അഗതികളാണോ അതിദരിദ്രര്‍? അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് വിദഗ്ധര്‍

അഗതികളാണോ അതിദരിദ്രര്‍? അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തെ ചോദ്യം ചെയ്ത് വിദഗ്ധര്‍

തിരുവനന്തപുരം: നവംബര്‍ ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളം എന്ന സര്‍ക്കാര്‍ അവകാശ വാദത്തെ ചോദ്യം ചെയ്ത് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവര്‍ത്തകരും. അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം.എ ഉമ്മന്‍, സിഡിഎസ് മുന്‍ ഡയറക്ടര്‍ ഡോ. കെ.പി കണ്ണന്‍, ആര്‍.വി.ജി മേനോന്‍ എന്നിവരുള്‍പ്പെടെ ഇത് സംബന്ധിച്ച് സര്‍ക്കാരിന് തുറന്ന കത്ത് അയച്ചു. അതിദരിദ്ര മുക്ത കേരളമാണോ അഗതിമുക്ത കേരളമാണോ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. ഇതിന്റെ വസ്തുതാപരമായ പിന്‍ബലമെന്തെന്നും കത്തില്‍ ആരായുന്നു.

മഞ്ഞക്കാര്‍ഡ് ഉടമകളായ ഏറ്റവും ദരിദ്രരായ 5.29 ലക്ഷം ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. കേന്ദ്രം സൗജന്യ വിലയ്ക്കാണ് ഇത് നല്‍കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 64,006 ആയി കുറഞ്ഞത്? ഇവരെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് കരകയറിയാല്‍ മഞ്ഞക്കാര്‍ഡ് ഉള്ള അന്ത്യോദയ അന്നയോജനയില്‍ ഗുണഭോക്താക്കള്‍ ഇല്ലാതെ വരില്ലേ? ഇപ്പോള്‍ അവര്‍ക്ക് ലഭിക്കുന്ന കേന്ദ്ര സഹായം അവസാനിക്കില്ലേ? എന്നിങ്ങനെ പോകുന്നു കത്തിലെ ചോദ്യങ്ങള്‍.

ഒരു വരുമാനവും ഇല്ലാത്തവര്‍, രണ്ട് നേരം ഭക്ഷണം കിട്ടാത്തവര്‍, റേഷന്‍ കിട്ടിയാലും പാചകം ചെയ്യാന്‍ കഴിയാത്തവര്‍, ആരോഗ്യ സ്ഥിതി മോശമായവര്‍ തുടങ്ങിയവരെയാണ് തദ്ദേശ വകുപ്പ് അതിദരിദ്രരായി കണക്കാക്കുന്നത്. അഗതികള്‍ എന്ന വിഭാഗത്തില്‍ വരുന്ന ഇവരെയാണോ സര്‍ക്കാര്‍ അതിദരിദ്രരെന്ന് വിളിക്കുന്നത്? 233 രൂപ മാത്രം ദിവസക്കൂലി കിട്ടുന്ന ആശവര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്ന വിവിധ സ്‌കീമുകളിലെ തൊഴിലാളികളും അതിദരിദ്രരല്ലേയെന്നും കത്തില്‍ ചോദിക്കുന്നു.

സെന്‍സസില്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന 1.16 ലക്ഷം ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ 4.58 ലക്ഷം ആദിവാസികളുണ്ട്. എന്നാല്‍ അതിദരിദ്രരുടെ പട്ടികയില്‍ ഇവരില്‍ നിന്ന് 6400 കുടുംബങ്ങള്‍ മാത്രമാണുള്ളത്. ശേഷിച്ചവരുടെ അതിദാരിദ്ര്യം ഇല്ലാതാവാന്‍ എന്ത് ഇന്ദ്രജാലമാണ് നടന്നതെന്നും അവര്‍ ചോദിക്കുന്നു. ഇതിനെല്ലാം ഉള്ള ഉത്തരം ലഭിക്കാനാന്ന് അതിദരിദ്രരെ നിര്‍ണയിച്ച മാനദണ്ഡങ്ങളും ആധികാരിക പഠന റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.