വിര്‍ജീനിയ: യു.എസ് നാവിക സേനയുടെ കപ്പലില്‍ മൂന്നു നാവികരെ ഒരാഴ്ചയ്ക്കിടെ ദുരൂഹ സാചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. യുഎസ്എസ് ജോര്‍ജ് വാഷിംഗ്ടണ്‍ എന്ന വിമാനവാഹിനിക്കപ്പലിലെ മൂന്ന് നാവികരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച നാവികരുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തിയില്ല. മൂന്നു പേരുടെയും മരണത്തിനു കാരണമായ സാഹചര്യങ്ങളും പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു നാവികനെ കപ്പലിനുള്ളില്‍ പ്രതികരണമില്ലാത്ത നിലയില്‍ കണ്ടെത്തുന്നത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന് മുമ്പ് കപ്പലിലെ മെഡിക്കല്‍ ടീം നാവികനെ ചികിത്സിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് രണ്ട് നാവികരെ ഏപ്രില്‍ 9, 10 തീയതികളില്‍ സമാനമായ അവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ഈ ദാരുണമായ സംഭവങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന പ്രാഥമിക സൂചനകളൊന്നുമില്ലെന്ന് നാവികസേനാ വക്താവ് കമാന്‍ഡര്‍ റീന്‍ മോംസെന്‍ പറഞ്ഞു.
കപ്പലിലേക്ക് മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് മറ്റു നാവികരെ കരകയറ്റാന്‍ വേണ്ട മാനസികാരോഗ്യ പിന്തുണ നല്‍കാനാണിത്.
യുഎസ്എസ് ജോര്‍ജ് വാഷിംഗ്ടണ്‍ ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനവാഹിനിക്കപ്പലാണ്. ഇത് നിലവില്‍ അറ്റകുറ്റപ്പണികള്‍ക്കും നവീകരണ ജോലികള്‍ക്കുമായി വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസിലാണ് നങ്കൂരമിട്ടിരിക്കുന്നത്. സംഭവത്തില്‍ നാവിക ക്രിമിനല്‍ ഇന്‍വെസ്റ്റിഗേറ്റീവ് സര്‍വീസും പ്രാദേശിക അധികാരികളുമാണ് അന്വേഷണം നടത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.