കാല്‍വിനിസ്റ്റുകളാല്‍ രക്തസാക്ഷിയായ സിഗ്മാറിഞ്ചെനിലെ വിശുദ്ധ ഫിഡെലിസ്

കാല്‍വിനിസ്റ്റുകളാല്‍ രക്തസാക്ഷിയായ സിഗ്മാറിഞ്ചെനിലെ വിശുദ്ധ ഫിഡെലിസ്

അനുദിന വിശുദ്ധര്‍ - ഏപ്രില്‍ 24

ര്‍മ്മനിയിലെ സിഗ്മാറിഞ്ചെനില്‍ 1577 ല്‍ ജോണ്‍ റേയുടെ മകനായി ജനിച്ച മാര്‍ക്കാണ് പിന്നിട് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന് ഫിഡെലിസ്  ആയത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫ്രീബോര്‍ഗ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തത്വശാസ്ത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുകയും വൈകാതെ നിയമത്തില്‍ ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു.

ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിലും കീറിയ ഒരു രോമകുപ്പായമായിരുന്നു ഫിഡെലിസ് ധരിച്ചിരുന്നത്. 1604 ല്‍ തന്റെ മൂന്ന് കൂട്ടുകാര്‍ക്കൊപ്പം യൂറോപ്പ് മുഴുവനും അദ്ദേഹം യാത്ര ചെയ്തു. ഈ യാത്രയില്‍ കഴിയുന്നത്ര ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ സമയം കണ്ടെത്തിയ വിശുദ്ധന്‍ എല്ലാ പട്ടണങ്ങളിലെ ആശുപത്രികളും ദേവാലയങ്ങളും സന്ദര്‍ശിക്കുമായിരുന്നു.

ദേശാടനത്തിനു ശേഷം അല്‍സേസിലെ കോള്‍മാറില്‍ അഭിഭാഷക വൃത്തി ആരംഭിച്ചു. നീതിയും നന്മയുമായിരുന്നു വിശുദ്ധന്റെ പ്രവര്‍ത്തികളുടെ ആധാരം. പാവപ്പെട്ടവരുടെ അഭിഭാഷകന്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ ജോലിയില്‍ പാപത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നതിനാല്‍ വിശുദ്ധന്‍ അതുപേക്ഷിച്ച് കപ്പൂച്ചിന്‍ ഫ്രിയാര്‍സിന്റെ സഭയില്‍ ചേരുവാന്‍ തീരുമാനിച്ചു.

1612 ല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാള്‍ ദിനം അദ്ദേഹം ഫ്രിബോര്‍ഗിലെ ആശ്രമത്തില്‍ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. സന്യാസ ജീവിതത്തില്‍ പ്രത്യേകമാം വിധം അദ്ദേഹം സന്തോഷം കണ്ടെത്തി. തനിക്കുണ്ടാവുന്ന പ്രലോഭനങ്ങളെ വിശുദ്ധന്‍ തന്റെ മേലധികാരിയുമായി പങ്ക് വെക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ അനുസരിച്ച് പ്രലോഭനങ്ങളെ കീഴടക്കുകയും ചെയ്തു.

ഇതിനിടെ തനിക്ക് ലഭിച്ച പൈതൃകസ്വത്ത് മുഴുവനും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി രൂപീകരിച്ചിട്ടുള്ള ഫണ്ടിലേക്ക് ദാനം ചെയ്തു. കൂടാതെ അവര്‍ക്ക് തന്റെ ലൈബ്രറിയും തുറന്നു നല്‍കി. ശേഷിച്ച തുക പാവങ്ങള്‍ക്ക് ദാനം ചെയ്തു. തുടര്‍ച്ചയായ പ്രാര്‍ത്ഥനയും ഉപവാസവും ജാഗരണ പ്രാര്‍ത്ഥനകളും അദ്ദേഹത്തെ കൂടുതല്‍ ബലപ്പെടുത്തി.

