പാലക്കാട് രൂപതയുടെ പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി

പാലക്കാട് രൂപതയുടെ പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി

പാലക്കാട്‌: പാലക്കാട് രൂപതയ്ക്ക് ഇനി പുതിയ ഇടയൻ. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് രൂപതയുടെ മെത്രാനായി അഭിഷിക്തനായി.

സെന്റ് റാഫേൽ കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി നടന്ന ഭക്തിനിർഭരമായ ചടങ്ങിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു.

തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികത്വം വഹിച്ചു.
നിയുക്ത രൂപതാ അധ്യക്ഷൻ സഭാതലവൻ മുൻപാകെ മുട്ടുകുത്തി അനുഗ്രഹം യാചിച്ചു. പ്രാർഥനയെ തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുടിയും അംശവടിയും ധരിപ്പിച്ചു. തുടർന്ന് രൂപതാ അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പ്രധാന പുരോഹിതൻ ഔദ്യോഗിക പീഠത്തിൽ ഇരുത്തി. രൂപതാധ്യക്ഷനായി സ്ഥാനാരോഹിതനായ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് രൂപതയാകുന്ന പ്രാദേശിക സഭയുടെ ഇടയനായി നിയമിച്ചതിന് കർത്താവിന് നന്ദി പറഞ്ഞു പ്രാർത്ഥിച്ചു. ശേഷം പുതിയതായി സ്ഥാനമേറ്റ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സഭാപിതാക്കന്മാരുടെ നേതൃത്വത്തിൽ സഭയുടെ ഔദ്യോഗിക രേഖകളിൽ ഒപ്പ് വെച്ചു.

തുടർന്ന് നിയുക്ത രൂപതാ അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത്, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് കല്ലുവേലി, മാർ പോൾ ആലക്കാട്ട്, മാർ പോളി കണ്ണൂർക്കാടൻ എന്നിവർ സഹകാർമികരായിരുന്നു. സീറോ മലങ്കര സഭയുടെ പിതാവും തലവനുമായ കർദിനാൾ മോറാൻ മോർ ബസേലിയസ് മാർ ക്ലിമിസ് വചന സന്ദേശം നൽകി.

മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണ ചടങ്ങിനൊപ്പം വിരമിക്കുന്ന മാർ ജേക്കബ് മനത്തോടത്തിന് യാത്രയയപ്പും ഇന്ന് നൽകും. പൊതുസമ്മേളനം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

2020 ജനുവരി 15നാണ് രൂപതയുടെ സഹായമെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിതനായത്. രണ്ടു വർഷങ്ങൾക്കു ശേഷം 2022 ജനുവരി 15ന് സീറോ മലബാർ മെത്രാൻ സിനഡ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപതാധ്യക്ഷനായി തെരഞ്ഞെടുത്തു.

എളിമയുടെയും ലാളിത്യത്തിന്റെയും മുഖമാണു മാർ പീറ്റർ കൊച്ചുപുരയ്ക്കൽ. ഏറിയ കാലവും സേവനം പാലക്കാട്ട് തന്നെയായിരുന്നു. 1964ൽ പാലാ രൂപതയിലെ മരങ്ങോലിയിൽ നിരവം കൊച്ചുപുരയ്ക്കൽ പരേതരായ മാണി ആഗസ്തിയുടെയും ഏലിക്കുട്ടിയുടേയും മകനായി ജനിച്ചു. വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനർ സെമിനാരിയിൽ ചേർന്നു. 

കല്ലേപ്പുള്ളി മൈനർ സെമിനാരി റെക്ടർ, ജുഡീഷ്യൽ വികാരി , ചാൻസലർ, സെമിനാരികളുടെയും സമർപിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നീ നിലകളിൽ പ്രവർത്തിച്ചു. രൂപതയിലെ വൈദികർ, വിശ്വാസികൾ എന്നിവർക്കിടയിൽ ആഴത്തിലുള്ള ആത്മീയ ബന്ധം പിതാവിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.