സിഡ്നി: പ്രായമായവരിലേ ഹൃദയാഘാതം പോലുള്ള രോഗാവസ്ഥകള്‍ ഉണ്ടാകാന്‍ ഇടയുള്ളൂ എന്ന പൊതുധാരണ, അടുത്തകാലത്തെ ചില സംഭവ വികാസങ്ങളോടെ മാറിയിട്ടുണ്ട്. ആര്‍ക്കും ഏതു പ്രായത്തിലും എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായേക്കാം. നിരന്തരം വ്യായാമം ചെയ്യുന്നവരുള്‍പ്പടെ കായിക താരങ്ങള്‍ വരെ ചെറുപ്രായത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്ന വാര്‍ത്തകള്‍ ഇന്ന് നിത്യ സംഭവമാണ്. ഇവയുടെ യഥാര്‍ഥ കാരണങ്ങളിലേക്കുള്ള അന്വേഷണത്തിലാണ് ആരോഗ്യ വിദഗ്ധര്‍.
പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസാധാരണമായ കൊളസ്‌ട്രോള്‍, പ്രമേഹം, അമിതഭാരം അല്ലെങ്കില്‍ ശാരീരികമായി നിഷ്‌ക്രിയത്വം എന്നിവ ഹൃദയാഘാത സാധ്യതകളായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇവയെ മാത്രം വിലയിരുത്തി ഹൃദ്രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അപര്യാപ്തതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ മിനിറ്റില്‍ മൂന്ന് പേര്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ട്. യുഎസിലാകട്ടെ 45 സെക്കന്റില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നു. ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 54 ശതമാനത്തിലേറെയായി വര്‍ദ്ധിച്ചു. പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മധ്യവയസ്‌കരിലാണ് ഹൃദ്രോഗങ്ങളും ഹൃദയാഘാതങ്ങളും കൂടുതലായി കണ്ടുവരുന്നത് എന്നാണ്.
45 വയസുള്ളവരില്‍ പോലും ഹൃദയാരോഗ്യ പരിശോധനകള്‍ ഇപ്പോള്‍ വ്യാപകമാണെന്ന് കാര്‍ഡിയാക് സൊസൈറ്റി ഓഫ് ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും പ്രസിഡന്റ് ക്ലാര ചൗ പറയുന്നു. ''ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മാന്ത്രിക സംഖ്യകളൊന്നുമില്ല, ഹൃദയാഘാതം ഏതുപ്രായത്തിലും സംഭവിക്കാം. ഓസ്‌ട്രേലിയയില്‍ ശരാശരി 52 വയസിലുള്ളവരില്‍ ഹൃദയാഘാത സാധ്യത കണ്ടുവരുന്നു''. ക്ലാര ചൗ പറയുന്നു.
ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ തായ് ദ്വീപായ കോ സാമുയിയില്‍ അവധി ആഘോഷിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍ പ്രായം 52 വയസായിരുന്നു. ആറ് ദിവസത്തിന് ശേഷം, വിക്ടോറിയന്‍ ലേബര്‍ സെനറ്റര്‍ കിംബര്‍ലി കിച്ചിംഗ് ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി കാര്‍ സ്വയം ഡ്രൈവ് ചെയ്തു പോകുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. 52 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. അതിനും രണ്ട് ദിവസത്തിനു ശേഷം, മുന്‍ എസെന്‍ഡണ്‍ പ്രീമിയര്‍ഷിപ്പ് താരം ഡീന്‍ വാലിസിന് (52) ഹൃദയാഘാതം ഉണ്ടായി. ജീവന്‍ രക്ഷിക്കാനായെങ്കിലും ഇപ്പഴും ചികിത്സയിലാണ്.
ഏപ്രില്‍ 19 ന്, ഓസ്ട്രേലിയയുടെ മുന്‍ ഏകദിന വിക്കറ്റ് കീപ്പര്‍ റയാന്‍ കാംബെല്ലിന് തന്റെ കുട്ടികളുമായി കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു. 50 കാരനായ ഇദ്ദേഹം ഏകദേശം ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. രോഗാവസ്ഥയില്‍ കാര്യമായ മാറ്റമില്ലാത്തതിനാല്‍ ഇപ്പഴയും ആശുപത്രിയില്‍ തുടരുകയാണ്.
ഹാര്‍ട്ട്അറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുപോലെ ഹാര്‍ട്ട്അറ്റാക്കുണ്ടാകുന്ന 40-50 ശതമാനത്തോളം രോഗികള്‍ക്കും സാധാരണ ആപത്ഘടകങ്ങള്‍ ഉണ്ടാകണമെന്നില്ല. ഹാര്‍ട്ട്അറ്റാക്കുണ്ടായ 695 രോഗികളെ ഉള്‍പ്പെടുത്തി സിഡ്‌നി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തില്‍ 132 പേര്‍ക്ക് യാതൊരു ആപത്ഘടകങ്ങളും ഉണ്ടായിരുന്നില്ല.
