ന്യൂഡല്‍ഹി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദ്രോഹിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ചൈനീസ് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിക്കുന്ന സൈനികരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
ഇന്ത്യന്‍ പട്ടാളക്കാര്‍ എന്ത് ചെയ്തു എന്നത് സംബന്ധിച്ചും സര്‍ക്കാര്‍ എന്തൊക്കെ തീരുമാനങ്ങളെടുത്തു എന്നതിനെ കുറിച്ചും തനിക്ക് പരസ്യമായി പറയാന്‍ സാധിക്കില്ല. എന്നാല്‍ ദ്രോഹിച്ചാല്‍ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന ശക്തമായ സന്ദേശം ചൈനയ്ക്ക് നല്‍കാനായെന്ന് അദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒരു ശക്തമായ രാജ്യമായി മാറിയിരിക്കുകയാണ്. ലോകത്തിലെ മൂന്ന് വന്‍ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയ്ക്ക് ഒരു രാജ്യവുമായി നല്ല ബന്ധം ഉണ്ട് എന്നതു കൊണ്ട് മറ്റൊരു രാജ്യമായുള്ള ബന്ധം മോശമാകുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടില്‍ യുഎസിന് അതൃപ്തിയുള്ള പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
'ഇന്ത്യയുടെ പ്രതിച്ഛായ മാറി. രാജ്യത്തിന്റെ പ്രതാപം മെച്ചപ്പെട്ടു. അടുത്ത കുറച്ചു വര്‍ഷത്തിനുള്ളില്‍ ലോകത്തെ മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
2020 മേയ് അഞ്ചിനാണ് ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായി സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ പാന്‍ഗോങ് തടാക മേഖലയില്‍ രൂക്ഷമായ ആക്രമണം നടന്നു. 2020 ജൂണ്‍ 15 ന് ഗല്‍വാന്‍ താഴ്വരയിലെ മുഖാമുഖ സംഘര്‍ഷത്തോടെ കാര്യങ്ങള്‍ കൈവിട്ടുപോയി.
20 ഇന്ത്യന്‍ സൈനികരും ധാരാളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടെന്നതിന്റ കണക്ക് ചൈന പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.