ലോക പുസ്തകദിനം - ഏപ്രിൽ 23

ലോക പുസ്തകദിനം - ഏപ്രിൽ 23

“ജ്ഞാനി കരുത്തനെക്കാൾ ബലവാനത്രേ; അറിവുള്ളവൻ ശക്തനെക്കാളും.” സുഭാഷിതങ്ങൾ 24: 5

ഏപ്രിൽ 23 ലോക പുസ്‌തക ദിനമാണ്. പുസ്തകങ്ങളുടെ മഹത്വം മനസിലാക്കിയാൽ നമ്മൾക്ക് വായിക്കാതിരിക്കാനാകില്ല. അത്രയേറെ നേട്ടങ്ങളാണ് വായന നമ്മുക്ക് പ്രദാനം ചെയ്യുന്നത്.

ഫ്രാൻസിസ് ബേക്കൺ പറഞ്ഞതുപോലെ വായനയാണ് ഒരാളെ പൂർണനാക്കുന്നത്.  വാക്കുകളിലൂടെ ദൃശ്യജ്ഞാനം നൽകുന്ന മഹത്തായ പ്രതിഭാസമാണ് വായന. മനസിനെ പലവിധമായ വിചാരങ്ങളിലൂടെയും, വികാരങ്ങളിലൂടെയും, കൂട്ടിക്കൊണ്ടുപോകുന്ന പ്രതിഭാസമാണ് വായന. അതിനാൽത്തന്നെ വായന ഒരാളെ ക്രിയേറ്റീവ് ആക്കുന്നു.

ഉത്തമ സാഹിത്യ കൃതികളുടെ വായന നമ്മെ ജീവിതം പഠിപ്പിച്ചുതരുന്നു. ഓരോ കഥാപാത്രവും ജീവിതത്തിന്റെ വഴികൾ കാണിച്ചുതരുന്നവരാണ്. ഉദാഹരണത്തിന് 'കിഴവനും കടലും' എന്ന നോബൽ സമ്മാനം ലഭിച്ച നോവൽ വായിക്കുമ്പോൾ വലിയനേട്ടങ്ങൾക്കായുള്ള മനുഷ്യന്റെ അദമ്യമായ ദാഹം അവസാനിക്കുന്നത് ശൂന്യതയിൽ എന്ന് കാണിച്ചുതരുന്നു. എങ്ങനെ ഏതു ക്ലാസിക് കൃതികൾ എടുത്താലും നമുക്ക് ജീവിത പാഠങ്ങൾ പകർന്നുനല്കുന്നവയായിരിക്കും.

നമ്മിലെ മാനുഷീക മൂല്യങ്ങൾ വളർത്തുന്നതിൽ വായനയുടെ പങ്ക് വലുതാണ്. ഇവിടേയും നമ്മൾ കഥാപാത്രങ്ങളോട് അനുരൂപരാകുമ്പോൾ അവരുടെ അവസ്ഥയിൽ നമ്മൾ എത്തിപ്പെട്ടാൽ, നമുക്ക് വേണ്ടപ്പെട്ടവർ എത്തിപ്പെട്ടാൽ എന്ന ചിന്ത ഒരാളെ സഹാനുഭൂതിയുള്ളവനാക്കും. സ്വയാവബോധവും, ആത്മനിയന്ത്രണവും, സഹാനുഭൂതിയും, പ്രചോദനവും, കരുണയും, സ്നേഹവും എല്ലാം വരുന്നത് വൈകാരിക ബുദ്ധിയുടെ (E. Q) വികാസത്തിലൂടെയാണ്. വിദ്യാഭ്യാസത്തിലൂടെയും, വായനയിലൂടെയും വൈകാരിക ബുദ്ധി വികസിക്കാതെവന്നാൽ സമൂഹം അരാജകത്വത്തിലേയ്ക്ക് വളരും.  “ഹൃദയഭാവം അറിയാത്ത പാണ്ഡിത്യം വെറും മുരടത്തവും ഗർവും കാപട്യവുമാണ്.” N മോഹനൻ.

വായന നമ്മളെ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു. ഉയർന്ന സ്വപ്‌നങ്ങളാണ് ഉയർന്ന ലക്ഷ്യങ്ങളിൽ എത്തിക്കുന്നത്. നൂതനമായ ആശയങ്ങൾ രൂപപ്പെടുത്തുന്നതിനും, നൂതനമായ രീതിയിൽ അവ നടപ്പിലാക്കുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതും എല്ലാം വായനയിൽ നിന്ന് ഉൾതിരിയുന്ന ആശയങ്ങളിലൂടാണ്. ഡോക്ടർ എ പി ജെ അബ്ദുൽ കലാം പറഞ്ഞതുപോലെ "സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക. സ്വപ്നങ്ങളാണ് ചിന്തകളാകുന്നത്, ചിന്തകളാണ് പ്രവൃത്തികളായി പരിണമിക്കുന്നത്."

