നിറുത്തലാക്കിയ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു; 22 എണ്ണം കൂടി റദ്ദാക്കി റെയില്‍വെ

നിറുത്തലാക്കിയ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു; 22 എണ്ണം കൂടി റദ്ദാക്കി റെയില്‍വെ

റായ്പൂര്‍: നിറുത്തലാക്കിയ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ഉള്ളതു കൂടി റദ്ദാക്കി റെയില്‍വെ. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സംസ്ഥാനത്തിനാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. അടുത്തിടെ റദ്ദാക്കിയ പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാനത്ത് നിന്ന് യാത്ര തുടങ്ങുന്നതും പ്രദേശത്തുകൂടി കടന്നു പോകുന്നതുമായ 22 ട്രെയിനുകള്‍ കൂടി നിറുത്തലാക്കുകയാണ് റെയില്‍വെ ചെയ്തത്.

ഈ മാസം ആദ്യമാണ് സംസ്ഥാനത്തെ യാത്രക്കാരെ വലച്ചുകൊണ്ട് 10 പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ താല്‍കാലികമായി റദ്ദാക്കിയത്. ഇതില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നവരാത്രി ആഘോഷത്തിന്റെ തലേന്നാണ് റെയില്‍വെ ട്രെയിനുകള്‍ നിറുത്തലാക്കിയത്. ഇത് ഉത്സവകാലത്തെ ഭക്തരായ യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിലാഴ്ത്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇപ്പോള്‍ 22 എണ്ണം കൂടി നിറുത്തലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ മുഴുവന്‍ യാത്രക്കാരെയും വീണ്ടും ദുരിതത്തിലാഴ്ത്തുന്നതാണ് റെയില്‍വേയുടെ ഈ നടപടിയെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത് സാഹു ഏപ്രില്‍ അഞ്ചിന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാനുമായും ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫീസറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ബോര്‍ഡ് അഭ്യര്‍ത്ഥനയ്ക്ക് ചെവി കൊടുത്തില്ല. ഇതിന് പകരം ഒരു ഡസനോളം വരുന്ന ദീര്‍ഘദൂര മെയില്‍, എക്‌സ്പ്രസ് എന്നിവ ഉള്‍പ്പടെ 22 ട്രെയിനുകള്‍ കൂടി റദ്ദാക്കുകയായിരുന്നു.

റദ്ദാക്കിയവയില്‍ ആറെണ്ണം ഛത്തീസ്ഗഡ് സംസ്ഥാനത്തു നിന്ന് പുറപ്പെടുന്നവയായിരുന്നു. ഈ നടപടി തീര്‍ത്തും ജനവിരുദ്ധമാണെന്ന് മുഖ്യമന്ത്രി ബാഗേല്‍ പറഞ്ഞു. ഏപ്രില്‍ 24 മുതല്‍ 22 ട്രെയിനുകള്‍ റദ്ദാക്കിയുള്ള ഓര്‍ഡര്‍ റെയില്‍വേ ബോര്‍ഡില്‍ നിന്ന് ലഭിച്ചുവെന്നും എന്നാല്‍ കാരണം വ്യക്തമാക്കിയിട്ടില്ലെന്നുമാണ് വടക്ക് കിഴക്കന്‍ സെന്‍ട്രല്‍ റെയില്‍വെ (എസ്ഇസിആര്‍) സോണ്‍ പിആര്‍ഒ സാകേത് രഞ്ജന്‍ പ്രതികരിച്ചത്.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രിയ പകപോക്കലാണ് ഇതെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.