എ.കെ ആന്റണി ഡല്‍ഹി വിടുന്നു; ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും

എ.കെ ആന്റണി ഡല്‍ഹി വിടുന്നു;  ഇനി കേരളത്തില്‍ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.

തന്റെ പ്രവര്‍ത്തന മേഖല ഇനി തിരുവനന്തപുരത്ത് ഇന്ദിരാഭവന്‍ കേന്ദ്രീകരിച്ചായിരിക്കുമെന്നും തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ആന്റണിയല്ല താനിന്ന്. 81 വയസ് കഴിഞ്ഞു. കാലം ഏത് മനുഷ്യന്റെയും വേഗത കുറയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു തവണ കോവിഡ് പിടിപ്പെട്ടു. രണ്ടാമത്തെ കോവിഡിന് ശേഷം കുറച്ച് ക്ഷീണമുണ്ട്. മൂന്നു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വലിയ തിരക്ക് ആഗ്രഹിക്കുന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

ഭാവിയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയോടും സഹപ്രവര്‍ത്തകരോടും കൂടിയാലോചിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ 20 വര്‍ഷമായിട്ട് കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കേരളത്തിലായിരിക്കും ഇനി പ്രവര്‍ത്തിക്കുക.

എഐസിസി പദവികള്‍ ആര്‍ക്കും സ്ഥിരമല്ല. ഇന്ദിര ഗാന്ധിയുടെ കാലം മുതല്‍ താന്‍ പ്രവര്‍ത്തക സമിതിയംഗമാണ്. 13 സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇന്ദിര മുതല്‍ മാറിവന്ന എല്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഇതിനപ്പുറം ആഗ്രഹിക്കുന്നത് ശരിയാണോ എന്നും ആന്റണി ചോദിച്ചു.

എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോള്‍ ഒഴിയണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. തന്നെ ഒരു സ്ഥാനത്ത് നിന്നും ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങി പോകണമെന്ന് തോന്നിയപ്പോള്‍ സ്വയം മാറുകയാണ് ചെയ്തത്. മനസാക്ഷി പറയുന്നതാണ് എന്റെ അവസാനം തീരുമാനമെന്നും ആന്റണി ചൂണ്ടിക്കാട്ടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.