വ്യോമ, നാവിക സേനകളോടൊപ്പം ചേര്‍ന്ന് നിന്ന് ഏത് വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടും: ജനറല്‍ മനോജ് പാണ്ഡെ

വ്യോമ, നാവിക സേനകളോടൊപ്പം ചേര്‍ന്ന് നിന്ന് ഏത് വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടും: ജനറല്‍ മനോജ് പാണ്ഡെ

ന്യൂഡല്‍ഹി: സേനയുടെ നവീകരണത്തിനും പരിവര്‍ത്തനത്തിനും പ്രധാന്യം നല്‍കുമെന്നും അതുവഴി പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനാകുമെന്നും പുതിയ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.

സേനകള്‍ സ്വാശ്രയത്വം കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. വ്യോമ, നാവിക സേനകളോടൊപ്പം ചേര്‍ന്ന് നിന്ന് ഏത് വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ബഹുവിധത്തിലുള്ള വെല്ലുവിളികള്‍ നമ്മുടെ മുന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം സംസരിക്കുകയായിരുന്നു അദ്ദേഹം. വ്യോമസേന ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, നാവിക സേന മേധാവി ചീഫ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍ എന്നിവരും ഗാര്‍ഡ് ഓഫ് ഓണറില്‍ പങ്കെടുത്തു.

വ്യോമ, നാവിക സേനകളുമായി കരസേനയെ ഏകോപിപ്പിച്ച്‌ രാജ്യം നേരിടുന്ന എല്ലാ സുരക്ഷാ വെല്ലുവിളികളെയും ഫലപ്രദമായി നേരിടും. സേനകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലും ആധുനികവത്കരണത്തിനുമായി സ്വദേശിവത്കരണത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയും വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താനായിരിക്കും ശ്രമം.

രാജ്യത്തെ മറ്റ് സേവനങ്ങളിലും ക്രിയാത്മകമായ സംഭാവന നല്‍കാനായി സൈന്യം സജീവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് തന്റെ പ്രഥമ പരിഗണനയുണ്ടാകും. ഇതിനായി മുന്‍ഗാമികളുടെ നല്ല പ്രവര്‍ത്തന മാതൃക പിന്തുടരുമെന്നും ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.