പുസ്‌തകങ്ങൾ അറിവിന്റെ ചക്രവാളങ്ങൾ നമ്മുക്കായി തുറക്കുന്നു. അറിവാണ് നമ്മെ ഉത്തമവും സംസ്കാരസമ്പന്നവുമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നത്. അറിവുണ്ടെങ്കിൽ മറ്റെല്ലാ ഐശ്വര്യങ്ങളും താനേ വന്നുകൊള്ളും.

ഒരാളെ ഭാഷയിൽ പ്രാവീണ്യമുള്ളവനാക്കുന്നത് വായനയാണ്. സ്വന്തം ശൈലി, പദസമ്പത്ത്, ലാളിത്യത്തോടെ സംസാരിക്കാനും എഴുതാനുമുള്ള പാടവം എല്ലാം ആർജ്ജിക്കുന്നത് പുസ്തകങ്ങളിലൂടെയാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ നമ്മെ ആകർഷിക്കുന്നതും  അഴിക്കോട് മാഷിന്റെ പ്രസംഗം നമ്മെ ആകർഷിച്ചതും എം ടിയുടെ പുസ്തകങ്ങൾ നമ്മെ ആകർഷിക്കുന്നതും അവരുടെ ശൈലിയും പദസമ്പത്തും  ഭാഷാ പ്രാവീണ്യവും കൊണ്ടുമാണ്.

ബുദ്ധിയുടെ വികാസത്തിൽ പുസ്തകങ്ങൾക്കുള്ള സ്ഥാനം വലുതാണ്. അറിവ് നേടാനും, മനസിലാക്കാനും, ഉപയോഗിക്കാനുമുള്ള കഴിവാണ് ബുദ്ധി. ബുദ്ധിയിൽ സൃഷ്ടാത്മകത, താർക്കികത, അറിവ്, പാണ്ഡിത്യം, ജ്ഞാനം, പെരുമാറ്റരീതി എല്ലാമുണ്ട്. അഹങ്കരമാണ് ബുദ്ധിയെ മറയ്ക്കുന്നത്. ബുദ്ധിയാണ് വിശകലം ചെയ്യാനും, പഠിക്കാനും, പെരുമാറാനും, പ്രശ്നങ്ങൾ പരിഹരിക്കാനും, ലക്ഷ്യബോധത്തോടെ പ്രവൃത്തിക്കാനും, ക്രിയാത്മകമായ് ചന്തിക്കാനും, പ്രവർത്തിക്കാനും പ്രചോദനം നൽകുന്നത്.

ശശി തരൂർ എം പിയോട് , ജി സ് പ്രദീപിനോട് നമ്മുക്ക് ആദരവ് തോന്നുന്നത്, അവരിലെ അറിവിൽനിന്ന് നേടിയ ആത്മവിശ്വാസത്തിലാണ്. അവരുടെ വായനയാണ് അവരിലെ അറിവിനും, ആത്മവിശ്വാസത്തിന്നും കാരണം. വായന ആത്മവിശ്വാസത്തിന്റെ വാതായനങ്ങളാണ്.

അറിവിനും വിജ്ഞാനത്തിനും മാത്രമല്ല, മനസികോല്ലാസത്തിന്നും, മനസിന്റെ സമചിത്തതയ്ക്കും വായന ഉത്തമമാണ്. "ശരീരത്തിന് വ്യായാമം പോലെയാണ് മനസ്സിന്ന് വായന." റിച്ചാർഡ് സ്റ്റീൽ.

ഉയർന്ന ശ്രദ്ധമുതൽ സാക്ഷാത്തായ ചിന്തകൾവരെ നീളുന്ന എണ്ണമറ്റ കഴിവുകൾ പ്രധാനം ചെയ്യുന്ന മഹത്തായ ഒരു ശീലമാണ് വായന. അതിനാൽത്തന്നെ തുറന്ന കണ്ണുകളോടെ നിറമുള്ള സ്വപ്നങ്ങൾ കാണിക്കുന്ന വായനയെ, പുസ്തകങ്ങളെ നമ്മുക്ക് പ്രണയിക്കാം. നന്മയെ വരൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26