മാത്യു പാലായുടെ Psalms of COVID-19 (കോവിഡ്-19-ന്റെ സങ്കീര്‍ത്തനങ്ങള്‍) പ്രകാശനം ചെയ്തു

മാത്യു പാലായുടെ Psalms of COVID-19  (കോവിഡ്-19-ന്റെ സങ്കീര്‍ത്തനങ്ങള്‍) പ്രകാശനം ചെയ്തു

പി.ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: മാത്യു പാലായുടെ Psalms of COVID-19 (കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍) പ്രകാശനം ചെയ്തു. സങ്കീര്‍ത്തനങ്ങളുടെ മാതൃകയില്‍ മനോഹരമായി തയ്യാറാക്കപ്പെട്ട കൃതിയാണിത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ ചടങ്ങിനു നേതൃത്വം നല്‍കി. 'ബ്രോഡ് സ്ട്രീറ്റിന്റെ മദര്‍ തെരേസ' എന്നറിയപ്പെടുന്ന ഡോക്ടര്‍ സിസ്റ്റര്‍ റോസ്ലിന്‍ എടത്തില്‍, മനഃശാസ്ത്രാദ്ധ്യാപകന്‍ ഡോ. ടോം പന്നലക്കുന്നേലിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.

സ്പ്രിങ് ഫോര്‍ഡ് ഏരിയാ സ്‌കൂള്‍ മാത്തമാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ടീച്ചറും വിവിധ മാധ്യമങ്ങളുടെ ചീഫ് എഡിറ്ററുമായ ജോസ് തോമസ്, മാത്യൂ പാലായുടെ രചനാ രീതികളെ വിലയിരുത്തി സംസാരിച്ചു. പ്രൊഫ. കോശി തലയ്ക്കല്‍, ഫാ. എം.കെ കുര്യാക്കോസ്, ഫാ. കുര്യാക്കോസ് കുംബക്കീല്‍, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ വിന്‍സന്റ് ഇമ്മാനുവേല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

ഡബ്ല്യൂ.എം.സി പെന്‍സില്‍വേനിയാ ചെയര്‍മാന്‍ ജോസ് ആറ്റുപുറം അദ്ധ്യക്ഷനായി. പ്രസിഡന്റ് ജോര്‍ജ് നടവയല്‍ സ്വാഗതവും സെക്രട്ടറി ഷൈലാ രാജന്‍ നന്ദിയും പ്രകാശിപ്പിച്ചു. ട്രഷറര്‍ നൈനാന്‍ മത്തായി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് കുട്ടി വര്‍ഗീസ്, ലൈസമ്മ ബെന്നി, ബെന്നി മാത്യു, ജെയിംസ് കിഴക്കേടത്ത്, തങ്കച്ചന്‍ സാമുവേല്‍, തോമസ് ഡാനിയേല്‍, ജോസഫ് തോമസ്, റോയ് ചാക്കോ, എബ്രാഹം കെ വര്‍ഗീസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


മാത്യൂ പാലാ

മാത്യൂ പാലാ  റോമിലെ പൊന്റിഫിക്കല്‍ അ്ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റഡായ ബാംഗളൂര്‍ സെന്റ് പീറ്റേഴ്‌സ് പൊന്റിഫിക്കല്‍ സെമിനാരിയിലും പൂനയിലെ കോളജ് ഓഫ് മിലിറ്ററി എന്‍ജിനീയറിങ്ങിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം അമേരിക്കയില്‍ കോമണ്‍ വെല്‍ത്ത് ഓഫ് പെന്‍സില്‍വേനിയയില്‍ ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനില്‍ ഉദ്യോഗസ്ഥനായി സേവനം നിര്‍വഹിച്ചു.

നമ്മെ വളരാന്‍ സഹായിച്ച, അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആളുകളോട് നന്ദിയുള്ളവരായിരിക്കണമെന്ന് മറുപടി പ്രസംഗത്തില്‍ മാത്യൂ പാലാ പറഞ്ഞു. ഭൂതകാലത്തിന്റെ മധുരസ്മരണകളെ ഓര്‍മ്മിപ്പിക്കുന്ന ഗന്ധങ്ങളോട് നന്ദിയുള്ളവരായിരിക്കാന്‍, പ്രകൃതിയോടും മൃഗങ്ങളോടും വളര്‍ത്തുമൃഗങ്ങളോടും നന്ദിയുള്ളവരായിരിക്കാന്‍, സൃഷ്ടാവ് നമുക്ക് നല്‍കിയ ജീവന്റെ ദാനത്തിന് നന്ദിയുള്ളവരായിരിക്കാന്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് 'സാംസ് ഓഫ് കോവിഡ്-19' എഴുതിയിരിക്കുന്നതെന്ന് മാത്യൂ പാലാ കൂട്ടിച്ചേര്‍ത്തു.

