ചിലരങ്ങനെയാണ്.... ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് വലിയ സന്ദേശങ്ങള്‍ പകരും. ചെറിയ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മുന്നില്‍ പതറുന്നവര്‍ക്ക് ഇത്തരക്കാര്‍ നല്‍കുന്ന കരുത്തും ചെറുതല്ല. അനേകര്‍ക്ക് കരുത്തും പ്രചോദനവും പകരുന്ന ഒരു ജീവിതമാണ് കര്‍ണേല്‍ സിങ് എന്ന കര്‍ഷകന്റേത്.
വലിയൊരു അപകടം ശരീരത്തെ തളര്‍ത്തിയപ്പോഴും വിധിയെ പഴിചാരാതെ അദ്ദേഹം ജീവിക്കുന്നു നന്മയുടെ പ്രതീക്ഷയും അതിജീവനത്തിന്റെ വെളിച്ചവും പകര്‍ന്നുകൊണ്ട്. ആത്മവിശ്വാസംകൊണ്ട് അപകടത്തെ തോല്‍പിച്ച വ്യക്തിയാണ് ഈ കര്‍ഷകന്‍. വര്‍ഷങ്ങളായുള്ള കര്‍ഷക പാരമ്പര്യമുണ്ട് ഇദ്ദേഹത്തിന്. ചെറുപ്പത്തില്‍ പിതാവിനൊപ്പം കൃഷിയില്‍ കര്‍ണേല്‍ സിങ് ഒപ്പം ചേര്‍ന്നു. പെയിന്റിങ് ഇഷ്ടമായിരുന്നുവെങ്കിലും മികച്ച ഒരു കര്‍ഷകനാകണമെന്നതായിരുന്നു കുട്ടിക്കാലം മുതല്‍ക്കേയുള്ള ഇദ്ദേഹത്തിന്റെ ആഗ്രഹവും. അങ്ങനെയാണ് അദ്ദേഹം പൂര്‍ണ്ണമായും കൃഷിയിലേക്ക് ഇറങ്ങിയതും.

ബാസി ഗുലാം ഗ്രാമത്തിലാണ് കര്‍ണേല്‍ സിങ്ങിന്റെ താമസം. അങ്ങനെയിരിക്കെ 2018- മെയ്മാസത്തിലെ ഒരു ദിവസം. തന്റെ ഫാമില്‍ വിളയിച്ചെടുത്ത പച്ചക്കറികള്‍ വില്‍പന നടത്തിയ ശേഷം ഇരുചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. ആ യാത്രയ്ക്കിടയില്‍ വഴിയരികിലെ മരത്തില്‍ നിന്നും ഒരു കൂറ്റന്‍ ശിഖിരം ഒടിഞ്ഞ് കര്‍ണേല്‍ സിങ്ങിന്റെ ദേഹത്തേക്ക് വീണു. വീഴ്ചയില്‍ വണ്ടി മറിഞ്ഞ് അതും അദ്ദേഹത്തിന്റെ മുകളിലായി. കൈകളുപയോഗിച്ച് ഭാരം മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചില്ല. ആ അപകടത്തില്‍ അരക്ക് താഴോട്ട് എഴുപതു ശതമാനവും തളര്‍ന്നു പോയി.
സിങ് ബാറ്ററി ഘടിപ്പിച്ച ഒരു ട്രൈ സൈക്കിളിലാണ് നിലവില്‍ ഈ കര്‍ഷകന്റെ ജീവിതം. മണ്ണില്‍ ഇറങ്ങി പണി ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും ഇദ്ദേഹം മണിക്കൂറുകളോളം തന്റെ കൃഷിയിടത്തില്‍ ചിലവഴിക്കുന്നു. വിത്തിടലും വിളകളുടെ പരിചരണവുമൊക്കയാണ് അദ്ദേഹം പ്രധാനമായും ചെയ്യുന്നത്. മറ്റു കര്‍ഷകര്‍ക്ക് ക്ലാസുകളും നല്‍കുന്നു. ജൈവ വളമുപയോഗിച്ചാണ് കര്‍ണേല്‍ സിങിന്റെ കൃഷി രീതി. അതും പ്രകൃതിയോട് ഇണങ്ങിയ തരത്തില്‍.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.