സൈലന്റ് ഹാര്‍ട്ട്അറ്റാക്ക്
ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാത്ത അവസ്ഥയാണ് നിശബ്ദ ഹാര്‍ട്ട് അറ്റാക്ക്. നെഞ്ചുവേദനയ്ക്കുപകരം ചിലരില്‍ ഓക്കാനം, ദഹനപ്രശ്‌നങ്ങള്‍, ഗ്യാസ്, തളര്‍ച്ച തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. പ്രമേഹരോഗികളില്‍ 21 ശതമാനവും സൈലന്‍ഡ് ഹാര്‍ട്ട്അറ്റാക്കിന് സാധ്യതയുള്ളവരാണ്. ശാരീരിക ഫിറ്റ്നസ് ഉള്ളവരില്‍ പെട്ടെന്നുണ്ടാകുന്ന അറ്റാക്കിന്റെ തോത് 11 ല്‍ നിന്ന് 27 ശതമാനമായി ഉയര്‍ന്നെന്നും സിഡ്നി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണം സ്ഥിരീകരിക്കുന്നു.
ബ്ലോക്കില്ലെങ്കിലും ഹാര്‍ട്ട്അറ്റാക്ക്
ഹൃദയധമനികളില്‍കാര്യമായ ബ്ലോക്കില്ലാതെയും ഹൃദയാഘാതമുണ്ടാകാം. 5-6 ശതമാനം ആള്‍ക്കാരിലാണ് ഇപ്രകാരം അറ്റാക്കുണ്ടാകുന്നത്. ഇവരിലധികവും പ്രായം തീരെ കുറഞ്ഞവരാണ്. ധമനികളിലെ കൊഴുപ്പുനിക്ഷേപങ്ങള്‍, ധമനി ചുരുങ്ങല്‍, ധമനി വിണ്ടുകീറുന്ന അവസ്ഥ, ചെറിയ രക്തക്കട്ടകള്‍ കൊറോണറികളെ അടയ്ക്കുന്ന അവസ്ഥ എന്നിവയാണ് ഇത്തരത്തിലുള്ള ഹൃദയാഘാതങ്ങള്‍ക്ക് കാരണം. ഇത്തരം രോഗികളില്‍ ആന്‍ജിയോഗ്രാഫി ചെയ്താല്‍ 50 ശതമാനത്തില്‍ കുറഞ്ഞ അപ്രധാന ബ്ലോക്കുകള്‍ മാത്രമേ കാണുകയുള്ളൂ.
നോര്‍മല്‍ കൊളസ്‌ട്രോളിലും ഹാര്‍ട്ട്അറ്റാക്ക്
ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നവരില്‍ 40-50 ശതമാനംപേരിലും കോളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു വസ്തുത. ഹൃദ്രോഗം തടയാനും അത് വീണ്ടും വരുന്നത് പ്രതിരോധിക്കാനും രക്തത്തിലെ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ പരമാവധി കുറയ്ക്കാനാണ് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കുന്നത്. ഹൃദയാഘാതം വന്നവരില്‍ എല്‍.ഡി.എല്‍ 39 മില്ലിഗ്രാം കുറച്ചപ്പോള്‍ വീണ്ടും ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 22 ശതമാനമായി കുറഞ്ഞു. അതുപോലെ മരണനിരക്ക് 14 ശതമാനം കുറഞ്ഞു.
ഹൈവ്‌സ്, പെറ്റ്, എം.ഡി.സി.ടി. എന്നീ പരിശോധനകള്‍കൊണ്ട് കരോട്ടിഡ് ധമനിയുടെയും (കരോട്ടിഡ് ഡോപല്‍) ഹൃദയത്തിലെ കൊറോണറികളുടെയും ഘടനാവ്യതിയാനങ്ങളും കാത്സ്യം സ്‌കോറും നിരീക്ഷിക്കാം. അതുവഴി ഭാവിയില്‍ ഹാര്‍ട്ട്അറ്റാക്കും ഹൃദയപരാജയവും പെട്ടെന്നുള്ള മരണം ഉണ്ടാകാനുള്ള സാധ്യത ഏറെ സൂക്ഷ്മതയോടെ വിലയിരുത്താന്‍ പറ്റുമെന്ന് എറണാകുളം ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ.ജോര്‍ജ് തയ്യില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.