ഭൗതികവാദം, വ്യക്തിവാദം, പ്രയോജനവാദം, സുഖഭോഗവാദം എന്നിവയാല്‍ ഭോഗാകുലമായ സമകാലീന ആഗോള സംസ്‌കാരത്തില്‍ മാഞ്ഞുപോയ 'നന്ദി' എന്ന മാനവിക ഗുണവിശേഷത്തെ കുറിക്കുന്നതാണ് മാത്യു പാലായുടെ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍' എന്ന പുസ്തകം. നമ്മുടെ അസ്തിത്വത്തോട് കൃതജ്ഞതയുടെ മനോഭാവം പുലര്‍ത്തുമ്പോള്‍, ആ മനോഭാവം ജീവിതത്തെ ആധികാരികവും അര്‍ത്ഥപൂര്‍ണവും ജീവിക്കാന്‍ യോഗ്യതയുള്ളതുമാക്കും എന്ന വിചാരാധാരയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്. യൂജീനിലുള്ള (ഒറിഗോണ്‍) വൈപ്പ് & സ്റ്റോക്ക്, റിസോഴ്സ് പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. ദൈവശാസ്ത്രവും കവിതകളും ചരിത്രവും ഉള്‍പ്പെടെ മൂല്യവത്തായ കൃതികള്‍ മാത്രമാണ് ഇവര്‍ പ്രസിദ്ധീകരിക്കുന്നത്.

ഭാവന, ബുദ്ധി, ഹൃദയം എന്നിവയെ ഗുണപരമായി പ്രചോദിപ്പിക്കുന്ന രചന എന്ന നിലയിലാണ് റിസോഴ്സ് പബ്ലിക്കേഷന്‍സിനെ ഈ ഗ്രന്ഥം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. സാധാരണക്കാരനായ, ഇന്ത്യന്‍ പാരമ്പര്യത്തില്‍ വളര്‍ന്ന ഒരു അമേരിക്കക്കാരന്റെ ആത്മീയതയെക്കുറിച്ചുള്ള ഇംഗ്ലീഷ് രചന പ്രസാധകര്‍ ആദ്യമായാണ് സ്വീകരിക്കുന്നത്.

കോവിഡ്-19 എന്ന മഹാമാരിയില്‍ ലോകം വലയുന്ന സമയത്താണ് സങ്കീര്‍ത്തനങ്ങളുടെ മാതൃകയില്‍ 'കോവിഡ്-19ന്റെ സങ്കീര്‍ത്തനങ്ങള്‍' എഴുതിയിരിക്കുന്നത്. ബൈബിളിലെ സങ്കീര്‍ത്തനങ്ങളുടെ ചുവടുപിടിച്ചാണ് ഇത് എഴുതിയിരിക്കുന്നത്.

'സാംസ് ഓഫ് കോവിഡ്-19-ന്റെ' താളുകളിലൂടെ കടന്നുപോകുമ്പോള്‍ സൃഷ്ടാവില്‍ നിന്നും പ്രകൃതിയില്‍ നിന്നും നമുക്ക് ലഭിച്ച എല്ലാത്തിനും നന്ദിയുടെ ബോധം നമ്മില്‍ നിറയുന്നു. പരാതിപ്പെടുന്നതിനുപകരം നാം അഭിനന്ദിക്കാന്‍ തുടങ്ങുന്നു. തള്ളിക്കളയുന്നതിനുപകരം വിലമതിക്കുന്നതിനെ നാം അവലംബിക്കുന്നു. ചൂഷണം ചെയ്യുന്നതിനുപകരം നല്‍കപ്പെട്ടതിനെ സംരക്ഷിക്കാന്‍ നാം തുടങ്ങുന്നു. ആത്യന്തികമായി നാം സ്വാര്‍ത്ഥരേക്കാള്‍ കൂടുതല്‍ ഉദാരമതികളായിത്തീരുന്നു'

ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുടെയും, ദൈവശാസ്ത്രത്തിന്റെയും പിന്തുണയോടെ നിരീക്ഷണം, ദര്‍ശനം, മൂല്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ആഴത്തിലുള്ള ധ്യാനത്തിന്റെ ഫലമാണ് 'സാംസ് ഓഫ് കോവിഡ്-19'. പുസ്തകത്തിലെ വരികള്‍ മനസിനെ സാന്ത്വനപ്പെടുത്തുകയും വായനക്കാരെ ദൈവിക ശക്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.

മുഖവുരയും ആമുഖവും ഒഴികെ, 28 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്. ഇത് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ആദ്യ ഭാഗത്തില്‍ പതിനൊന്ന് അധ്യായങ്ങളുണ്ട്. രക്ഷിതാക്കള്‍, കുടുംബം എന്നിങ്ങനെ നമ്മുടെ വ്യക്തിജീവിതത്തിലെ അതിജീവനത്തിന് സഹായിച്ച വ്യക്തികളെക്കുറിച്ചാണ്.

പുസ്തകത്തിന്റെ രണ്ടാം ഭാഗം ഭൂമി, ജലം, അന്തരീക്ഷം, ഓക്‌സിജന്‍, മൃഗങ്ങള്‍ തുടങ്ങി നമുക്ക് ചുറ്റുമുള്ളവയെക്കുറിച്ചാണ്.

പുസ്തകത്തിന്റെ മൂന്നാം ഭാഗത്തില്‍ സൃഷ്ടിയെയും ചലനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. ലോകത്തിന്റെ പരിണാമം, അസ്തിത്വം, പ്രവര്‍ത്തനരീതി എന്നിവയുടെ ദാര്‍ശനികവും ശാസ്ത്രീയവുമായ വിവിധ വശങ്ങളിലേക്ക് വായനക്കാരനെ കൊണ്ടുപോകുകയും ദൈനംദിന ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ കാണിക്കുകയും ചെയ്യുന്നു.

പുസ്തകത്തിന്റെ നാലാം ഭാഗത്തിന് രണ്ട് അധ്യായങ്ങളുണ്ട്. നന്മയെ അനുഗമിക്കുന്നതിനായി നാം ചുമക്കേണ്ട സഹനങ്ങള്‍ ഏതൊക്കെയാണെന്ന് നാലാം ഭാഗം ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.