യുപിയില്‍ മത കേന്ദ്രങ്ങളിലെ 6000ലധികം ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു; കൂടുതല്‍ നീക്കം ചെയ്തത് മോഡിയുടെ മണ്ഡലത്തില്‍

യുപിയില്‍ മത കേന്ദ്രങ്ങളിലെ 6000ലധികം ഉച്ചഭാഷിണികള്‍ നീക്കം ചെയ്തു; കൂടുതല്‍ നീക്കം ചെയ്തത് മോഡിയുടെ മണ്ഡലത്തില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ആരാധനാലയങ്ങളിലെ 6,000ലധികം ഉച്ചഭാഷിണികള്‍ മത കേന്ദ്രങ്ങളില്‍ നിന്ന് നീക്കം ചെയ്തു. ഉച്ചഭാഷിണികളുടെ ഉപയോഗം പരിശോധിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. മുപ്പതിനായിരത്തോളം ലൗഡ്‌സ്പീക്കറുകളുടെ ശബ്ദം കുറച്ച് അനുവദനീയമായ പരിധിയിലേക്ക് മാറ്റുകയും ചെയ്തു.

കൂടുതല്‍ ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്തത് പ്രധാന മന്ത്രി മോഡിയുടെ മണ്ഡലമായ വാരണാസിയിലാണ്. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കഴിഞ്ഞയാഴ്ച നടന്ന ക്രമസമാധാന അവലോകന യോഗത്തില്‍ ജനങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ച് മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.

ബുധനാഴ്ച ഉച്ചവരെ 6,031 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യുകയും 29,674 ഉച്ചഭാഷിണികളുടെ വോളിയം അനുവദനീയമായ പരിധിക്കുള്ളില്‍ സജ്ജമാക്കുകയും ചെയ്തതായി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഒഫ് പൊലീസ് പ്രശാന്ത് കുമാര്‍ പറഞ്ഞു. വാരണാസിയില്‍ നിന്നും 1,366 ഉച്ചഭാഷിണികളാണ് നീക്കം ചെയ്തത്. മീററ്റ് (1,215), ബറേലി (1,070), കാണ്‍പൂര്‍ (1,056) എന്നിവിടങ്ങളില്‍ നിന്നും അനധികൃത ഉച്ചഭാഷിണികള്‍ മാറ്റി.

ക്ഷേത്രങ്ങള്‍, മോസ്‌ക്കുകള്‍, ഗുരുദ്വാരകള്‍, പള്ളികള്‍, വിവാഹ മണ്ഡപങ്ങള്‍ എന്നിവയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് യുപി ആഭ്യന്തര വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.