'ജാവ സിംപിളാണ്...പവര്‍ ഫുള്ളാണ്'; 57 വര്‍ഷം പഴക്കമുള്ള ജാവയില്‍ ഇന്ത്യ ചുറ്റി കണ്ണൂരുകാരന്‍

'ജാവ സിംപിളാണ്...പവര്‍ ഫുള്ളാണ്'; 57 വര്‍ഷം പഴക്കമുള്ള ജാവയില്‍ ഇന്ത്യ ചുറ്റി കണ്ണൂരുകാരന്‍

യാത്രയെ ഇഷ്ടപെടാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. നിരവധി പേര്‍ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം യാത്ര ചെയ്യുന്നവരും വിദേശ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്നവരുടെയും നിരവധി വീഡിയോകള്‍ നമ്മള്‍ ദിവസേന കാണാറുമുണ്ട്. 57 വര്‍ഷം പഴക്കമുള്ള ജാവ ബൈക്കുമായി ഇന്ത്യയില്‍ ഉടനീളം ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂര്‍ മാവിലായി കീഴറ സ്വദേശി വൈശാഖ്.

ജോലിയില്‍ നിന്ന് താല്‍ക്കാലികമായി വിട പറഞ്ഞാണ് വൈശാഖ് യാത്രയ്ക്കൊരുങ്ങിയത്. ഈ യാത്രയ്ക്ക് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടെന്ന് വൈശാഖ് പറയുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുക. തന്റെ ലക്ഷ്യവും ചേര്‍ത്ത് പിടിച്ച് ഈ ചെറുപ്പക്കാരന്‍ യാത്ര ചെയ്തത് 51 ദിവസമാണ്.

ഇന്റര്‍നാഷണല്‍ ഹോട്ടലായ മാരിയറ്റിലെ ജീവനക്കാരനായിരുന്നു വൈശാഖ്. 'റൈസിങ് സ്റ്റാര്‍ ഔട്ട് റീച്ച് ഓഫ് ഇന്ത്യ' എന്ന എന്‍ ജി ഒയെ സഹായിക്കുകയാണ് ലക്ഷ്യം. ചെന്നൈ കാഞ്ചീപുരത്ത് കുഷ്ഠരോഗം ബാധിച്ച 450 ഓളം കുട്ടികള്‍ അവിടെ താമസിച്ച് പഠിക്കുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഈ യാത്രകള്‍ക്ക് പിന്നിലുണ്ട്. ഇതിനു മുമ്പും നിരവധി സഹായങ്ങള്‍ നല്‍കാനായി വൈശാഖ് യാത്രകള്‍ ചെയ്തിട്ടുണ്ട്.

ഇതിനുമുമ്പ് ശ്രീലങ്കയിലെ ഒരു കാന്‍സര്‍ ആശുപത്രിയ്ക്ക് വേണ്ടി എട്ടു കോടിയോളം ശ്രീലങ്കന്‍ രൂപ സ്വരൂപിച്ചതായി വൈശാഖ് പറയുന്നു. ശ്രീലങ്കയില്‍ തന്നെ യാത്ര ചെയ്താണ് ഈ പണം സ്വരൂപിച്ചത്. സദ്ഗുരു ജഗിവാസുദേവിന്റെ ആരാധകനാണ് വൈശാഖ്. അദ്ദേഹത്തിന്റെ ജീവിത രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യാത്രകളിലേക്ക് തിരിഞ്ഞത്.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനാണ് വൈശാഖ് യാത്ര തുടങ്ങിയത്. ധനുഷ്‌കോടിയില്‍ നിന്ന് തുടങ്ങിയ യാത്ര കന്യാകുമാരി വഴി തിരുവനന്തപുരത്തുകൂടി കേരളം കടന്ന് ഗോവയില്‍ എത്തി. അവിടെ നിന്ന് മുംബൈയിലേക്കും പിന്നീട് ചണ്ഡിഗഢ് വഴി ശ്രീനഗറിലേക്കും. ലക്‌നൗവില്‍ നിന്ന് നേപ്പാള്‍ വഴി കൊല്‍ക്കത്തയിലേക്ക്. അവസാനം ചെന്നൈയില്‍ നിന്ന് കാഞ്ചീപുരത്തും എത്തി. 51 ദിവസത്തെ നീണ്ട യാത്രയ്ക്ക് ശേഷം ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് വൈശാഖ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.