൂപാണിയോട് മത്സരിച്ച് തോറ്റു. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എം.എൽ.എ.കൂടിയായിരുന്നു റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഇദ്ദേഹം. രാജ്യസഭാ തിരഞ്ഞെടുപ്പുവേളകളിൽ എം.എൽ.എ.മാരെ സുരക്ഷിതമായി പാർപ്പിച്ചിരുന്നത് രാജ്ഗുരുവിന്റെ റിസോർട്ടിലാണ്.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 2018-ൽ രാജ്ഗുരു കോൺഗ്രസ് വിട്ടിരുന്നെങ്കിലും അടുത്തവർഷം തിരിച്ചെത്തി. കഴിഞ്ഞമാസം പുനഃസംഘടനയിൽ അദ്ദേഹത്തെ 25 വൈസ്‌പ്രസിഡന്റുമാരിൽ ഒരാളാക്കിയിരുന്നു. പക്ഷേ, ഒപ്പമുള്ളവരെ അവഗണിച്ചു.
വശറാംഭായി സഗാതിയ, കോമൾബെൻ ബരായി എന്നിവരാണ് രാജ്ഗുരുവിനൊപ്പം എ.എ.പി.യിൽ ചേർന്ന കൗൺസിലർമാർ. സഗാതിയ മുൻ കോർപ്പറേഷൻ പ്രതിപക്ഷനേതാവുമാണ്. ഇതോടെ രാജ്‌കോട്ട് കോർപ്പറേഷനിൽ കോൺഗ്രസ് അംഗസംഖ്യ രണ്ടായി ചുരുങ്ങി. മുൻ കോൺഗ്രസ് എം.എൽ.എ.യായ പ്രവീൺ മാരു വ്യാഴാഴ്ച ബി.ജെ.പി.യിൽ ചേർന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.