വളരെ പെട്ടെന്ന് തന്നെ വിശുദ്ധന്‍ തന്റെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വെല്‍റ്റ്കിര്‍ച്ചെന്‍ ആശ്രമത്തിലെ മേലധികാരിയായി നിയമിതനായി. ആ നഗരവും പരിസര പ്രദേശങ്ങളും അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ വഴി പൂര്‍ണമായും നവീകരിക്കപ്പെടുകയും നിരവധി മതവിരുദ്ധ വാദികള്‍ മാനസാന്തരപ്പെട്ട് വിശ്വാസത്തിലേക്ക് വരികയും ചെയ്തു.

അധികം താമസിയാതെ കാല്‍വിനിസ്റ്റുകളെ മതപരിവര്‍ത്തനം ചെയ്യുന്നതിനായി ഫിഡെലിസ് ഗ്രിസണ്‍സിലേക്ക് അയക്കപ്പെട്ടു. സഭയിലെ എട്ട് പുരോഹിതന്‍മാരും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങളില്‍ ആ പ്രദേശത്തെ കാല്‍വിനിസ്റ്റുകള്‍ രോഷാകുലരായി അദ്ദേഹത്തെ വധിക്കുവാന്‍ പദ്ധതിയിട്ടു. എന്നാല്‍ വിശുദ്ധന്‍ ഒരു രക്തസാക്ഷിയാകുന്നതിന് സന്നദ്ധനായിട്ടായിരുന്നു അവിടേക്ക് പോയത്.

റാല്‍ഫ് ഡി സാലിസ് എന്ന മാന്യനായ കാല്‍വിനിസ്റ്റ് ആയിരുന്നു ആദ്യം വിശ്വാസത്തിലേക്ക് വന്നത്. 1622 ലെ വെളിപാട് തിരുനാള്‍ ദിനം ഗ്രിസണ്‍സിലെ പ്രെറ്റിഗൌട്ട് എന്ന ചെറിയ ജില്ലയിലേക്ക് കൂടി അവരുടെ പ്രേഷിത ദൗത്യം വ്യാപിപ്പിച്ചു. ക്രമേണ നിരവധി ആളുകള്‍ വിശ്വാസ മാര്‍ഗത്തിലേക്ക് വന്നു.

ഗ്രൂച്ചില്‍ നിന്നും വിശുദ്ധന്‍ പിന്നീട് സെവിസിലേക്കാണ് പോയത്. അവിടത്തെ കത്തോലിക്കരോട് തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അവിടത്തെ ദേവാലയത്തില്‍ വെച്ച് ഒരു കാല്‍വിനിസ്റ്റ് വിശുദ്ധനു നേരെ വെടിയുതിര്‍ത്തെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു.

തിരിച്ച് ഗ്രൂച്ചിലേക്ക് വരുന്ന വഴി ഏതാണ്ട് 20 ഓളം കാല്‍വിനിസ്റ്റുകള്‍ അദ്ദേഹത്തെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ വിശുദ്ധന്റെ തലയോട് തകരുകയും വൈകാതെ അവിടെത്തന്നെ മരിച്ചു കിടന്നു മരിക്കുകയും ചെയ്തു. 1622 ല്‍ മരണമടയുമ്പോള്‍ ഫിഡേലിസിന് 45 വയസ് മാത്രമായിരുന്നു പ്രായം.

ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പാ 1729 ല്‍ ഫിഡെലിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അധികം വൈകാതെ വിശുദ്ധന്റെ പേരിലുള്ള മറ്റ് അത്ഭുതങ്ങള്‍ സ്ഥിരീകരിക്കപ്പെടുകയും തുടര്‍ന്ന് 1746 ല്‍ ബെനഡിക്ട് പതിനാലാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി ഉയര്‍ത്തുകയും ചെയ്തു. ഏപ്രില്‍ 24 നാണ് വിശുദ്ധന്റെ തിരുനാള്‍ ദിനമായി ആഘോഷിക്കുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റീംസിലെ ബോവ്

2. ഫ്രാന്‍സിലെ ഔത്തായില്‍

3. ബ്ലോയിസിലെ ദയോദാത്തൂസ്

4. ലിയോണ്‍സിലെ അലക്‌സാണ്ടറും കൂട്ടരും

5. വിശുദ്ധ ബോള്‍ഡറിക്കിന്റെ സഹോദര പുത്രി ഡോഡ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.